ആരും കൊതിക്കുന്ന സ്മാർട്ട്ഫോൺ! ഐക്യൂ നിയോ 9 പ്രോ ഇന്ന് മുതൽ ബുക്ക് ചെയ്യാം, വില ഇതാ
ഇന്ത്യയിലെ യുവാക്കളായ സ്മാർട്ട്ഫോൺ ആരാധകർ കാത്തിരിക്കുന്ന ഐക്യൂ നിയോ 9 പ്രോയുടെ പ്രീ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചു. ആമസോൺ, ഐക്യൂവിന്റെ (iQOO) ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റ് എന്നിവിടങ്ങളിൽനിന്ന് ആരാധകർക്ക് ഈ കിടിലൻ സ്മാർട്ട്ഫോൺ ഇന്ന് മുതൽ ബുക്ക് ചെയ്യാം. ഫെബ്രുവരി 22നാണ് ഇതിന്റെ ലോഞ്ച്.
പെർഫോമൻസിന് പേര് കേട്ടവയാണ് ഐക്യൂ ഫോണുകൾ. ഡിസംബറിൽ ഐക്യൂവിന്റെ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 12 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. അതിന് പിന്നാലെ ഇന്ത്യയിൽ ഐക്യൂ നടത്തുന്ന സുപ്രധാന ലോഞ്ച് ആണ് ഐക്യൂ നിയോ 9 പ്രോ. ഇന്ത്യയിൽ നിയോ-7 പ്രോയുടെ പിൻഗാമിയായിട്ടാണ് 9 പ്രോ എത്തുന്നത്.

ഐക്യൂ നിയോ 9 സീരീസ് ഇതിനകം തന്നെ ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടതാണ്. രണ്ട് സ്മാർട്ട്ഫോണുകളാണ് ചൈനയിൽ അവതരിപ്പിച്ച ഐക്യൂ നിയോ 9 സീരീസിൽ ഉണ്ടായിരുന്നത്. ഐക്യൂ നിയോ 9, ഐക്യൂ നിയോ 9 പ്രോ എന്നിവയായിരുന്നു അവ. ഇതിൽ പ്രോ മോഡൽ മാത്രമാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
ഐക്യൂ നിയോ 9 പ്രോ ഫെബ്രുവരി 22 ന് ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചെങ്കിലും ഇന്ത്യയിലെ വില അടക്കമുള്ള കാര്യങ്ങൾ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ പ്രീ ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് ടിപ്‌സ്റ്റർ മുകുൾ ശർമ്മ (@സ്റ്റഫ്‌ലിസ്റ്റിംഗ്സ്) ട്വിറ്ററിലൂടെ (ഇപ്പോൾ X) ഐക്യൂ നിയോ 9 പ്രോയുടെ ഒരു വേരിയന്റിന്റെ വില വെളിപ്പെടുത്തി.

ഐക്യൂ നിയോ 9 പ്രോയുടെ 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 37,999 രൂപയ്ക്ക് ആയിരിക്കും ലോഞ്ച് ചെയ്യുകയെന്ന് മുകുൾ ശർമ്മ സ്ക്രീൻഷോട്ട് സഹിതം വെളിപ്പെടുത്തി. വില മാത്രമല്ല, അതിന് ലഭിക്കുന്ന ഡിസ്കൗണ്ടിനെക്കുറിച്ചും ടിപ്സ്റ്റർ പറയുന്നുണ്ട്. 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ സ്മാർട്ട്ഫോണിന് ലഭ്യമാകുമെന്നാണ് വെളിപ്പെടുത്തൽ.
ടിപ്‌സ്റ്റർ മുകുൾ ശർമ്മയുടെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ ഐക്യൂ നിയോ 9 പ്രോയുടെ 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 34,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. ഐക്യൂ നിയോ 9 പ്രോയിലെ ഫീച്ചറുകൾ പരിഗണിക്കുമ്പോൾ ഇതൊരു മികച്ച ഡീൽ ആണ്.
അതേസമയം നിയോ 9 പ്രോയുടെ രണ്ടാമത്തെ കോൺഫിഗറേഷനായ 12GB + 256GB വേരിയൻ്റിൻ്റെ വില പുറത്തുവന്നിട്ടില്ല. 40000 രൂപയിൽ താഴെയായിരിക്കും ഇതിന്റെ വില എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഐക്യൂ നിയോ 9 പ്രോ പ്രീ ബുക്ക് ചെയ്യാൻ ഉപയോക്താക്കൾ വെറും 1000 രൂപ മുടക്കിയാൽ മതി.

ഐക്യൂ ഇന്ത്യ വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും പ്രീബുക്ക് ചെയ്യാം. പ്രീ ബുക്കിനായി നൽകുന്ന 1000 രൂപ റീഫണ്ടബിളാണ്. ഫോൺ വാങ്ങുന്നവർക്ക് അന്തിമ വിലയിൽ 1000 രൂപ കുറയും. ഗ്ലോസി ഫിനിഷുള്ള കോൺക്വറർ ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫോക്‌സ് ലെതർ ബാക്ക് പാനലുള്ള ഫിയറി റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ നിയോ 9 പ്രോ ലഭ്യമാകും.
മികച്ച ഗെയിമിങ് എക്സ്പീരിയൻസ് നൽകാൻ മെച്ചപ്പെടുത്തിയ സൂപ്പർകമ്പ്യൂട്ടിംഗ് Q1 ചിപ്പുമായിട്ടാണ് നിയോ 9 പ്രോ എത്തുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്. 144Hz പുതുക്കൽ നിരക്കും 3,000 nits പീക്ക് തെളിച്ചവുമുള്ള 6.78-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയും ഇതിലുണ്ട്.

ഐക്യൂ പുതിയ നിയോ 9 പ്രോയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. f/1.88 അപ്പേർച്ചർ ഉള്ള 50MP IMX920 VCS ബയോണിക് ക്യാമറയ്ക്കൊപ്പം 50MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. ഫ്രണ്ട് ക്യാമറ 16MP ആയിരിക്കും. 120W വരെ വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,160mAh ബാറ്ററിയും ഉണ്ടാകും.


Click it and Unblock the Notifications








