22+2=24 = ഐക്യൂ നിയോ 9 പ്രോ ഇന്ത്യ! ലെജൻഡ്സിന് 'കലങ്ങും', മനസിലാകാത്തവർക്കായി ഉള്ളിൽ ചിത്രമുണ്ട്
കൃത്യമായ കണക്കുകൂട്ടലുകളുമായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഇന്ത്യയിൽ പുതിയൊരു ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നു. അടുത്തിടെ ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ നിയോ 9 സീരീസിലെ സ്മാർട്ട്ഫോണുകളിലൊന്നായ ഐക്യൂ നിയോ 9 പ്രോ (iQOO Neo 9 Pro) ആണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്.
ഐക്യൂ നിയോ 9, ഐക്യൂ നിയോ 9 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ചൈനയിൽ നിയോ 9 സീരീസിൽ ഐക്യൂ ലോഞ്ച് ചെയ്തത്. ഇതിൽ പ്രോ മോഡൽ മാത്രമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്റ്റാൻഡേർഡ് മോഡൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഐക്യൂ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ഐക്യൂ നിയോ 9 പ്രോ 22- 2- 24 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഐക്യൂ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. അഥവാ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഉടൻ അവതരിപ്പിച്ചേക്കില്ല എന്നാണ് സ്മാർട്ട്ഫോൺ വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്.
ഐക്യൂ നിയോ 9 പ്രോയുടെ വരവ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്നിരിക്കുകയാണ്. മികച്ച പെർഫോമൻസും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നവയാണ് ഐക്യൂ ഫോണുകൾ. ഗെയിമിങ് ആരാധകരിൽ പലരും ഐക്യൂവിന്റെയും ആരാധകരാണ്. എല്ലാത്തരം ഉപയോഗങ്ങൾക്കും അനുയോജ്യമായ ഒരു ഓൾറൗണ്ടർ സ്മാർട്ട്ഫോൺ ആണ് ഐക്യൂ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്.

ഇതിനകം ചൈനയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണെങ്കിലും ഇന്ത്യയിൽ എത്തുന്ന ഐക്യൂ നിയോ 9 പ്രോയ്ക്ക് ചൈനയിൽ പുറത്തിറങ്ങിയ മോഡലിൽ നിന്ന് ചില വ്യത്യാസങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഐക്യൂ നിയോ 9 പ്രോയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് ഇതാ:
അഡ്രിനോ ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിൽ ഉണ്ടാകുക. 2800×1260 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, സെൽഫി സ്‌നാപ്പറിനായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് കസ്റ്റം സ്കിന്നുമായാണ് ഈ ഐക്യൂ ഫോൺ എത്തുന്നത്. 12GB/16GB LPDDR5X റാമും 256GB/ 512GB/ 1TB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ എന്നിവയും ഇതിലുണ്ട്.

ക്യാമറ മികവിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ഐക്യൂ പുതിയ നിയോ 9 പ്രോയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. f/1.88 അപ്പേർച്ചർ ഉള്ള 50MP IMX920 VCS ബയോണിക് ക്യാമറ, 50MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവയാണ് ഇതിലുള്ളത്. സെൽഫികൾക്കായി ഫ്രണ്ടിൽ 16MP ക്യാമറയും ഉണ്ട്.
120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,160mAh ബാറ്ററിയാണ് ഈ 5ജി ഫോണിൽ ഐക്യൂ നൽകിയിരിക്കുന്നത്. മികച്ച ഫീച്ചറുകൾക്ക് പുറമേ ആകർഷകമായ ഡിസൈനും കളറും ഈ ഐക്യൂ ഫോണിനെ കൂടുതൽ മനോഹരമാക്കുന്നു. ഡ്യുവൽ-ടോൺ ഡിസൈൻ ആണ് ഐക്യൂ നിയോ 9 പ്രോയ്ക്ക് ഉള്ളത്.

ടീസറിൽ ചുവപ്പ്/ചാര ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് ഐക്യൂ നിയോ 9 പ്രോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കൂടാതെ ഐക്യൂ ഈ ഫോണിന് ഒരു ലെതർ ഫിനിഷ് നൽകിയിരിക്കുന്നതായി ചിത്രം സൂചിപ്പിക്കുന്നു. ഇത് മികച്ച ഗ്രിപ്പ് നൽകുകയും ഫോണിന്റെ മൊത്തത്തിലുള്ള സൗന്ദര്യം കൂട്ടുകയും ചെയ്യുന്നുണ്ട്.
ഐക്യൂ നിയോ 9 പ്രോയുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇത് ലോഞ്ചിന് ശേഷം മാത്രമേ വെളിപ്പടുത്താൻ സാധ്യതയുള്ളൂ. ലോഞ്ചിന് ഒരു മാസത്തിലേറെ സമയം ഉള്ളതിനാൽ ലോഞ്ചിനോട് അടുത്ത തീയിതകളിൽ വെളിപ്പെടുത്താനും സാധ്യതയുണ്ട്. ഏകദേശം 40,000 രൂപ പ്രൈസ് റേഞ്ചിൽ നിയോ 9 പ്രോ ഇന്ത്യയിൽ ലഭ്യമായേക്കും, ആമസോൺ വഴി വാങ്ങാം.


Click it and Unblock the Notifications








