രണ്ടിലൊന്ന് വാങ്ങിപ്പിച്ചേ അടങ്ങൂ! മനം കവരും കരുത്തുമായി ഐക്യൂ നിയോ 9 സീരീസ് എത്തുന്നു! ലോഞ്ച് തീയതി
ഇന്ത്യയിലെ യുവതലമുറയുടെ, പ്രത്യേകിച്ച് ഗെയിമിങ് ആരാധകരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. നിലവിലുള്ളതിൽ ഏറ്റവും കരുത്തൻ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 സഹിതം ഐക്യൂ 12 ഇന്ത്യയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം വെല്ലുവിളി ഉയർത്തുന്നത്ര കുറഞ്ഞ വിലയിലാണ് ഐക്യൂ 12 ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത്.
ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഒരു സ്മാർട്ട്ഫോൺ ഇത്രയും മാന്യമായ നിരക്കിൽ അവതരിപ്പിച്ച ഐക്യൂ പുതിയൊരു സ്മാർട്ട്ഫോൺ സീരീസുമായി വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുന്നു. നിയോ സീരീസിലെ ഏറ്റവും പുതിയ ചുണക്കുട്ടികളായി ഐക്യൂ നിയോ 9 സീരീസ് ഡിസംബർ 27ന് ചൈനയിൽ ലോഞ്ച് ചെയ്യും.

ഐക്യൂ നിയോ 9(iQOO Neo9), ഐക്യൂ നിയോ 9 പ്രോ (iQOO Neo9 Pro) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഐക്യൂ നിയോ 9 സീരീസിൽ ( iQOO Neo 9 series) അവതരിപ്പിക്കുക. ഈ ഫോണുകളുടെ ലോഞ്ച് തീയതിയും ചിപ്സെറ്റ് അടക്കമുള്ള വിവരങ്ങളും കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
പുതിയ നിയോ 9 സീരീസിനൊപ്പം ഐക്യൂ ടിഡബ്ലുഎസ് ഇയർബഡ്സും ഐക്യൂവിന്റെ ആദ്യ സ്മാർട്ട് വാച്ചും കമ്പനി ഡിസംബർ 27 ന് പുറത്തിറക്കും. പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 വരുന്നതിന് മുൻപ് സ്മാർട്ട്ഫോണുകൾ അടക്കി ഭരിച്ചിരുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആണ് ഐക്യൂ നിയോ 9 മോഡലിൽ നൽകിയിരിക്കുന്നത്.
അതേപോലെ, ഐക്യൂ നിയോ 9 പ്രോയിൽ മീഡിയാടെക് ഡൈമെൻസിറ്റി 9300 ചിപ്സെറ്റും നൽകിയിരിക്കുന്നു. ഐക്യൂ നിയോ 9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എപ്പോഴാണ് എന്നതിന്റെ വിവരങ്ങൾ ഈ ഘട്ടത്തിൽ ലഭ്യമായിട്ടില്ല. എന്നാൽ അടുത്ത മാസം രാജ്യത്ത് ലോഞ്ച് ചെയ്യുന്ന വിവോ എക്സ് 100 സീരീസിലൂടെ മീഡിയാടെക് ഡൈമെൻസിറ്റി 9300 ചിപ്സെറ്റ് ആദ്യമായി ഇന്ത്യയിലെത്തും.
വിവോയുടെ സബ് ബ്രാൻഡാണ് ഐക്യൂ എന്നത് ഇവിടെ ഓർക്കാവുന്നതാണ്. അതായത്, ഐക്യൂ നിയോ 9 പ്രോ എത്താൻ വൈകിയാലും അതേ കുടുംബത്തിൽ നിന്ന് തന്നെ മീഡിയാടെക് ഡൈമെൻസിറ്റി 9300 ചിപ്സെറ്റ് ജനുവരി ആദ്യം ഇന്ത്യയിൽ എത്തുന്നുണ്ട് എന്ന് ഐക്യൂ ആരാധകർക്ക് ആശ്വസിക്കാം. (ഇതിനോടകം വിവോ എക്സ് 100 സീരീസ് ചൈനയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്തുകഴിഞ്ഞു).
ഐക്യൂ നിയോ 9 സീരീസ് ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ, ചിപ്സെറ്റിനും ലോഞ്ച് തീയതിക്കും പുറമേ ഈ സീരീസിലെ ഫോണുകളുടെ സ്റ്റോറേജ് വേരിയന്റുകൾ, കളർ ഓപ്ഷനുകൾ എന്നിവയും ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ രണ്ട് സ്മാർട്ട്ഫോണുകളിലും ക്യു1 ചിപ്പ് ഫീച്ചർ ഉണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വിവരം.

ഐക്യൂ നിയോ 9ൽ 6.78 ഇഞ്ച് 1.5K+144Hz OLED സ്‌ക്രീനാണുണ്ടാകുക. പഞ്ച്-ഹോളിനുള്ളിൽ 16MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 50MP IMX920 OIS മെയിൻ സെൻസറും 8MP അൾട്രാ-വൈഡ് ക്യാമറയും ഇതിന്റെ റിയർ ക്യാമറ യൂണിറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ 120W വയർഡ് ഫാസ്റ്റ് ചാർജിംഗ് ഉള്ള 5160mAh ബാറ്ററിയും ഇതിലുണ്ട് എന്നാണ് റിപ്പോർട്ട്.
ഐക്യൂ നിയോ 9 പ്രോയിലും 6.78 ഇഞ്ച് 1.5K+144Hz OLED സ്‌ക്രീൻ തന്നെയാണ് ഉണ്ടാകുക. എന്നാൽ ഒരു ഗ്ലാസ് അല്ലെങ്കിൽ ലെതർ ബാക്ക് ഉണ്ടാകും. ഒഐഎസ് പിന്തുണയുള്ള 50MP IMX920 മെയിൻ ക്യാമറയ്ക്കൊപ്പം 50MP JN1 അൾട്രാ-വൈഡ് ക്യാമറയും അടങ്ങുന്നതാകും ഇതിന്റെ റിയർ ക്യാമറ യൂണിറ്റ്. 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയും ഉണ്ട്.
ഐക്യൂ നിയോ 9 സീരീസിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല, അത് ലോഞ്ച് സമയത്താകും വെളിപ്പെടുത്തുക. അതേസമയം, ബ്ലൂ, ബ്ലാക്ക്, റെഡ് കളർ വേരിയന്റുകളിൽ നിയോ 9 സീരീസ് ലഭ്യമാകുമെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ 12GB/256GB, 16GB/256GB, 16GB/512GB, 16GB/1TB സ്റ്റോറേജ് വേരിയന്റുകളിൽ ഈ സീരീസ് എത്തും.

പുതിയ ഐക്യൂ നിയോ 9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ഈ വർഷം മേയിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ നിയോ 8 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ, നിയോ ലൈനപ്പിലെ ആദ്യത്തെ 'പ്രോ' മോഡലായി ഐക്യൂ നിയോ 7 പ്രോ ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
ഐക്യൂ നിയോ 7 പ്രോയ്ക്ക് വൻ വരവേൽപ്പാണ് ഇന്ത്യയിൽ ലഭിച്ചത്. ഇത് കണക്കിലെടുത്താൽ, നിയോ 9 സീരീസ് പ്രോ മോഡലും ഇന്ത്യയിൽ എത്താൻ സാധ്യത കൂടുതലാണ്. ഇന്ത്യയിൽ 50000+ വിലയിലെത്തുന്ന ഐക്യൂ 12 വാങ്ങാൻ കഴിയാത്തവർക്കുള്ള തൊട്ടടുത്ത മികച്ച ഓപ്ഷനായി നിയോ 9 സീരീസ് എത്തിയേക്കാം. അങ്ങനെവന്നാൽ അതല്ലെങ്കിൽ(ഐക്യൂ12) ഇത്(നിയോ9പ്രോ) എന്ന ഓപ്ഷനിലേക്ക് ആളുകളെത്തിയേക്കാം.


Click it and Unblock the Notifications








