ഇതിന്റെ 'തലച്ചോർ' നല്ല ഫ്രഷാണ്! പുതുപുത്തൻ കരുത്തൻ ചിപ്സെറ്റുമായി ഐക്യൂ നിയോ 9s പ്രോ
ശടപടേ... ശടപടേന്ന് കാര്യങ്ങൾ ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കായി ഐക്യൂ ഏറ്റവും പുതിയ ചിപ്സെറ്റുമായി ഒരു പുതുപുത്തൻ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ പോകുന്നു, ഐക്യൂ നിയോ 9s പ്രോ എന്നാണ് ഈ മോഡലിന്റെ പേര്. ഫോൺ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് ഫോണിന്റെ ടീസർ ഐക്യൂ പുറത്തുവിട്ടിട്ടുണ്ട്.
3C സർട്ടിഫിക്കേഷൻ സൈറ്റിലും ഗൂഗിൾ പ്ലേ കൺസോളിലും സ്‌മാർട്ട്‌ഫോൺ അടുത്തിടെ ഐക്യൂ നിയോ 9s പ്രോ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോഞ്ച് ഐക്യൂ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ വരാൻ പോകുന്ന ഫോണിന്റെ ചിപ്സെറ്റും ഡിസൈനും ടീസറിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഐക്യുവിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്ന അടുത്ത സ്മാർട്ട്ഫോൺ എന്നതിനപ്പുറം ഐക്യൂ നിയോ 9s പ്രോ (iQOO Neo 9s Pro) യുടെ ലോഞ്ചിനെ ശ്രദ്ധേയമാക്കുന്നത് അതിലെ പുതിയ പ്രോസസർ ആണ്. സ്മാർട്ട്ഫോണിന്റെ തലച്ചോറാണ് പ്രോസസർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് നിയോ 9s പ്രോയിലുള്ളത് എന്ന് ഐക്യൂ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രോസസർ ലോഞ്ച് ചെയ്ത് പിറ്റേദിവസം തന്നെയാണ് ഐക്യൂ ഈ പ്രോസസറുമായാണ് തങ്ങളുടെ ഫോൺ എത്തുന്നത് എന്ന് വെളിപ്പെടുത്തിയത്. ഈ പ്രീമിയം പ്രോസസർ ആദ്യം അവതരിപ്പിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്ന് ഐക്യൂ ആയിരിക്കും എന്ന് ഇത് സൂചിപ്പിക്കുന്നു. മീഡിയടെക്കിൽ നിന്നുള്ള ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റാണ് ഡൈമെൻസിറ്റി 9300+.

ഇതിനകം നിലവിലുള്ള മീഡിയടെക്കിന്റെ ഡിമെൻസിറ്റി 9300 നേക്കാൾ ഉയർന്ന ക്ലോക്ക് സ്പീഡ് പുതിയ ഡിമെൻസിറ്റി 9300+ ചിപ്സെറ്റിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രോസസർ വെളിപ്പെടുത്തിയതിനൊപ്പം വരാൻ പോകുന്ന ഐക്യൂ നിയോ 9s പ്രോയുടെ ചിത്രവും വെയ്ബോയിലൂടെ ഐക്യൂ പങ്കുവച്ചു. ഇത് ഫോണിന്റെ ഡിസൈൻ വശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
വൈറ്റ് നിറത്തിലെത്തുന്ന നിയോ 9s പ്രോ സ്മാർട്ട്ഫോണിന്റെ റിയർ പാനലിൽ മുകളിൽ ഇടത് കോണിൽ ക്യാമറകൾ സ്വതന്ത്രമായി സ്ഥാപിച്ചിരിക്കുന്നു. സമീപത്ത് മുകളിലായി ഫ്ലാഷും കാണാം. ഡിസൈന്റെ കാര്യത്തിൽ ഐക്യൂ നിയോ 9 സ്മാർട്ട്ഫോണിനോടാണ് ഈ നിയോ 9s പ്രോയ്ക്ക് സാമ്യം തോന്നുന്നത്.
സെൽഫികൾക്കായി പഞ്ച്-ഹോൾ ക്യാമറയുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഐക്യൂ നിയോ 9s പ്രോയിൽ ഉള്ളത് എന്ന് ചിത്രം സൂചിപ്പിക്കുന്നു. വരാൻ പോകുന്ന ഈ ഫോണിന്റെ മറ്റ് വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഗൂഗിൾ പ്ലേ കൺസോൾ സ്പെസിഫിക്കേഷനുകളിൽ ഇതിന് FHD+ ഡിസ്‌പ്ലേ, 12GB റാം, ആൻഡ്രോയിഡ് 14 എന്നിവ കാണിച്ചു.

1.5K ഡിസ്പ്ലേയും 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ ഐക്യൂ നിയോ 9s പ്രോയിൽ ഉണ്ടായേക്കാം. കാരണം ഐക്യൂ നിയോ 9 പ്രോയ്ക്ക് OLED ഡിസ്‌പ്ലേയും 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്. ഇവിടെയും അത് ആവർത്തിച്ചേക്കാം. ലോഞ്ച് പ്രഖ്യാപിച്ചതിനാൽ മറ്റ് ഫീച്ചറുകൾ വരും ദിവസങ്ങളിൽ അറിയാൻ കഴിയും.
അതേസമയം ഐക്യൂ നിയോ 9s പ്രോ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റിലും കണ്ടെത്തി. എന്നാൽ ഇതിലുള്ളത് പുതിയ ചിപ്സെറ്റ് ആണെന്ന് കമ്പനി സ്ഥിരീകരിച്ചതിനാൽ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റിൽ എത്തുന്നത് ഐക്യൂ നിയോ 9s പ്രോ+ (iQOO Neo 9s Pro+) ആകാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








