കാത്തിരിപ്പ് 'ഐക്യു' കൂട്ടും! വരാൻ പോകുന്നത് ഒന്നല്ല, ഡബിൾ ഐക്യു; അതും തുച്ഛമായ വിലയിൽ
സ്മാർട്ട് ഫോൺ വിപണിയിൽ ഇടയ്ക്കിടക്ക് ഞെട്ടിപ്പിക്കുന്ന കമ്പനിയാണ് ഐക്യു. പുത്തൻ ഫോണുകൾ പുറത്തിറക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന ഫീച്ചറുകൾ തന്നെയാണ് ഐക്യുവിന്റെ മുഖമുദ്ര. കഴിഞ്ഞ ദിവസം ഈ കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ iQOO Z10 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ iQOO Z10നാപ്പം iQOO Z10X കൂടി ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുള്ള നീല നിറത്തിലുള്ള ഹാൻഡ്സെറ്റാണ് ഇതിന്റെ ടീസറിൽ നൽകിയിട്ടുള്ളത്. ഏപ്രിൽ 11 ന് iQOO Z10നൊപ്പം iQOO Z10X ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ആമസോണിന്റെ ഒരു ലൈവ് മൈക്രോസൈറ്റ് സ്ഥിരീകരിക്കുന്നുണ്ട്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഫോൺ വാങ്ങാൻ ലഭ്യമാകുമെന്നും മൈക്രോസൈറ്റ് സൂചിപ്പിക്കുന്നു. ടീസറിൽ കാണുമ്പോൾ പാനലിന്റെ മുകളിൽ ഇടതുവശത്തുള്ള ഒരു ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളിൽ രണ്ട് ക്യാമറ സെൻസറുകൾ, ഒരു റിംഗ് ലൈറ്റ്, ഒരു എൽഇഡി ഫ്‌ലാഷ് യൂണിറ്റ് എന്നിവയുണ്ട്.

ഹാൻഡ്സെറ്റിന്റെ താഴത്തെ അറ്റത്ത് ഒരു സ്പീക്കർ ഗ്രിൽ, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, സിം സ്ലോട്ട്, ഒരു മൈക്ക് എന്നിവയും നൽകിയിട്ടുണ്ട്. കൂടാതെ, iQOO Z10X 4nm MediaTek Dimensity 7300 SoC ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് മൈക്രോസൈറ്റ് സ്ഥിരീകരിക്കുന്നുണ്ട്. ഇതിന് 7,28,000-ൽ കൂടുതൽ AnTuTu സ്‌കോർ ഉണ്ടെന്നാണ് അവകാശം. ഈ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ പ്രോസസർ ഇതിനുണ്ടെന്നും സൂചനയുണ്ട്.
15,000 രൂപയിൽ താഴെ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷ. 8GB + 256GB റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും ഫോൺ ലഭ്യമാകുമെന്ന് ഇത് കൂട്ടിച്ചേർക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ കൂടുതൽ വേരിയന്റുകളിൽ വരാനും സാധ്യതയുണ്ട്. 6,500 എംഎഎച്ച് ബാറ്ററിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതലറിയാം.
അതേസമയം 7300mAh ബാറ്ററി ശേഷിയുമായാണ് iQOO Z10 ഇന്ത്യയിലേക്ക് വരുന്നത്. ഇത്രയും ബാറ്ററി ശേഷിയുള്ള ഒരു സ്മാർട്ട്‌ഫോൺ ഇതിന് മുൻപ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല. അതിനാൽത്തന്നെ ഈ ഫോണിന്റെ വരവ് ഇതിനകം സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശം കൊള്ളിച്ചുകഴിഞ്ഞു. ബാറ്ററിക്ക് അപ്പുറം ഐക്യൂ Z10 5ജിയിലെ മറ്റ് ഫീച്ചറുകളൊന്നും ലോഞ്ച് തിയതി പ്രഖ്യാപിച്ച ഘട്ടത്തിൽ ഐക്യൂ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ ഇപ്പോൾ പല ഫീച്ചറുകളായി സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ പേജുകൾ വഴി ഐക്യൂ പുറത്തുവിടുന്നുണ്ട്. അതിൽ ചിപ്‌സെറ്റ്, ഡിസ്‌പ്ലേ, ചാർജിങ് സപ്പോർട്ട്, വലിപ്പം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. എന്നാൽ സ്ഥിരീകരിക്കപ്പെട്ട ഈ ഫീച്ചറുകളെക്കാൾ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത് സ്ഥിരീകരിക്കപ്പെടാത്ത ഒരു ലീക്ക് റിപ്പോർട്ടാണ്.
അതായത് ഐക്യൂ Z10 5ജിയുടെ വില സംബന്ധിച്ചുള്ളതാണ് ആ റിപ്പോർട്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ബാറ്ററി ശേഷിയോടെ വരുന്ന ഈ ഫോണിന് 30,000 രൂപയോട് അടുത്ത് എങ്കിലും വില ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സ്മാർട്ട്പ്രിക്സിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഈ ധാരണകളെ പൊളിക്കുകയും ഉപയോക്താക്കളെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലുള്ളതാണ്.
അതായത് ഐക്യൂ Z10 5ജിയുടെ 128GB സ്റ്റോറേജ് അടിസ്ഥാന മോഡൽ 21,999 രൂപ പ്രാരംഭ വിലയിലാകും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് സ്മാർട്ട്പ്രിക്സ് ലീക്ക് റിപ്പോർട്ട് പറയുന്നു. ഈ വിലയിൽ ഐക്യൂ ഫോണുകൾ ഇറങ്ങുന്നത് ആദ്യമായല്ല, എന്നാൽ ഏറ്റവും വലിയ ബാറ്ററി ശേഷിയോടെ ഈ വിലയിൽ ഇറങ്ങുന്നു എന്നതാണ് ഞെട്ടിക്കുന്നത്.


Click it and Unblock the Notifications








