ഐക്യൂ ലൈറ്റായി ഒരു 5G ഫോൺ ഇറക്കുന്നു, അങ്ങ് ചൈനയിൽ അല്ല, ഇങ്ങ് ഇന്ത്യയിൽ; Z10 ലൈറ്റ് 5G ജൂൺ 18ന് എത്തും
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഒരു പുതിയ സ്മാർട്ട്ഫോണിന്റെ കൂടി ലോഞ്ച് തിയതി പ്രഖ്യാപിച്ചിരിക്കുന്നു, അങ്ങ് ചൈനയിലല്ല, ഇങ്ങ് ഇന്ത്യയിൽ ആണ് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഐക്യൂ Z10 ലൈറ്റ് 5ജി (iQOO Z10 Lite 5G) എന്നാണ് ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ പേര്. ജൂൺ 18ന് ഐക്യൂ Z10 ലൈറ്റ് 5ജി ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ബജറ്റ് വിലയിൽ എത്തി സ്മാർട്ട്ഫോൺ പ്രേമികളെ സന്തോഷിപ്പിച്ച z9 ലൈറ്റ് 5ജിയുടെ പിൻഗാമിയായാണ് ഇത് എത്തുന്നത്.
9999 രൂപ വിലയിൽ വാങ്ങാം എന്നതായിരുന്നു ഐക്യൂ z9 ലൈറ്റ് 5ജിയെ വിപണിയിൽ ശ്രദ്ധേയമാക്കിയത്. ഇപ്പോൾ അതിന്റെ പിൻഗാമിയായി എത്തുന്ന ഐക്യൂ Z10 ലൈറ്റ് 5ജിയും 10000 രൂപയിൽ താഴെ വിലയിൽ തന്നെയാണ് എത്തുക. ഇതിന്റെ വില ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു വലിയ സൂചന ഐക്യൂ നൽകിയിട്ടുണ്ട്.

6000mAh ബാറ്ററിയായിരിക്കും ഐക്യൂ z10 ലൈറ്റ് 5ജിയിൽ ഉണ്ടാകുക എന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി പറഞ്ഞു. 10,000 രൂപയിൽ താഴെ വിലയുള്ള 5G സ്മാർട്ട്‌ഫോണുകളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷി ഈ ഫോണിൽ ഉണ്ട് എന്നതാണ് അത്. ഐക്യൂ Z10 ലൈറ്റ് 5ജി 10000 രൂപയിൽ താഴെ വിലയിലെത്തുമെന്ന് ഈ പ്രസ്താവന സൂചന നൽകിയിരിക്കുന്നു.
ഇതിൽ നിന്ന് മനസിലാക്കാവുന്ന മറ്റൊരു ശ്രദ്ധേയമായ വിവരം ഐക്യൂ Z10 ലൈറ്റ് 5ജി മുൻ മോഡലിനെ അപേക്ഷിച്ച് വളരെ ഉയർന്ന ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. ഐക്യൂ Z9 ലൈറ്റ് 5G യിൽ 5000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. എന്നാൽ വരാൻ പോകുന്ന Z10 ലൈറ്റ് 5ജിയിൽ 6000mAh ബാറ്ററിയാണ് ഉള്ളത് എന്ന് ഐക്യൂ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.
ലോഞ്ച് തിയതി പ്രഖ്യാപിച്ചതിനൊപ്പം ഐക്യൂ z10 ലൈറ്റ് 5ജിയുടെ ടീസറും കമ്പനി പുറത്തുവിട്ടു. ഇതിൽ നീല നിറത്തിൽ ആണ് ഫോൺ കാണപ്പെടുന്നത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഉള്ളത് എന്ന വിവരവും ഈ ടീസർ സ്ഥിരീകരിക്കുന്നു. മെയിൻ ക്യാമറയും ഡെപ്ത് സെൻസറും എൽഇടി ഫ്ലാഷും അടങ്ങുന്നതാകും ക്യാമറ മൊഡ്യൂൾ.
വലിയ 6.74″ HD+ 90Hz LCD സ്‌ക്രീൻ സഹിതമാകും ഐക്യൂ Z10 ലൈറ്റ് 5ജി എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ ലോഞ്ചിന് മുൻപ് തന്നെ വരും ദിവസങ്ങളിലായി ഐക്യൂ വെളിപ്പെടുത്തും. ലോഞ്ചിന് ശേഷം ഐക്യൂവിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും ഐക്യൂ z10 ലൈറ്റ് 5ജി വാങ്ങാനാകും.
നിലവിൽ ഐക്യൂ Z10 സീരീസിൽ ഇന്ത്യയിൽ രണ്ട് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഐക്യൂ Z10 5ജി, ഐക്യൂ Z10x 5ജി എന്നിവയാണ് അവ. ഇതിൽ ഐക്യൂ Z10 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB + 256GB വേരിയന്റിന് 23,999 രൂപയും 12GB + 256GB വേരിയന്റിന് 25,999 രൂപയുമാണ് വില.
ഐക്യൂ Z10 5ജിയുടെ കുറച്ചുകൂടി വില കുറഞ്ഞ മോഡലാണ് ഐക്യൂ Z10x 5G. ഇതിന്റെ 6GB+128GB അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്- എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയും ആണ് വില. ഇതിന്റെയും വില കുറഞ്ഞ ഓപ്ഷൻ ആയിട്ടാണ് ഐക്യൂ Z10 ലൈറ്റ് 5ജി 10000 രൂപയിൽ താഴെ വിലയിൽ എത്തുക.


Click it and Unblock the Notifications