സാധാരണക്കാർക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ആശ്വാസം! ഐക്യൂ Z11x ഡൈമെൻസിറ്റി 7400 കരുത്തിൽ എത്തും
ലോഞ്ച് ചെയ്യപ്പെട്ടത് മുതൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ മോഡലാണ് ഐക്യുവിന്റെ ബജറ്റ് 5ജി ഫോൺ മോഡലായ ഐക്യൂ Z10x 5ജി. ബജറ്റ് വിലയിൽ ലഭ്യമായ 5ജി ഫോണുകളിൽ വച്ച് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു മോഡലായിരുന്നു ഇത്, അതിൽത്തന്നെ ഏറെ പ്രശംസ നേടിയ ഒന്നായിരുന്നു ഇതിന്റെ പെർഫോമൻസ്. ഇപ്പോൾ ബജറ്റ് 5ജി ഫോൺ ആരാധകർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഐക്യൂ Z10x 5ജിയുടെ പിൻഗാമിയായി പുതിയ ഐക്യൂ Z11x 5ജി (iQOO Z11x) എത്താൻ പോകുന്നതിന്റെ സൂചനകൾ വന്നുതുടങ്ങിയിരിക്കുന്നു.
അധികം വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഐക്യൂ Z11x മോഡലിന്റെ ചില പ്രധാന ഫീച്ചറുകൾ വെളിപ്പെടുത്തിക്കൊണ്ട്, ഇതിന്റെ ഗീക്ക്ബെഞ്ച് ലിസ്റ്റിങ് ഡാറ്റ പുറത്തുവന്നിരിക്കുന്നു. I2507 എന്ന മോഡൽ നമ്പറിൽ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ട സ്മാർട്ട്ഫോൺ മോഡൽ ഐക്യൂ Z11x ആണ് എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നത്.

മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റിൽ ആണ് ഐക്യൂ Z11x എത്തുകയെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിങ് ഡാറ്റ വെളിപ്പെടുത്തിയിരിക്കുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് കുറച്ചുകൂടി ശക്തമായ പ്രോസസർ ആണ് പുതിയ മോഡലിൽ ഉള്ളത് എന്ന് ഈ ലിസ്റ്റിങ് സൂചിപ്പിക്കുന്നു. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റായിരുന്നു ഐക്യൂ Z10x 5ജിയുടെ കരുത്ത്.
ഐക്യുവിന്റെ അടുത്ത ബജറ്റ് 5ജി ഫോൺ ഓപ്ഷനായി എത്തുന്ന ഐക്യൂ Z11x മുൻ മോഡലിനെക്കാൾ അപ്ഗ്രേഡ് ചെയ്ത പ്രോസസർ കരുത്തിലാണ് എത്തുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് നേട്ടമാണ്. ബജറ്റ് 5ജി ഫോൺ വാങ്ങുക കൂടുതലും സാധാരണക്കാർ ആയതിനാൽ ഈ അപ്ഗ്രേഡ് ഏറെ ഗുണം ചെയ്യുക സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായിരിക്കും.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയായിരിക്കും ഐക്യൂ Z11x ന്റെ പ്രവർത്തനം. ലിസ്റ്റിംഗ് കാണിക്കുന്നത് ഫോൺ സിംഗിൾ-കോറിൽ 1,057 പോയിന്റും മൾട്ടി-കോർ ടെസ്റ്റുകളിൽ 2,507 പോയിന്റും സ്കോർ ചെയ്തിട്ടുണ്ടെന്നാണ്, ഇത് ഡൈമെൻസിറ്റി 7400 പെർഫോമൻസുമായി യോജിക്കുന്നു. മുൻ പ്രോസസറിനെ അപേക്ഷിച്ച് പുതിയതിൽ ചെറിയ ക്ലോക്ക് സ്പീഡ് വർദ്ധനവ് ഉണ്ട്, അതേസമയം മൊത്തത്തിലുള്ള അതേ ആർക്കിടെക്ചർ നിലനിർത്തുന്നു.
പെർഫോമൻസിന്റെ കാര്യത്തിൽ മുൻ മോഡൽ എത്രത്തോളം വിശ്വസനീയമായിരുന്നോ അതിനെക്കാൾ നേരിയ മികവ് കൂടുതൽ പുതിയ മോഡലിൽ ലഭ്യമാകുമെന്നാണ് ലിസ്റ്റിങ് ഡീറ്റെയിൽസിൽ നിന്ന് മനസിലാക്കാനാകുന്നത്. ക്യാമറ പ്രോസസ്സിംഗ്, ബാക്ഗ്രൗണ്ട് ഒപ്റ്റിമൈസേഷൻ പോലുള്ള AI- സഹായത്തോടെയുള്ള ഫീച്ചറുകൾ എന്നിവയിലും മികവ് പ്രകടിപ്പിച്ചുകൊണ്ട് മുൻ മോഡലിനെക്കാൾ ഒരുപടി മുന്നിൽ പുതിയ മോഡൽ കമ്പനി അവതരിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
ഐക്യൂ Z11x ന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ പുറത്തുവരും. ബജറ്റ് വിലയിലാകും ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുകയെങ്കിലും വില മുൻ മോഡലിനെക്കാൾ അൽപ്പം കൂടാനാണ് സാധ്യത. സ്മാർട്ട്ഫോൺ വിപണിയിൽ പൊതുവിൽ എല്ലാ മോഡലുകളും ഇപ്പോൾ മുൻ മോഡലുകളെക്കാൾ കൂടിയ വിലയിലാണ് എത്തുന്നത്. നിർമാണച്ചെലവ് വർധിച്ചതാണ് കാരണം.
പുതിയ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡലുകൾക്ക് പോലും വിൽപ്പന തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴേക്ക് വില വർധപ്പിച്ച സംഭവങ്ങളും ഉണ്ട്. മുൻ മോഡലായ Z10x 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമായിരുന്നു ലോഞ്ച് വില.


Click it and Unblock the Notifications








