ഈ അനിയൻ ചേട്ടന്റെ കച്ചവടം പൂട്ടിക്കും! ചീപ് റേറ്റിൽ അന്യായ പെർഫോമൻസുമായി ഐക്യൂ Z9x 5ജി കളത്തിൽ
ബജറ്റ് സ്മാർട്ട്ഫോൺ വിപണിയെ പിടിച്ച് കുലുക്കിക്കൊണ്ട് ഐക്യുവിന്റെ ബജറ്റ് വിലയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐക്യൂ Z9x 5ജി (iQOO Z9x 5G) വിൽപ്പന ആരംഭിച്ചു. ഇന്ന് മുതൽ ആമസോൺ വഴിയും ഐക്യൂ ഇന്ത്യ ഇ-സ്റ്റോർ വഴിയും ഈ കിക്കിടിലൻ സ്മാർട്ട്ഫോൺ വാങ്ങാനാകും.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫർ ലഭ്യമാകുന്നതിനാൽ ഐക്യൂZ9x ഡീൽ കൂടുതൽ മധുരമുള്ളതാകുന്നു. ഐക്യൂ Z9x 5ജിയുടെ 4GB+ 128GB വേരിയന്റിന് 12,999 രൂപയാണ് വില. 6GB+ 128GB വേരിയന്റ് 14,499 രൂപയ്ക്കും ടോപ്പ് എൻഡ് 8GB+ 128GB മോഡൽ 15,999 രൂപയ്ക്കും എത്തുന്നു.

ഐക്യൂX9 5ജിയുടെ 12,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുന്ന അടിസ്ഥാന മോഡൽ തന്നെ ഒരു ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ സങ്കൽപ്പങ്ങൾക്കും ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അപ്പുറം നിൽക്കുന്ന പെർഫോമൻസ് കാഴ്ചവയ്ക്കുന്നുണ്ട്. അപ്പോൾ ഉയർന്ന വേരിയന്റുകളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും ബാങ്ക് ഓഫറുകളും മെയ് 31 വരെ മാത്രമേ ലഭിക്കൂ എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
ഐസിഐസിഐ, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ, ഇഎംഐകൾ എന്നിവ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1000 രൂപ ഡിസ്കൗണ്ടും അത് കൂടാതെ 500 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. ഇത് നഷ്ടപ്പെടുത്താതിരിക്കാൻ മെയ് 31ന് മുൻപ് ഐക്യൂ X9 5ജി ഓഡർ ചെയ്യുന്നത് നന്നായിരിക്കും.

ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ ഐക്യൂ Z9x 5ജി അടിസ്ഥാന മോഡൽ 11,999 രൂപയ്ക്കും മറ്റ് മോഡലുകൾ യഥാക്രമം 12,999 രൂപ, 14,999 രൂപ വിലകളിലും ലഭിക്കുമെന്ന് ഐക്യൂ പറയുന്നു. ഐക്യൂ Z9x 5ജിയുടെ വരവ് വിപണിയിലെ മറ്റ് ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളിയാണ്. എന്തിനേറെപ്പറയുന്നു, ഐക്യൂവിന്റെതന്നെ iQOO Z9 മോഡലിനെക്കാൾ വിലക്കുറവിലാണ് ഇത് എത്തുന്നത്.
ഐക്യൂ Z9x 5ജിയുടെ പ്രധാന ഫീച്ചറുകൾ: കരുത്തൻ പെർഫോമൻസ് ഉറപ്പാക്കുന്ന ചിപ്സെറ്റ് തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. ഒക്ട കോർ (4x A78 at 2.2GHz+4x A55 at 1.8GHz Kryo CPU) സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്.
12000 രൂപയ്ക്ക് താഴെ വിലയിൽ ഇത്ര പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഫോൺ കാണാൻ കഴിയില്ല. അതിന് നന്ദി പറയേണ്ടത് ഈ മിടുക്കൻ 4nm ചിപ്സെറ്റിനോട് ആണ്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും ഐക്യൂ Z9x 5ജി മോശം വരില്ല. 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്.

120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 339 ppi പിക്‌സൽ സാന്ദ്രത, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവയും ഇതിലുണ്ട്. LPDDR4x റാമും UFS 2.2 സ്റ്റോറേജും ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നു. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം.
ക്യാമറകളുടെ കാര്യത്തിലും ഇവിടെ ഉപയോക്താവിന് നിരാശപ്പെടേണ്ടി വരില്ല. ഡ്യുവൽ റിയർ ക്യാമറകളാണ് ഐക്യൂ Z9x 5ജിയിലും ഉള്ളത്. അതിൽ 50എംപി മെയിൻ സെൻസറും 2എംപി ഡെപ്ത് ലെൻസും അടങ്ങുന്നു. f/2.05 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 ൽ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവർത്തനം.
4കെ വീഡിയോ റെക്കോർഡിംഗ് 8ജിബി റാം വേരിയന്റിൽ മാത്രമാണ് ലഭ്യമാകുക. 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയൊക്കെയാണ് ഐക്യൂ Z9x 5ജിയിലെ കണക്ടിവിറ്റി ഫീച്ചറുകൾ.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ് എന്നീ ഫീച്ചറുകളും 44W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററിയും ഇതിൽ എത്തുന്നു. ഇത്രയും ദൈർഘ്യമുള്ള ബാറ്ററി ഈ വിലയ്ക്ക് കിട്ടുന്നതും ലാഭം തന്നെ.
ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഐക്യൂ Z9x 5ജിയിലെ ബാറ്ററി ചാർജ് നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്റ്റോം ഗ്രേ, ടൊർണാഡോ ഗ്രീൻ നിറങ്ങളിൽ ഐക്യൂ Z9x 5ജി ലഭ്യമാണ്. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ബജറ്റ് 5ജി ഫോണുകളിലെ രാജാവ് എന്ന് ഈ ഐക്യൂ 5ജി ഫോണിനെ വിശേഷിപ്പിക്കാം.


Click it and Unblock the Notifications








