4 ഫോണുകളുടെ പണി ഒറ്റയടിക്ക് കളയും! പുതിയ ഐക്യൂ Z9x 5ജി ഇന്ത്യയിലെത്തി, 11999 രൂപയ്ക്ക് വാങ്ങാം
ബജറ്റ് 5ജി ഫോണുകൾ തേടുന്നവർക്ക് പരിഗണിക്കാൻ കഴിയുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോണുമായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ രംഗത്ത്. തങ്ങളുടെ Z സീരീസിലേക്കുള്ള കൂട്ടിച്ചേർക്കലായി ഐക്യൂ Z9x 5ജി കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. അടുത്തിടെ ഐക്യൂ Z9 സീരീസിൽ ചൈനയിൽ അവതരിപ്പിക്കപ്പെട്ട ഫോണുകളിൽ ഒന്നാണിത്.
പുതിയ ഐക്യൂ Z9x 5ജി (iQOO Z9x 5G) യുടെ വരവോടെ ഇന്ത്യയിൽ ലഭ്യമായ ഐക്യൂ Z9 ഫോണുകളുടെ എണ്ണം രണ്ടായി. കാരണം, ഐക്യൂ Z9 ഇതിനകംതന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഐക്യൂ Z9x 5ജിയുടെ വരവോടെ പണികിട്ടാൻ പോകുന്നത് ബജറ്റ് വിലയിലെത്തിയ മറ്റ് സ്മാർട്ട്ഫോണുകൾക്കാണ്.

ഐക്യൂ Z9x 5ജിയുടെ കടന്നുവരവ് ഇന്ത്യയിലെ ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾക്കിടയിലെ മത്സരം ശക്തമാക്കിയിരിക്കുന്നു. വിവോ T3x, റിയൽമി P1, പോക്കോ X6, പോക്കോ X6 നിയോ ഫോണുകൾ ഉൾപ്പെടെ സെഗ്‌മെൻ്റിലെ ഒന്നിലധികം മോഡലുകൾക്ക് കനത്ത വെല്ലുവിളിയാണ് ഐക്യൂ Z9x 5ജി ഉയർത്തുന്നത്.
മികച്ച ഫീച്ചറുകൾ ഉള്ളതിനാൽ മറ്റ് ബജറ്റ് 5ജി ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ ഫോണിന് കഴിയും. ബജറ്റ് വിലയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട്ഫോൺ എന്നതിനൊപ്പം 6000mAh ബാറ്ററിയാണ് ഐക്യൂ Z9x 5ജി ഫോണിന്റെ പ്രധാന ഹൈലൈറ്റായി കമ്പനി ഉയർത്തിക്കാണിക്കുന്നത്. ഇത് ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് അവകാശപ്പെടുന്നു.

ഐക്യൂ Z9x 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (4x A78 at 2.2GHz+4x A55 at 1.8GHz Kryo CPU) സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്.
6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഐക്യൂ Z9x 5ജിയിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 339 ppi പിക്‌സൽ സാന്ദ്രത, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവ ഈ ഡിസ്പ്ലേയുടെ പ്രത്യേകതകളിൽപ്പെടുന്നു.
4GB / 6GB / 8GB LPDDR4x റാം ഓപ്ഷനുകളും 128GB (UFS 2.2) സ്റ്റോറേജും ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജ് മെമ്മറി കാർഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 ൽ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവർത്തനം.

ബജറ്റ് വിലയിൽ എത്തുന്ന മറ്റ് സ്മാർട്ട്ഫോണുകളിൽ ഉള്ളത് പോലെ ഡ്യുവൽ റിയർ ക്യാമറകളാണ് ഐക്യൂ Z9x 5ജിയിലും ഉള്ളത്. 50എംപി മെയിൻ സെൻസറും 2എംപി ഡെപ്ത് ലെൻസും അടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ ക്യാമറ സജ്ജീകരം. ഫ്രണ്ടിൽ f/2.05 അപ്പേർച്ചർ ഉള്ള 8MP ക്യാമറയാണ് നൽകിയിരിക്കുന്നത്.
4കെ വീഡിയോ റെക്കോർഡിംഗ് 8ജിബി റാം വേരിയന്റിൽ മാത്രമാണ് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കണം.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ് എന്നീ ഫീച്ചറുകളും ഈ ഫോണിൽ ഉണ്ട്.

5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയൊക്കെയാണ് ഐക്യൂ Z9x 5ജിയിലെ കണക്ടിവിറ്റി ഫീച്ചറുകൾ. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇതിലെ 6000mAh ബാറ്ററി എത്തുന്നത്. സ്റ്റോം ഗ്രേ, ടൊർണാഡോ ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
വിലയും ലഭ്യതയും: പുതിയ ഐക്യൂ Z9x 5ജി ആമസോൺ വഴിയും ഐക്യൂ ഇന്ത്യ ഇ-സ്റ്റോർ വഴിയും മേയ് 21 മുതൽ ഇന്ത്യയിൽ ലഭ്യമാകും. ഐക്യൂ Z9x 5ജിയുടെ 4GB+ 128GB വേരിയന്റിന് 12,999 രൂപയാണ് വില. 6GB+ 128GB വേരിയന്റ് 14,499 രൂപയ്ക്കും ടോപ്പ് എൻഡ് 8GB+ 128GB മോഡൽ 15,999 രൂപയ്ക്കും വാങ്ങാം.

ലോഞ്ച് ഓഫറായി ലഭ്യമാകുന്ന ബാങ്ക് ഡിസ്കൗണ്ടുകൾ വഴി 1000 രൂപ ലാഭിക്കാം. കൂടാതെ 6GB, 8GB മോഡലുകൾക്ക് ആമസോൺ കൂപ്പൺ വഴി 500 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതായത് തുടക്കത്തിൽ ഐക്യൂ Z9x 5ജി അടിസ്ഥാന മോഡൽ 11,999 രൂപയ്ക്കും മറ്റ് മോഡലുകൾ യഥാക്രമം 13,999 രൂപ, 14,999 രൂപ വിലകളിലും ലഭിക്കും.


Click it and Unblock the Notifications








