ഗൾഫിലേക്ക് പറക്കുന്നു, ഐഫോൺ 17 പ്രോ മാക്സ് വാങ്ങുന്നു, തിരിച്ചുവരുന്നു! വിവിധ രാജ്യങ്ങളിലെ വിലകൾ...
എല്ലാത്തവണയും ഐഫോണുകൾ ഇറങ്ങുമ്പോൾ തന്നെ ആളുകൾ അന്വേഷിക്കാറുള്ള ഒരു കാര്യമാണ് ഏത് രാജ്യത്താണ് ഐഫോണുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുക എന്നത്. അവിടെപ്പോയി വാങ്ങാൻ വേണ്ടിയൊന്നുമല്ല എങ്കിൽക്കൂടിയും ഇക്കാര്യം അറിയാൻ പലർക്കും ആകാംക്ഷയുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും നമ്മുടെ സാന്നിധ്യമുണ്ട്. ആ നിലയ്ക്ക് വിലക്കുറവ് എവിടെയാണ് എന്നറിഞ്ഞാൽ അവിടെ പരിചയക്കാരോ ബന്ധുക്കളോ ഉണ്ടെങ്കിൽ പറ്റിയാൽ ഒരു ഐഫോൺ ആ രാജ്യത്തുനിന്ന് കൊണ്ടുവരീക്കാം എന്ന് ആലോചിക്കുന്നവരും ഉണ്ട്. ലോകത്തെ വിവിധ വിപണികളിൽ വിവിധ വിലകളിലാണ് ഐഫോണുകൾ എത്തുന്നത്.
ഐഫോണുകളുടെ വിവിധ രാജ്യങ്ങളിലെ വിലയും ഏറ്റവും വിലക്കുറവിൽ എവിടെയാണ് വാങ്ങാൻ ലഭ്യമാകുക എന്ന് അറിയുന്നതും നല്ലകാര്യമാണ്. എന്നാൽ ഇതോടൊപ്പം മറ്റൊരു കാര്യം കൂടി അറിയണം. രാജ്യം മാറുന്നതിന് അനുസരിച്ച് ചില മോഡലുകളിലെ ഫീച്ചറുകളുടെ കാര്യത്തിൽ വ്യത്യാസം ഉണ്ടാകും എന്നതാണ് അത്. യുഎസ്, ദുബായ് എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ എപ്പോഴും ഐഫോണുകൾക്ക് വില കൂടുതൽ ആയിരിക്കും.

പുതിയ മോഡലുകളുടെ കാര്യത്തിലും ഇന്ത്യയെക്കാൾ വിലക്കുറവിൽ ആണ് യുഎസ്, ദുബായ് തുടങ്ങി പല രാജ്യങ്ങളിലെയും ഐഫോൺ 17 സീരീസിന്റെ വില. എല്ലാത്തവണയും വിവിധ രാജ്യങ്ങളിലെ വില പറയുന്ന കൂട്ടത്തിൽ അൽപ്പം കളിയായും കുറച്ച് കാര്യമായും പറയാറുണ്ട് ഇവിടെ വാങ്ങുന്ന കാശ് ഉണ്ടെങ്കിൽ ദുബായിൽ പോയി വാങ്ങി വരാമെന്ന്. ഇത്തവണയും ഏതാണ്ട് കാര്യങ്ങൾ അങ്ങനെ തന്നെയാണ് എന്ന് പറയാം.
ഇന്ത്യയിൽ ഐഫോൺ 17 വില
ഇന്ത്യയിൽ ഐഫോൺ 17 യുടെ 256GB വേരിയന്റിന് 82,900 രൂപയും 512GB വേരിയന്റിന് 1,02,900 രൂപയും ആണ് വില. ഐഫോൺ 17 എയർ മോഡലിന്റെ 256GB വേരിയന്റിന് 119900 രൂപയും 512GB വേരിയന്റിന് 139900 രൂപയും 1TB വേരിയന്റിന് 159900 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

അതേപോലെ ഐഫോൺ 17 പ്രോയുടെ 256GB വേരിയന്റിന് 134900 രൂപയും 512GB വേരിയന്റിന് 154900 രൂപയും 1TB വേരിയന്റിന് 174900 രൂപയും ആണ് വില. ഐഫോൺ 17 പ്രോ മാക്സിന്റെ 256GB വേരിയന്റിന് 149900 രൂപയും 512GB വേരിയന്റിന് 169900 രൂപയും 1TB വേരിയന്റിന് 189900 രൂപയും 2TB വേരിയന്റിന് 229900 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.
ഐഫോൺ പുറത്തുനിന്ന് വാങ്ങുമ്പോൾ ഏറ്റവും ലാഭം ലഭിക്കണമെങ്കിൽ പ്രോ മാക്സ് മോഡൽ തന്നെയാണ് അനുയോജ്യം. ദുബായിൽ ഐഫോൺ 17 പ്രോ മാക്‌സിന് 5,099 AED ആണ് വില. അതായത് ഏകദേശം 1,22,500 രൂപ. ഇന്ത്യയെ അപേക്ഷിച്ച് ദുബായിൽ 17 പ്രോ മാക്‌സിന് ഏകദേശം 27,400 രൂപ കുറവാണ്.
ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റ് ചെലവുകൾ അങ്ങോട്ടും ഇങ്ങോട്ടും ഉള്ളത് ഒരു 21000 രൂപയിൽ ഒതുക്കിയാൽ സംഗതി ലാഭം തന്നെ! പോകുന്നു, ഐഫോൺ 17 പ്രോ മാക്സ് വാങ്ങുന്നു, തിരിച്ചുവരുന്നു. ഇത് പൊതുവെ തമാശയായി പറയാറുള്ള കാര്യമാണ്. അതായത് ഇവിടുത്തെക്കാൾ വിലക്കുറവിൽ ഐഫോൺ ചില രാജ്യങ്ങളിൽ വിൽക്കുന്നു എന്ന് സൂചിപ്പിക്കാൻ പറയുന്ന കാര്യം. എന്നാലും ഈ തമാശയിൽ അൽപ്പം കാര്യം ഒളിഞ്ഞിരിക്കുന്നുമുണ്ട്.

ജപ്പാൻ, തായ്‌ലൻഡ്, വിയറ്റ്നാം, യുഎസ് എന്നിവ പോലുള്ള രാജ്യങ്ങളുമായി ഇന്ത്യയിലെ ഐഫോൺ വില താരതമ്യം ചെയ്യുമ്പോൾ അവിടങ്ങളിലും വില കുറവാണ് എന്ന് കാണാനാകും. വിവിധ രാജ്യങ്ങളിലെ ഐഫോൺ 17 സീരീസിന്റെ വില കൂടി പരിചയപ്പെടാം. യുകെയിൽ ഐഫോൺ 17ന് 799 പൗണ്ട് മുതലും 17 എയറിന് 999 പൗണ്ട് മുതലും 17 പ്രോയ്ക്ക് 1,099 പൗണ്ട് മുതലും 17 പ്രോ മാക്സിന് 1,199 പൗണ്ട് മുതലും വില ആരംഭിക്കുന്നു.
യുഎസ്
യുഎസിൽ ഐഫോൺ 17ന് 799 ഡോളർ മുതലും 17 എയറിന് 999 ഡോളർ മുതലും 17 പ്രോ മോഡലിന് 1099 ഡോളർ മുതലും 17 പ്രോ മാക്‌സിന് 1199 ഡോളർ മുതലും വില ആരംഭിക്കുന്നു. എന്നാൽ, സംസ്ഥാനത്തിനനുസരിച്ച് നികുതിയിൽ വ്യത്യാസം ഉണ്ടാകും.
ദുബായ്, കാനഡ
ദുബായിൽ ഐഫോൺ 17 ന് 3,399 ദിർഹവും ഐഫോൺ എയറിന് 4,299 ദിർഹവും 17 പ്രോ മോഡൽ വാങ്ങാൻ 4,699 ദിർഹവും 17 പ്രോ മാക്സിന് 5,099 ദിർഹവുമാണ് വില. കാനഡയിൽ 17 മോഡലിന് 1129 ഡോളറും 17 എയറിന് 1449 ഡോളറും 17 പ്രോയ്ക്ക് 1599 ഡോളറും 17 പ്രോ മാക്സിന് 1749 ഡോളറും ആണ് വില.


Click it and Unblock the Notifications








