കേട്ടതിൽ സത്യമുണ്ടോ, ആപ്പിൾ അങ്ങനെ ചെയ്യുമോ? ഐഫോൺ 16e യുടെ A18 ചിപ്പിനെച്ചൊല്ലി വിവാദം
ഐഫോൺ ആളുകൾക്ക് ഇഷ്ടമാണെങ്കിലും അതിന്റെ വില പലർക്കും അത്ര ഇഷ്ടമല്ല. മികച്ച ക്വാളിറ്റിയിലും ടെക്നോളജികളുടെ പിൻബലത്തിലും എത്താറുള്ള ഐഫോൺ സീരീസുകൾക്ക് ഉയർന്ന വിലയും ഒരു അലങ്കാരമായാണ് ആപ്പിൾ കാണുന്നത്. എന്നാൽ പ്രധാന മോഡലുകളോട് അനുബന്ധമായി ആപ്പിൾ ചിലപ്പോഴൊക്കെ എസ്ഇ (സ്പെഷൽ എഡിഷൻ) മോഡലുകൾ ഇറക്കാറുണ്ട്. എന്നാൽ ഇത്തവണ ആപ്പിൾ പതിവുകളൊക്കെ തെറ്റിച്ചു. ഐഫോൺ എസ്ഇ4 പ്രതീക്ഷിച്ച് കാത്തിരുന്നവർക്ക് മുന്നിലേക്ക് ഐഫോൺ 16e (iPhone 16e) എന്ന മോഡൽ ആണ് ആപ്പിൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഐഫോൺ 16 സീരീസിന്റെ ഭാഗം എന്ന് പറയാവുന്ന പുതിയ മോഡലിന്റെ വില 59999 രൂപയിലാണ് ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ ലോഞ്ചിന് പിന്നാലെ ഐഫോൺ 16e മോഡലിനെ ചുറ്റിപ്പറ്റി വാർത്തകളും ചർച്ചകളുമൊക്കെ സജീവമാണ്. എന്നാൽ അതിൽ ഐഫോൺ 16eയുടെ ചിപ്പിനെ ചുറ്റിപ്പറ്റി ആശങ്ക ഉണർത്തുന്ന ചില വിവരങ്ങളും പ്രചരിക്കുന്നുണ്ട്. അതായത് ഐഫോൺ 16e എത്തിയിരിക്കുന്നത് ആപ്പിളിന്റെ A18 ചിപ് കരുത്തിലാണ്.

പേരിൽ A18 ചിപ്പ് ആണെങ്കിലും ഐഫോൺ 16e മോഡലിലെ ചിപ്പ് ഐഫോൺ 16 സീരീസിലെ മറ്റ് സ്മാർട്ട്ഫോണുകളിലെ ചിപ്പിനെക്കാൾ കരുത്ത് കുറഞ്ഞതാണ് എന്ന് ഫിനാൻഷ്യൽ എക്സ്പ്രസിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ GPU കോർ ഉള്ള എ18 ചിപ്പ് ആണ് ഐഫോൺ 16e മോഡലിൽ ഉള്ളത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഐഫോൺ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഐഫോൺ 16e. അതിനാൽ തന്നെ പ്രധാന മോഡലുകളിൽ ഉള്ളതിന്റെ അത്രയും ഫീച്ചറുകൾ ഈ പ്രത്യേക മോഡലിൽ ഉണ്ടാകില്ല എന്നത് സ്വാഭാവികമാണ് എന്ന് വേണമെങ്കിൽ കരുതാവുന്നതാണ്. ഒരു കോർ കുറവാണ് എങ്കിലും ഈ പുതിയ ഐഫോണിന്റെ പെർഫോമൻസിൽ കാര്യമായ കുറവൊന്നും അനുഭവപ്പെടില്ല എന്നും റിപ്പോർട്ട് പറയുന്നുണ്ട്.

6-കോർ സിപിയുവും 16-കോർ എൻപിയുവും ഉള്ള A18 ചിപ്പിന്റെ ഒരു വകഭേദമാണ് ഐഫോൺ 16e-യിൽ ഉപയോഗിക്കുന്നത്, ഇതിലെ ജിപിയുവിന് നാല് ഫങ്ഷണൽ കോറുകൾ മാത്രമേയുള്ളൂ. ഐഫോൺ 16-നുള്ളിലെ A18 ചിപ്പിനേക്കാൾ ഒന്ന് കുറവാണ് ഇത്. ഐഫോൺ 16 പ്രോയ്ക്കും ഐഫോൺ 16 പ്രോ മാക്സിനും 6-കോർ ജിപിയു ഉള്ള കൂടുതൽ ശക്തമായ A18 "പ്രോ" വേരിയന്റ് ചിപ് ആണ് ഉള്ളത്.
ആപ്പിൾ ഐഫോൺ 16e-യിലെ റാം എത്രയാണ് എന്ന് വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ഈ പുതിയ ഐഫോൺ മോഡലും ആപ്പിൾ ഇന്റലിജൻസ് പിന്തുണയോടെയാണ് എത്തിയിരിക്കുന്നത്. അതിനാൽത്തന്നെ പുതിയ മോഡലിന് കുറഞ്ഞത് 8GB റാമെങ്കിലും ഉണ്ടെന്ന് കരുതപ്പെടുന്നു. കുറഞ്ഞ വിലയിൽ എത്തുന്ന ഈ ഐഫോണിൽ 48MP സിംഗിൾ റിയർ ക്യാമറയാണ് ഉള്ളത്.
പുതിയ ഐഫോൺ 16e മോഡലും വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ചില കാരണങ്ങളാൽ മാഗ്‌സേഫ്/മാഗ്നറ്റിക് ചാർജിംഗ് ആപ്പിൾ ഇതിൽ അനുവദിക്കുന്നില്ല. ആപ്പിളിന്റെ സ്വയം നിർമ്മിത C1 5G സെല്ലുലാർ മോഡം ഉള്ള ആദ്യത്തെ ഐഫോൺ എന്ന പ്രത്യേകതയും പുതിയ ഐഫോൺ 16e മോഡലിന് ഉണ്ട്.

ഐഫോൺ 16e മോഡലിന്റെ പെർഫോമൻസ് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് വിലയിരുത്തണമെങ്കിൽ ഫോൺ കൈയിലെത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റ് 59,900 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. ഇതിന്റെ 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയുമാണ് വില. ഫെബ്രുവരി 21 വെള്ളിയാഴ്ച മുതൽ ഈ ഐഫോൺ മോഡൽ ഓർഡർ ചെയ്യാനാകും, ഫെബ്രുവരി 28 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.


Click it and Unblock the Notifications







