റീട്ടെയിൽ സ്റ്റോറിൽ പോയി നേരിട്ട് വാങ്ങാം, 7299 രൂപ വിലയിൽ ഐടെൽ A90 ലിമിറ്റഡ് എഡിഷൻ ലോഞ്ച് ചെയ്തു
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഐടെലിന്റെ പുതിയ ബജറ്റ് ഫ്രണ്ട്ലി എ സീരീസ് സ്മാർട്ട്ഫോണായി ഐടെൽ എ90 ലിമിറ്റഡ് എഡിഷൻ (itel A90 Limited Edition) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ലിമിറ്റഡ് എഡിഷൻ ഫോൺ എന്നൊക്കെ പേരിലുണ്ടെങ്കിലും ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന് ഉപയോക്താക്കൾ ആദ്യം തന്നെ മനസിലാക്കുക. കുറഞ്ഞ വിലയിൽ ഒരു 4ജി ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 7500 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ സ്മാർട്ട്ഫോണിൽ മികച്ച ഈടും 128GB സ്റ്റോറേജും ഉൾപ്പെടെ ലഭ്യമാണ്.
പ്രധാന ഫീച്ചറുകൾ
90Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് HD+ (720 x 1612 പിക്സലുകൾ) IPS സ്ക്രീൻ ആണ് ഇതിലുള്ളത്. 180Hz ടച്ച് സാമ്പിൾ, ഡൈനാമിക് ബാർ, 480 nits ബ്രൈറ്റ്നസ് ഫീച്ചറുകൾ സഹിതമാണ് ഈ ഡിസ്പ്ലേ എത്തുന്നത്. 2.2GHz യൂണിസോക് T7100 ഒക്ട-കോർ (6x കോർടെക്സ്-A55 + 2x കോർടെക്സ്-A75) 12nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G57 MP1 GPU, 12GB (4GB RAM + 8GB വെർച്വൽ റാം) റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, 13MP മെയിൻ റിയർ ക്യാമറ, LED ഫ്ലാഷ്, അഡ്വാൻസ്ഡ് ഇമേജ് പ്രോസസ്സിംഗ്, സ്ലൈഡിംഗ് സൂം, സെൽഫിക്കും വീഡിയോകോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറ എന്നിവയും A90 ലിമിറ്റഡ് എഡിഷനിലുണ്ട്.
മികച്ച ഈട് ആണ് ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി ഐടെൽ എടുത്തുപറയുന്നത്. മിലിട്ടറി ഗ്രേഡ് ഈട് (MIL- STD- 810H), IP54 പൊടി, സ്പ്ലാഷ് പ്രതിരോധം, ഐടെൽ 3P പ്രൊട്ടക്ഷൻ എന്നിവ A90 ലിമിറ്റഡ് എഡിഷനിൽ ഐടെൽ സജ്ജീകരിച്ചിരിക്കുന്നു.

3.5mm ഓഡിയോ ജാക്ക്, DTS ഓഡിയോ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക്, USB ടൈപ്പ്-സി, ജി-സെൻസർ, ഡൈനാമിക് ബാർ നാവിഗേഷൻ, മൈക്രോ എസ്ഡി സ്ലോട്ട് ഉള്ള ഡ്യുവൽ നാനോ സിം, ഡ്യുവൽ 4G VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് 5, GPS/GLONASS/Beidou എന്നീ ഫീച്ചറുകളും ഈ ഐടെൽ ഫോണിലുണ്ട്.
ആൻഡ്രോയിഡ് 14 ഗോ എഡിഷനിൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 5000mAh ലി-അയൺ ബാറ്ററിയാണ് ഐടെൽ A90 ലിമിറ്റഡ് എഡിഷനിൽ ഉള്ളത്. ഇത് 10W ഇൻ-ബോക്സ് ചാർജർ, 15W ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവ സഹിതം എത്തുന്നു. ഐടെലിന്റെ AI വോയ്‌സ് അസിസ്റ്റന്റ്, ഡൈനാമിക് ബാർ നാവിഗേഷൻ എന്നിവ ഈ ഫോണിന്റെ അധിക ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
വിലയും ലഭ്യതയും
ഐടെൽ A90 ലിമിറ്റഡ് എഡിഷന്റെ വില 7,299 രൂപയാണ്. സ്പേസ് ടൈറ്റാനിയം, സ്റ്റാർലിറ്റ് ബ്ലാക്ക്, അറോറ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. 100 ദിവസത്തിനുള്ളിൽ സൗജന്യ സ്ക്രീൻ റീപ്ലേസ്‌മെന്റ് ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴിയാണ് ഐടെൽ A90 ലിമിറ്റഡ് എഡിഷൻ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ഒരുകാലത്ത് കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി എത്തുന്ന ഐടെൽ സ്മാർട്ട്ഫോണുകൾ നിരവധി ഉപയോക്താക്കൾക്ക് ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ 5ജി യുഗം ആണ്. ഇവിടെ 5ജി ഫോണുകളിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുന്ന സമയം. ഇപ്പോൾ 5ജി സ്മാർട്ട്ഫോണുകൾ 7000 രൂപയിൽ താഴെ വിലയിൽ പോലും ലഭ്യമാണ് എന്നകാര്യം ശ്രദ്ധിക്കുക.


Click it and Unblock the Notifications








