ഇതൊക്കെ എങ്ങനെ സാധിക്കുന്നു! വെറും 2499 രൂപയ്ക്ക് ഫ്ലിപ് കീപാഡ് ഫോണുമായി ഐടെൽ
ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ ഇറക്കി ഇന്ത്യയിൽ പ്രശസ്തി നേടിയ ഐടെൽ (itel) വേറിട്ട ഒരു പരീക്ഷണവുമായി ഇന്ത്യൻ മൊബൈൽ വിപണിയിൽ വീണ്ടും ചർച്ചയാകുന്നു. വ്യത്യസ്തതയാർന്ന ഒരു ഫോൺ തേടുന്നവരെ കൂടി കണക്കിലെടുത്ത് ഐടെൽ തങ്ങളുടെ ആദ്യത്തെ ഫ്ലിപ്പ് കീപാഡ് ഫീച്ചർ ഫോണായ ഫ്ലിപ്പ് വൺ (itel Flip One keypad flip phone) ഇന്ത്യയിൽ അവതരിപ്പിച്ചു. നിവർക്കുകയും മടക്കുകയും ചെയ്യാവുന്ന വിധത്തിലുള്ള ഈ ഫോൺ കീപാഡ് സഹിതമാണ് എത്തുന്നത്. അതും വെറും 2500 രൂപയിൽ താഴെ വിലയിൽ.
പ്രീമിയം ലെതർ ബാക്കും ഗ്ലാസ് കീപാഡും സ്ലീക്ക് ഡിസൈനും ഫ്ലിപ്പ് വണ്ണിൻ്റെ സവിശേഷതയാണ്. ഇത് ഭാരം കുറഞ്ഞതും കൊണ്ടുനടക്കാൻ വളരെ ഈസിയായതുമാണ്. ഒരു കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും വിധത്തിലാണ് ഐടെൽ ഈ ഫ്ലിപ് ഫീച്ചർഫോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, കൂടാതെ ടെക്‌സ്ചർ ചെയ്ത ലെതർ ഫിനിഷും ഇതിനുണ്ട്. അത് ഫോണിന് പ്രത്യേക ഭംഗി നൽകുന്നു.

13 ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണ, എഫ്എം റേഡിയോ, ഡ്യുവൽ സിം സപ്പോർട്ട്, റിയർ പാനലിൽ ഒരു വിജിഎ ക്യാമറ, ബ്ലൂടൂത്ത് കോളിങ് പിന്തുണ തുടങ്ങി നിരവധി ഫീച്ചറുകളും ഈ കീപാഡ് ഫോണിൽ ഉണ്ട്. ഏഴ് ദിവസം വരെ ബാറ്ററി ചാർജ് നിൽക്കുന്നത് അടക്കമുള്ള സൗകര്യങ്ങളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഐടെൽ ഫ്ലിപ്പ് വൺ കീപാഡ് ഫ്ലിപ്പ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ: ഫ്ലിപ്പ് ഡിസൈൻ, ടെക്സ്ചർ ചെയ്ത ലെതർ ബാക്ക്, 2.4 ഇഞ്ച് OVGA ഡിസ്പ്ലേ, ഗ്ലാസ് കീപാഡ്, ബ്ലൂടൂത്ത് കോളിങ് പിന്തുണ, 13 ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണ,
കിംഗ് വോയ്സ് അസിസ്റ്റൻ്റ് പിന്തുണ.

1200mAh ബാറ്ററിയാണ് ഐടെൽ ഈ ഫ്ലിപ്പ് ഫോണിൽ നൽകിയിരിക്കുന്നത്. ഇത് 7 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾക്ക് പിന്തുണ എന്ന നിലയിൽ വേഗമേറിയതും കാര്യക്ഷമവുമായ പവർ ഡെലിവറി ഉറപ്പാക്കുന്ന ടൈപ്പ്-സി ചാർജിങ് ആണ് ഫ്ലിപ്പ് വണ്ണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വോയ്‌സ് ഹെൽപ്പിനായി കിംഗ് വോയ്‌സ് സജ്ജീകരിച്ചിരിക്കുന്ന ഐടെൽ ഫ്ലിപ്പ് വൺ കീപാഡ് ഫോൺ ബ്ലൂടൂത്ത് കോളിങ്ങിനെ പിന്തുണയ്‌ക്കുന്നു, ഇത് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോൺ കോൺടാക്റ്റുകൾ സമന്വയിപ്പിച്ച് ഉപകരണത്തിൽ നിന്ന് നേരിട്ട് കോളുകൾ നിയന്ത്രിക്കാൻ അനുവദിക്കുന്നു. എഫ്എം റേഡിയോ, ഡ്യുവൽ സിം പിന്തുണ, വിജിഎ ക്യാമറ എന്നിവയും ഈ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
വിലയും ലഭ്യതയും: ഐടെൽ ഫ്ലിപ്പ് വൺ കീപാഡ് ഫോണിന്റെ വില 2499 രൂപയാണ്. ഇളം നീല, ഓറഞ്ച്, കറുപ്പ് നിറങ്ങളിൽ ഈ ഫ്ലിപ്പ് ഫോൺ ലഭ്യമാണ്. 1 വർഷത്തെ വാറൻ്റിയോടെയാണ് ഈ ഫോൺ എത്തുന്നത്. ഇന്ന് മുതൽ ഇന്ത്യയിലുടനീളമുള്ള റീട്ടെയിലർമാരിൽ നിന്ന് ഇത് വാങ്ങാം.

ഒരു സാധാരണ ഫീച്ചർ ഫോണിന് അപ്പുറമുള്ള ഒരു കീപാഡ് ഫോൺ എന്ന നിലയിലാണ് ഐടെൽ ഈ ഫ്ലിപ്പ് വൺ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്മാർട്ട്ഫോണിനെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഐടെൽ ഫ്ലിപ്പ് വൺ അവതരിപ്പിക്കുന്നതിലൂടെ ഫീച്ചർ ഫോൺ സെഗ്മെന്റിനെ പുനർ നിർവചിക്കുകയാണ് തങ്ങൾ ചെയ്തിരിക്കുന്നത് എന്ന് ഐടെൽ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.


Click it and Unblock the Notifications








