നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
സ്മാർട്ട്ഫോണുകളുടെ പ്രളയത്തിനിടയിലും ഇന്ത്യയിൽ ഫീച്ചർ ഫോണുകൾക്ക് ആവശ്യക്കാരേറെയുണ്ട്. പല കാരണങ്ങളാൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തവർ ഏറെയാണ്. ചിലർ സ്മാർട്ട്ഫോൺ അഡിക്ഷൻ ഒഴിവാക്കാൻ ഫീച്ചർഫോണുകൾ തിരഞ്ഞെടുക്കുന്നു. ഇതുകൂടാതെ, സാധാരണക്കാർ തങ്ങളുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ അനുയോജ്യം ഫീച്ചർ ഫോണുകളാണെന്ന് വിശ്വസിക്കുന്നു, വിലയും ഇവിടെ ഒരു മുഖ്യ ഘടകമാണ്.
ഇപ്പോഴും ആവശ്യക്കാർ ഉണ്ട് എന്നതിനാൽ തന്നെ ഇന്ത്യൻ മൊബൈൽ വിപണിയിൽ പുതിയ പുതിയ ഫീച്ചർ ഫോണുകൾ എത്തുന്നുണ്ട്. പ്രധാനമായും നോക്കിയയുടെയും സാംസങ്ങിന്റെയുമൊക്കെ ഫീച്ചർ ഫോണുകൾക്കാണ് ഡിമാൻഡ് കൂടുതൽ. ടെലിക്കോം രംഗത്തെ വമ്പനായ റിലയൻസും ജിയോ ഭാരത് ഫീച്ചർ ഫോണുകളുമായി വിപണിയിൽ സജീവമാണ്.

ഇങ്ങനെ വമ്പന്മാരും കുഞ്ഞന്മാരുമൊക്കെ കളം നിറഞ്ഞ് നിൽക്കുന്ന ഫീച്ചർ ഫോൺ വിപണിയിലേക്ക് ഐടെൽ (itel) ഇപ്പോൾ ഒരു കിടിലൻ ഫീച്ചർ ഫോൺ അവതരിപ്പിച്ചിരിക്കുന്നു. ഐടെൽ സൂപ്പർഗുരു 4ജി ( itel Super Guru 4G) എന്നാണ് ഈ ഫീച്ചർ ഫോണിന്റെ പേര്.
ഇന്ത്യയിലെ സാധാരണക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ കഴിയുന്ന ഒരു ഫീച്ചർ ഫോൺ എന്ന നിലയിലാണ് ഐടെൽ സൂപ്പർഗുരു 4ജി എത്തിയിരിക്കുന്നത്. ജിയോയുടെ ഫീച്ചർ ഫോണുകൾക്കും നോക്കിയയുടെ ഫീച്ചർ ഫോണുകൾക്കും വൻ വെല്ലുവിളി ഉയർത്താൻ ഈ 4ജി ഫോണിന് സാധിക്കും.

കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഐടെൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണയിൽ ശ്രദ്ധ നേടിയത്. മറ്റ് ബ്രാൻഡുകൾ 15000 രൂപയിൽ താഴെ വിലയിൽ ഇറക്കുന്ന ഫോണുകൾ ഐടെൽ പലപ്പോഴും 8000 രൂപയിൽ താഴെ വിലയിൽ വിപണിയിൽ എത്തിക്കാറുണ്ട്. അടുത്തിടെ ലോഞ്ച് ചെയ്ത ഐടെൽ പവർ സീരീസ് ഫോണുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇത് കൂടാതെ ഐടെൽ പി55 5ജി എന്ന പേരിൽ പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി ഫോണും ഐടെൽ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് ശേഷമാണ് പല ബ്രാൻഡുകളും പതിനായിരം രൂപ വിലയിലും 5ജി ഫോണുകൾ കൂടുതലായി പുറത്തിറക്കി തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഐടെൽ ഇപ്പോൾ പുറത്തിറക്കിയ സൂപ്പർഗുരു 4ജി ഫോൺ കീപാഡ് ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ്.
2 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐടെൽ സൂപ്പർ ഗുരു VoLTE പിന്തുണയോടെ ഡ്യുവൽ 4G സിം കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. ഒരു ഫീച്ചർ ഫോൺ ആണെങ്കിലും ഈ ഫോൺ കുറച്ച് സ്മാർട്ടുമാണ്. ബാർകോഡ് സ്‌കാൻ ചെയ്ത് യുപിഐ പേയ്‌മെൻ്റുകൾ ഉൾപ്പെടെ നടത്താനുള്ള സൗകര്യം ഇതിലുണ്ട്. അതിനായി പിൻപാനലിലെ വിജിഎ ക്യാമറ പ്രയോജനപ്പെടുത്തുന്നു.

ക്ലൗഡ് അധിഷ്‌ഠിത YouTube പ്ലേബാക്കും പിന്തുണയ്ക്കും എന്നതാണ് ഈ ഫീച്ചർ ഫോണിന്റെ മറ്റൊരു പ്രത്യേകത. യൂട്യൂബ് ഷോർട്ട്സും മറ്റും ആസ്വദിക്കാൻ ഇത് ഉപകാരപ്പെടും. ഇത് കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, പഞ്ചാബി ഭാഷകളിൽ ബിബിസി വാർത്തകൾ ആക്സസ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
ഫീച്ചർ ഫോൺ ആണെങ്കിലും അത്യാവശ്യം എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ ഫോണിന് കഴിയും.
ലെറ്റ്‌സ്‌ചാറ്റ് ആപ്പ് ഇതിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. കൂടാതെ സോകോബാൻ, 2048, ടെട്രിസ് തുടങ്ങിയ ഗെയിമുകളും ഇതിലുണ്ട്. തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഡ്യുവൽ 4G സിം സ്ലോട്ടുകളാണ് ഈ ഫീച്ചർ ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്.
ഐടെൽ സൂപ്പർ ഗുരു 4G ഫീച്ചർ ഫോണിന്റെ പ്രധാന സവിശേഷതകൾ: 2 ഇഞ്ച് സ്ക്രീൻ, VoLTE പിന്തുണയുള്ള ഡ്യുവൽ - 4G, 2G/3G, വിജിഎ ക്യാമറ, UPI പേയ്മെന്റ് പിന്തുണ, 6 ദിവസം വരെ ബാക്കപ്പ് ലഭിക്കുന്ന 1000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.
1,799 രൂപയാണ് ഐടെൽ സൂപ്പർ ഗുരു 4ജി ഫീച്ചർ ഫോണിന്റെ വില. ഗ്രീൻ, ബ്ലാക്ക്, ഡാർക്ക് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വിവിധ ഓഫ്‌ലൈൻ, ഓൺലൈൻ റീട്ടെയിൽ ചാനലുകൾ വഴിയും വാങ്ങാം.


Click it and Unblock the Notifications