വിലക്കുറവിന്റെ ഐടെൽ 5G മാജിക് വീണ്ടും! ഐടെൽ സെനോ 5ജി ലോഞ്ച് ചെയ്തു, വെറും 9299 രൂപയ്ക്ക് വാങ്ങാം
ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിർമാണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഐടെൽ ഇന്ത്യയിൽ 10000 രൂപയിൽ താഴെ വിലയിൽ മറ്റൊരു പുതിയ 5ജി ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. ഐടെൽ സെനോ 5ജി (itel Zeno 5G) എന്നാണ് ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര്. വിലക്കുറവിന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ഏറ്റവും മികച്ചൊരു 5ജി ഫോൺ തന്നെ നൽകാൻ ഐടെൽ ശ്രമിച്ചിട്ടുണ്ട് എന്നാണ് ഇതിലെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുക. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഐടെൽ സെനോ 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.
ഒരു ബജറ്റ് 5G ഫോൺ തിരയുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഒരു മികച്ച ഓപ്ഷനായി ഇനി ഐടെൽ സെനോ 5ജി വിപണിയിൽ ഉണ്ടാകും. ഇതിൽ പരമാവധി 128 ജിബി വരെ സ്റ്റോറേജ് മാത്രമേ ലഭ്യമാകൂ, എന്നാൽ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാൻ കഴിയും.

ഈ വർഷം ആദ്യം പുറത്തിറക്കിയ സെനോ 10 നെക്കാൾ മികച്ച സ്‌പെസിഫിക്കേഷനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന സെനോ 5ജിക്ക് ഉണ്ട്. 4GB റാം +128GB സ്റ്റോറേജ് എന്ന സിംഗിൾ വേരിയന്റിൽ മാത്രമാണ് ഈ ബജറ്റ് 5ജി ഫോൺ നിലവിൽ ലഭ്യമാകുക. ഭാവിയിൽ ഉയർന്ന വേരിയന്റുകൾ അവതരിപ്പിക്കപ്പെട്ടേക്കാം.
ഐടെൽ സെനോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, പഞ്ച്-ഹോൾ ഡൈനാമിക് ബാർ, പാൻഡ MN228 സ്ക്രീൻ പ്രൊട്ടക്ഷൻ എന്നിവയുള്ള 6.67 ഇഞ്ച് HD+ IPS ഡിസ്പ്ലേ ആണ് ഇതിൽ ഉള്ളത്. വാങ്ങി ആദ്യ 100 ദിവസ കാലയളവിൽ കമ്പനി സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും വാഗ്ദാനം ചെയ്യുന്നു.

2.4GHz ക്ലോക്ക് സ്പീഡ് വരെ പ്രവർത്തിക്കാൻ കഴിയുന്ന മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസർ ആണ് സെനോ 5G യുടെ ശക്തികേന്ദ്രം. 4GB റാമും 128GB റോമും ഇതിൽ ഉണ്ട്. 5 വർഷത്തെ "ലാഗ്-ഫ്രീ ഫ്ലൂവൻസി എക്സ്പീരിയൻസ്" ഈ ഫോണിന് ഐടെൽ ഉറപ്പ് നൽകുന്നുണ്ട്.
ഐടെൽ സെനോ 5ജിയുടെ റിയർ ക്യാമറ യൂണിറ്റിലെ പ്രധാന ക്യാമറ 50MP ആണ്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. Ask AI, Aivana തുടങ്ങിയ AI ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിൽ ഐടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഐടെൽ സെനോ 5ജി പ്രവർത്തിക്കുന്നത്. 4ജിബി വെർച്വൽ റാം, പൊടി- ജല പ്രതിരോധത്തിനായി IP54 റേറ്റിങ്, സുരക്ഷയ്ക്കായി ഫേസ് അൺലോക്കിംഗ് പിന്തുണ എന്നിവയും ഇതിലുണ്ട്. കൂടാതെ കണ്ടന്റ് ജനറേഷന് ഉപകാരപ്പെടുന്ന ബിൽറ്റ്-ഇൻ എഐ ടൂളും ഡിസ്കവറി, ഗ്രാമർ ചെക്കിങ് എന്നിവ സഹിതം ഇതിലുണ്ട്.

10W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ ബജറ്റ് 5ജി ഫോണിൽ ഐടെൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, IR ബ്ലാസ്റ്ററും, യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്. കാൽക്സ് ടൈറ്റാനിയം, ഷാഡോ ബ്ലാക്ക്, വേവ് ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.
ഐടെൽ സെനോ 5ജിയുടെ 4GB + 128GB സിംഗിൾ വേരിയന്റിന് 10,299 രൂപ ആണ് ഇന്ത്യയിലെ വില. ആമസോൺ വഴി മാത്രമാണ് ഈ ഫോൺ വാങ്ങാൻ സാധിക്കുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കൊപ്പം 1,000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തുമ്പോൾ 9299 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകുന്നു.


Click it and Unblock the Notifications