999 രൂപയ്ക്ക് ജിയോഭാരത് ഫോൺ അവതരിപ്പിച്ച് റിലയൻസ്; ലക്ഷ്യം 2ജി മുക്ത ഭാരതം!
ഇന്ത്യയെ 2ജിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 999 രൂപ വിലയിൽ ജിയോഭാരത് ഫോണുകൾ പ്രഖ്യാപിച്ച് റിലയൻസ്. കാർബണുമായി ചേർന്ന് പുറത്തിറക്കുന്ന രണ്ട് ജിയോ ഭാരത് ഫോൺ മോഡലുകളിലൊന്ന് കമ്പനി ലോഞ്ച് ചെയ്തു. ആദ്യത്തെ ഒരു ദശലക്ഷം ജിയോഭാരത് ഫോണുകളുടെ ബീറ്റ ട്രയൽ ജൂലൈ 7 ന് ആരംഭിക്കും.
രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ ജൂലൈ 7 മുതൽ ജിയോഭാരത് ഫോൺ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 4ജി ആണ് എന്നതാണ് റിലയൻസ് ജിയോ പുറത്തിറക്കുന്ന ഈ ഫീച്ചർ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഇന്ത്യയെ ഡിജിറ്റൽ ശാക്തീകരണത്തിലേക്ക് നയിക്കാനുള്ള നീക്കങ്ങൾക്ക് കരുത്തുപകരുന്നതാണ് ജിയോയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്റർനെറ്റിന്റെ ലോകത്തേക്ക് സാധാരണക്കാരെ ഏറ്റവും കുറഞ്ഞ ചെലവിൽ കൈപിടിച്ച് കൊണ്ടുവരുന്നു എന്നതാണ് ജിയോഭാരത് ഫോണുകളുടെ പ്രത്യേകത. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനായി വിലകൂടിയ സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ കഴിയാത്ത വലിയൊരു വിഭാഗം ഉപഭോക്താക്കളെയാണ് ഈ ജിയോ ഫോണുകൾ ലക്ഷ്യമിടുന്നത്. നിലവിൽ കാർബണുമായി ചേർന്ന് രണ്ട് മോഡലുകളാണ് പുറത്തിറക്കുക.
ജിയോ ഭാരത് ഫോണുകൾ' നിർമ്മിക്കുന്നതിനായി മറ്റ് ബ്രാൻഡുകൾ ഉടൻ തന്നെ 'ജിയോ ഭാരത് പ്ലാറ്റ്‌ഫോം' സ്വീകരിക്കുമെന്ന് റിലയൻസ് ജിയോ സ്ഥിരീകരിക്കുന്നുണ്ട്. കൂടുതൽ താങ്ങാനാവുന്ന മോഡലുകൾ അവതരിപ്പിക്കുന്നതിന് കൂടുതൽ ബ്രാൻഡുകൾ ജിയോയുമായി സഹകരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജിയോ ഫോണിനൊപ്പം ഇതിനുള്ള ജിയോ പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവർത്തനത്തിൽ മറ്റ് ഫീച്ചർ ഫോണുകൾ പോലെ തന്നെയാണെങ്കിലും ജിയോഭാരത് ഫീച്ചർ ഫോണുകൾ 4ജി ഫോണുകളാണ്. സ്‌ക്രീനിന് താഴെ കീപാഡും ഭാരത് ബ്രാൻഡിംഗും ഉണ്ട്. ഇന്ത്യയിൽ എവിടെയും അൺലിമിറ്റഡ് കോളുകൾ ചെയ്യാനും ഫോട്ടോകൾ എടുക്കാനും ജിയോപേ ( JioPay ) ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താനും ജിയോഭാരത് ഫോൺ ഉപയോക്താക്കളെ അനുവദിക്കുന്നു.
ജിയോ സിനിമ, ജിയോ സാവൻ, എന്നീ ജിയോ സേവനങ്ങളുടെയും എഫ്എം റേഡിയോയുടെയും പിന്തുണ ഉൾപ്പെടെ ധാരാളം എൻർടെയ്ൻമെന്റ് ഓപ്ഷനുകളും ജിയോഭാരത് ഫോണുകളിലുണ്ട്. രണ്ട് മോഡലുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. രണ്ട് കളർ ഓപ്ഷനുകളിൽ ജിയോഭാരത് ഫോണുകൾ ലഭ്യമാകും. രണ്ട് മോഡലുകളിലൊന്നിന്റെ പിൻ കവറിൽ "ജിയോ" ബ്രാൻഡ് ലോഗോ ഉൾപ്പെടുന്നു. രണ്ടാമത്തെ മോഡലിൽ "കാർബൺ" ലോഗോ ഉൾപ്പെടുന്നു.
പുതിയതായി അവതരിപ്പിക്കുന്ന ജിയോഭാരത് ഫോണിനൊപ്പം ജിയോഭാരത് റീച്ചാർജ് ഓപ്ഷനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 123 രൂപ, 1234 രൂപ എന്നീ നിരക്കുകളിലാണ് പുതിയ ജിയോ ഭാരത് പ്ലാനുകൾ എത്തുക. ഇതിൽ 123 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 14 ജിബി ഡാറ്റയും (പ്രതിദിനം 0.5 ജിബി), അൺലിമിറ്റഡ് വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു.
1234 രൂപയുടെ ജിയോഭാരത് പ്ലാൻ വാർഷിക പ്ലാൻ ആണ്. ആകെ 168 ജിബി ഡാറ്റയും ( പ്രതിദിനം 0.5 ജിബി ഡാറ്റ ) അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ ജിയോ ബ്രാൻഡിംഗ് ഉപയോഗിച്ച് ഫോൺ വാങ്ങുന്ന ആളുകൾക്കുള്ളതാണ്.
മറ്റ് ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ പുറത്തിറക്കിയ ജിയോഭാരത് ഫോൺ ( ഇപ്പോൾ കാർബൺ മാത്രം ) 179 രൂപ, 1799 രൂപ നിരക്കുകളിലുള്ള രണ്ട് പ്ലാനുകളുമായാണ് വരുന്നത്. 179 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകും 1799 രൂപയുടേത് വാർഷിക പ്ലാൻ ആണ്. ഈ രണ്ട് പ്ലാനുകളുടെയും ആനുകൂല്യങ്ങൾ ജിയോ ഭാരത് പ്ലാനുകളിലേതിന് സമാനമാണ്.
സാങ്കേതികവിദ്യ കുറച്ച ആളുകൾക്ക് മാത്രം ലഭ്യമാകുകയും മറ്റുള്ളവർക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ജിയോ പറയുന്നത്. ലോകം 5ജി വിപ്ലവത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും രാജ്യത്ത് 250 ദശലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കൾ 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്നു, അവർക്ക് ഇന്റർനെറ്റിന്റെ അടിസ്ഥാന സവിശേഷതകളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നും ജിയോഭാരത് ഫോൺ പ്രഖ്യാപിക്കവേ ചെയർമാൻ ആകാശ് അംബാനി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications








