ജിയോഭാരത് സീരീസിൽ പുതിയ 4G ഫീച്ചർ ഫോൺ അവതരിപ്പിച്ച് ജിയോ; വില 1,299 രൂപ
ടെലിക്കോം മേഖലയിൽ മാത്രമല്ല, ഫീച്ചർ ഫോണുകളുടെ വിൽപ്പനയിലും കളംപിടിക്കാൻ ലക്ഷ്യമിട്ട് പുതിയ ഫീച്ചർ ഫോൺ അവതരിപ്പിച്ച് ജിയോ. തങ്ങളുടെ ഫീച്ചർ ഫോൺ സീരീസായ ജിയോഭാരതിന് കീഴിൽ ജിയോഭാരത് ബി1 എന്ന പേരിൽ ആണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. അൽപ്പം വലിയ സ്‌ക്രീനുള്ള അടിസ്ഥാന 4G ഫോണാണിത്.
ജിയോഭാരത് വി2, കെ1 കാർബൺ മോഡലുകളുടെ ചെറുതായി നവീകരിച്ച പതിപ്പാണിത്. ജിയോഭാരത് ബി1 സീരീസ് എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണുകളാണ് ജിയോഭാരത് സീരീസിൽ ജിയോ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ജിയോഭാരത് ബി1 ജിയോയുടെ മറ്റൊരു ലോ എൻഡ് ഫോണാണ്.

ജിയോ അവതരിപ്പിച്ച ജിയോഭാരത് ബി1 ഫീച്ചർ ഫോണിന്റെ സവിശേഷതകൾ: 4ജി കണക്റ്റിവിറ്റി ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സിനിമകളും വീഡിയോകളും ആസ്വദിക്കാൻ കഴിയുന്ന 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ബി1 ഫീച്ചർ ഫോണിലുള്ളത്. കൂടാതെ, 2,000mAh ബാറ്ററി ഈ ഫീച്ചർ ഫോണിന് ദീർഘനേരത്തെ പ്രവർത്തനക്ഷമത ഉറപ്പ് നൽകുന്നു.
മുൻ വേരിയന്റുകളെ അപേക്ഷിച്ച് സ്‌ക്രീനിലും ബാറ്ററി കപ്പാസിറ്റിയിലും നേരിയ നവീകരണം മാത്രമേ ജിയോഭാരത് ബി1 വാഗ്ദാനം ചെയ്യുന്നുള്ളൂ. ഈ ഫോണിന്റെ പിന്നിൽ ഒരു ക്യാമറ നൽകിയിട്ടുണ്ടെങ്കിലും ഇത് എത്ര മെഗാപിക്സൽ ആണ് എന്ന് ഇപ്പോൾ വ്യക്തമല്ല. ടു-ടോൺ ഫിനിഷുള്ള ഒരു പ്ലാസ്റ്റിക്ക് കൊണ്ടുള്ള യൂണിറ്റാണ് പിൻ പാനലിൽ നൽകിയിരിക്കുന്നത്.
പിൻ പാനലിന് മാറ്റ് ഫിനിഷും മധ്യഭാഗത്ത് ജിയോ ലോഗോയും വിസർ പോലുള്ള ക്യാമറ മൊഡ്യൂളിന് തിളങ്ങുന്ന ഫിനിഷുമുണ്ട്. ഒരു ലൗഡ് സ്പീക്കർ ഗ്രില്ലും ഇതോടൊപ്പം പിൻ പാനലിലുണ്ട്. ജിയോ ഭാരത് സീരീസ് 23 ഭാഷകളെ പിന്തുണയ്ക്കുന്നു എന്നാണ് ജിയോയുടെ അവകാശവാദം. വെബ്‌സൈറ്റ് വിവരങ്ങൾ അനുസരിച്ച്, ജിയോയുടെ പ്രീഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഫോണിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിയോ ഇതര സിം കാർഡുകൾ ജിയോഭാരത് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയില്ല. ഉപയോക്താക്കൾക്ക് വീഡിയോകൾ ആസ്വദിക്കാനും ജിയോ പേ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താനും ഈ ഫീച്ചർ ഫോണിൽ ഓപ്ഷനുണ്ട്. പുതിയ ജിയോഭാരത് ബി1 ഫോൺ നിലവിൽ കറുപ്പ് നിറത്തിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ജിയോസിനിമ ആപ്പ് ഒന്നിലധികം ഭാഷകളിൽ സ്പോർട്സ്, വീഡിയോകൾ, സിനിമകൾ എന്നിവ ആസ്വദിക്കാൻ അവസരം ഒരുക്കും. ഇതിലെ ജിയോസാവൻ ആപ്പ് ഉപയോക്താക്കൾക്ക് വിവിധ ഭാഷകളിലായി 8 കോടിയിലധികം ഗാനങ്ങളിലേക്ക് ആക്‌സസ് നൽകുന്നു, കൂടാതെ ഇതിന് ഒരു ബിൽറ്റ്-ഇൻ എഫ്എം റേഡിയോയും ഉണ്ട്.

പുതിയ ജിയോഭാരത് ബി1 ഫോണിലെ ജിയോ പേ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ പേയ്‌മെന്റുകളും സാധ്യമാകും. ആമസോണിൽ നിന്നും ഔദ്യോഗിക ജിയോ സ്റ്റോറുകളിൽ നിന്നും ജിയോഭാരത് ബി1 ഫോൺ വാങ്ങാം. വെറും 12,999 രൂപയ്ക്ക് 4ജിഫീച്ചർ ഫോൺ വാഗ്ദാനം ചെയ്യുന്ന ജിയോ ചെറുകിട ഫീച്ചർ ഫോൺവിപണിയിൽ മത്സരം ശക്തമാക്കുന്നു.
സ്മാർട്ട്ഫോണുകൾക്കൊപ്പം ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ഒരു സെക്കൻഡറി ഫോണായി ഫീച്ചർ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് ജിയോഭാരത് ബി1 ഫോണിലൂടെ ജിയോ നൽകിയിരിക്കുന്നത്. വില കുറഞ്ഞ ഫീച്ചർ ഫോണുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്ന ഈ സീരീസിൽ ഇനിയും പുതിയ ഫോണുകൾ വരും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








