സ്മാർട്ട്ഫോൺ പോലൊരു ഫീച്ചർ ഫോൺ! അംബാനിയുടെ ദീപാവലി 'സമ്മാനം' ആമസോണിൽ വിൽപ്പനയ്ക്ക് എത്തി
അടുത്തിടെ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023ൽ ജിയോ അവതരിപ്പിച്ച ഏറ്റവും പുതിയ 4ജി ഫീച്ചർ ഫോണായ ജിയോ പ്രൈമ ( Jio Prima) യുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ഫീച്ചർ ഫോണാണെങ്കിലും സ്മാർട്ട്ഫോണുകളിൽ കാണുന്ന ചില ആപ്പുകളുടെ സാന്നിധ്യമാണ് ജിയോ ഫോൺ പ്രൈമയെ ശ്രദ്ധേയമാക്കുന്നത്.
ഫീച്ചർ ഫോണുകളിൽ സാധാരണയായി കാണാത്ത വാട്സ്ആപ്പ്, യൂട്യൂബ് അടക്കമുള്ള ആപ്പുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റ് ഫീച്ചർ ഫോണുകളിൽ നിന്ന് ജിയോ പ്രൈമ 4ജിയെ വേറിട്ട് നിർത്തുന്നത്. ജിയോ പ്രൈമയിലൂടെ 4ജി ഫീച്ചർ ഫോണുകളുടെ നിലവാരം അടുത്ത ഘട്ടത്തിലേക്ക് ജിയോ മെച്ചെപ്പെടുത്തി എന്നുതന്നെ പറയാം.

ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ അവതരിപ്പിച്ചതിന് പിന്നാലെ ദീപാവലിയോട് അടുത്ത് ജിയോ പ്രൈമ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് ജിയോ അറിയിച്ചിരുന്നു. പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ദീപാവലിക്ക് മുൻപ് ഇപ്പോൾ ഈ ഫോൺ ജിയോ ഇന്ത്യയിൽ വാങ്ങാനായി ലഭ്യമാക്കിയിരിക്കുന്നു. 2,599 രൂപ വിലയിലാണ് ഈ 4ജി ഫീച്ചർ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.
റിലയൻസ്ഡിജിറ്റൽ. ഇൻ (RelianceDigital.in), ജിയോമാർട്ട് ഇലക്ട്രോണിക്സ്, ആമസോൺ എന്നിവിടങ്ങളിൽ നിന്ന് ഓൺലൈനായും അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഓഫ്‌ലൈനായും ജിയോ പ്രൈമ ഫോൺ വാങ്ങാം. നീല, മഞ്ഞ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ജിയോ പ്രൈമ 5ജി വിൽപ്പനയ്ക്ക് എത്തുന്നു. ഒരു വർഷത്തെ വാറന്റിയും ഈ ഫോണിന് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു സാധാരണ ഫീച്ചർ ഫോണിൽ കാണുന്നതിനെക്കാൾ മികച്ച ഫീച്ചറുകൾ ജിയോ പ്രൈമ 4ജിയിൽ ഉപയോക്താവിന് ലഭിക്കും എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഫോണിന്റെ ഡീറ്റെയിൽസ് വെളിപ്പെടുത്തുന്നത്. ഫീച്ചർ ഫോൺ വിപണിയിൽ മത്സരം ശക്തമാക്കിക്കൊണ്ട് റിലയൻസ് ജിയോ അവതരിപ്പിച്ച ജിയോ പ്രൈമ ഫോണിന്റെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.
320x240 പിക്സൽ റെസല്യൂഷനോട് കൂടിയ 2.4 ഇഞ്ച് TFT ഡിസ്പ്ലേയാണ് ജിയോ പ്രൈമയിൽ ഉള്ളത്. വൃത്താകൃതിയിലുള്ള എഡ്ജുകളുള്ള സ്റ്റാൻഡേർഡ് ഫീച്ചർ ഫോൺ ഡിസൈനും, പിൻ പാനലിൽ കോൺസെൻട്രിക് സർക്കിൾ ഡിസൈനും ജിയോ പ്രൈമ വാഗ്ദാനം ചെയ്യുന്നു. ജിയോ ലോഗോ അടങ്ങുന്ന ബായ്ക്ക് പാനലിൽ ഫ്ലാഷ്ലൈറ്റ് സഹിതം ക്യാമറയും ഫ്രണ്ടിൽ 0.3 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.
ARM കോർട്ടെക്സ് A53 പ്രോസസർ കരുത്താക്കിയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 512 എംബി ആണ് റാം. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ വർദ്ധിപ്പിക്കാം. KaiOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഈ ജിയോ പ്രൈമ ഫീച്ചർ ഫോൺ പ്രവർത്തിക്കുന്നത്.

ശക്തമായ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0, വൈഫൈ എന്നിവയുണ്ട്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് പോലുള്ള ആപ്പുകളുടെ പിന്തുണയും ജിയോ പ്രൈമ 4ജി ഉറപ്പാക്കിയിട്ടുണ്ട്. യൂട്യൂബ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ, ജിയോ ന്യൂസ് തുടങ്ങിയ ആപ്പുകൾ ഇതിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. അതിനാൽത്തന്നെ സാധാരണ ഫോണിലും എന്റർടെയ്ൻമെന്റ് സാധ്യമാകുന്നു.
പണമിടപാടുകൾക്കായി ജിയോ പേ സൗകര്യവും ഈ ഫീച്ചർ ഫോണിൽ നൽകിയിരിക്കുന്നു. കൂടാതെ യാത്രകളിലും മറ്റും തങ്ങളുടെ പ്രിയപ്പെട്ട എഫ്എം സ്റ്റേഷനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി എഫ്എം റേഡിയോ ഫീച്ചറും ഉണ്ട്. കുറഞ്ഞ വിലയ്ക്ക് ഒരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഫീച്ചർ ഫോണാണ് പുതിയ ജിയോ പ്രൈമ.


Click it and Unblock the Notifications








