7,000mAh ബാറ്ററി, ക്ലീൻ യുഐ; 12,000 രൂപയിൽ താഴെ കാർബൺ റെബൽ സീരീസ് വിപണിയിൽ
സ്വദേശി ബ്രാൻഡായ കാർബൺ (Karbonn) തങ്ങളുടെ പുതിയ 'റെബൽ' (Rebel) സീരീസിലൂടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. 12,000 രൂപയിൽ താഴെ വിലയുള്ള ഫോണിൽ 7,000mAh വമ്പൻ ബാറ്ററിയാണ് പ്രധാന ആകർഷണം. 'റെബൽ', 'റെബൽ പ്രോ' എന്നീ രണ്ട് മോഡലുകളാണ് നവംബർ 2-ന് അവതരിപ്പിച്ചത്. ഇവയുടെ വിൽപ്പന നവംബർ 4 മുതൽ ആമസോണിലൂടെ ആരംഭിക്കും. ആൻഡ്രോയിഡ് 16, IP64 റേറ്റിംഗ്, ആവശ്യമില്ലാത്ത ആപ്പുകൾ (ബ്ലോട്ട്‌വെയറുകൾ) ഇല്ലാത്ത ക്ലീൻ സോഫ്റ്റ്‌വെയർ എന്നിവയാണ് മറ്റ് വിശേഷങ്ങൾ. ബജറ്റ് റേഞ്ചിൽ തകർപ്പൻ ബാറ്ററി ലൈഫും ക്ലീൻ ഫോൺ അനുഭവം ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഇവ എത്തുന്നത്.
റെബൽ മോഡലിൽ 7,000mAh ബാറ്ററിയ്ക്കൊപ്പം 18W ചാർജിംഗും 6.75 ഇഞ്ച് 90Hz ഡിസ്പ്ലേയുമാണ് ഉള്ളത്. എന്നാൽ റെബൽ പ്രോയിൽ 6,000mAh ബാറ്ററിയും 20W ഫാസ്റ്റ് ചാർജിംഗും 6.7 ഇഞ്ച് 120Hz സ്ക്രീനുമാണുള്ളത്. രണ്ട് ആൻഡ്രോയിഡ് വേർഷൻ അപ്‌ഗ്രേഡുകളും രണ്ട് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും രണ്ട് ഫോണുകൾക്കും കാർബൺ ഉറപ്പുനൽകുന്നുണ്ട്. തേർഡ് പാർട്ടി ആപ്പുകൾ ഇല്ലാത്ത ക്ലീൻ യുഐയ്ക്ക് പുറമെ ഗൂഗിളിന്റെ 'ജെമിനി' AI ഫീച്ചറുകളും ഇൻബിൽറ്റായി നൽകിയിട്ടുണ്ട്. ബ്ലൂ, ഗോൾഡ്, സിൽവർ നിറങ്ങളിലാണ് റെബൽ എത്തുന്നതെങ്കിൽ, പ്രോ മോഡലിൽ ബർഗണ്ടി, ബ്ലൂ, ഗോൾഡ്, ഗ്രേ നിറങ്ങളും ലഭ്യമാണ്.

കാർബൺ റെബൽ: ഇന്ത്യയിലെ വിലയും വിൽപ്പന തീയതിയും
കാർബൺ റെബലിന് 11,999 രൂപയും റെബൽ പ്രോയ്ക്ക് 12,499 രൂപയുമാണ് വില. എന്നാൽ 1,000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഓഫർ കൂടി ലഭ്യമാണ്. ഇതോടെ ഓഫർ വില യഥാക്രമം 10,999 രൂപയും 11,499 രൂപയുമായി കുറയും. നവംബർ 4-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിലൂടെ മാത്രമാണ് ആദ്യ വിൽപ്പന. ഈ വില വിഭാഗത്തിൽ അപൂർവ്വമായി മാത്രം കാണുന്ന ഇൻ-ബോക്സ് ചാർജറും ഫോണിനൊപ്പം നൽകുന്നുണ്ട്. റെബൽ സീരീസിലെ 5G മോഡൽ ഉടൻ പുറത്തിറക്കുമെന്ന സൂചനയും കാർബൺ നൽകുന്നുണ്ട്.
കാർബൺ റെബൽ പ്രോ അതോ റെബൽ: ഏതാണ് നിങ്ങൾ വാങ്ങേണ്ടത്?
ഉയർന്ന റീഫ്രഷ് റേറ്റോ ക്യാമറ അപ്‌ഗ്രേഡോ വേണ്ട, പകരം കൂടുതൽ സമയം ചാർജ് നിൽക്കുന്ന ഫോണാണ് ആവശ്യമെങ്കിൽ കാർബൺ റെബൽ തിരഞ്ഞെടുക്കാം. ഇതിലെ 7,000mAh ബാറ്ററിയും IP64 ബിൽഡും ആൻഡ്രോയിഡ് 16-ഉം ദൈനംദിന ഉപയോഗത്തിന് മികച്ച പിന്തുണ നൽകും. എന്നാൽ കൂടുതൽ സ്മൂത്തായ 120Hz ഡിസ്പ്ലേയും കൂടുതൽ വ്യക്തതയുള്ള പ്രൈമറി ക്യാമറയുമാണ് നിങ്ങളുടെ മുൻഗണനയെങ്കിൽ റെബൽ പ്രോ വാങ്ങുന്നതാണ് നല്ലത്. ബജറ്റ് ഉപയോക്താക്കൾക്കായി 4GB റാമും 128GB സ്റ്റോറേജുമുള്ള റെബൽ വേരിയന്റും ലഭ്യമാണ്. എന്തായാലും ഇൻ-ബോക്സ് ചാർജർ, ഹെഡ്‌ഫോൺ ജാക്ക്, പ്രയോജനപ്രദമായ ജെമിനി AI ഫീച്ചറുകൾ എന്നിവ നൽകി ഈ ഫോണുകൾ മികച്ചൊരു പാക്കേജായി മാറുന്നുണ്ട്.


Click it and Unblock the Notifications
