തയാറെടുത്തിരുന്നോ! നത്തിങ് ഫോൺ (2) എത്തുന്നു; കരുത്ത് കൂടും
വ്യത്യസ്തമായ രൂപകല്പനയുമായി എത്തി ഏറെ ശ്രദ്ധ നേടിയ നത്തിങ് ഫോൺ(1) സ്മാർട്ട്ഫോണിന് അധികം വൈകാതെ പിൻഗാമി എത്തുമെന്ന് കമ്പനിയുടെ സ്ഥിരീകരണം. കാൾ പേയുടെ നേതൃത്വത്തിലുള്ള ടെക് കമ്പനിയായ നത്തിങ് അടുത്തതായി ഇറക്കാൻ പോകുന്ന സ്മാർട്ട്ഫോണിന് നത്തിങ് ഫോൺ (2) എന്നാണ് പേര് നൽകുക.
ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023-ൽ ആണ് പുതിയ നത്തിങ് ഫോൺ 2 വരുന്നകാര്യം കമ്പനി സ്ഥിരീകരിച്ചത്. ഇതോടൊപ്പം ആകസ്മികമായി നത്തിങ് ഫോൺ(2) പ്രോസസർ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. അടുത്ത നത്തിങ് ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ ചിപ്‌സെറ്റാണ് ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.

ഇതിനു പിന്നാലെ ഒരു ക്വാൽകോം എക്സിക്യൂട്ടീവ് നത്തിങ് ഫോൺ (2) സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറാണ് നൽകുന്നതെന്ന് ആകസ്മികമായി സ്ഥിരീകരിക്കുകയും ചെയ്തു. വൺപ്ലസ് 11 ആർ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നതും ഇതേ പ്രോസസറാണ്. നത്തിങ് ഫോണിനെക്കുറിച്ചുള്ള ഈ വിശദാംശങ്ങൾ ക്വാൽകോമി ഉദ്യോഗസ്ഥനായ അലക്സ് കറ്റൂസിയൻ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.
നത്തിങ് ഫോൺ (2) വിന് വേണ്ടി ക്വാൽകോം - നത്തിങ് സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തത്. നത്തിങ് ഫോൺ ( 2 )വിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറാണ് ഉണ്ടാകുക എന്ന് ഈ പോസ്റ്റിൽ വ്യക്തമായി പരാമർശിച്ചിരുന്നു.
എന്നാൽ കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ അദ്ദേഹം പ്രോസസർ വിവരങ്ങൾ ഉടൻ തന്നെ നീക്കം ചെയ്തു. എങ്കിലും അപ്പോഴേക്കും നത്തിങ് ആരാധകർ വിവരം ഏറ്റെടുത്തിരുന്നു. സ്‌നാപ്ഡ്രാഗൺ 778G+ പ്രോസസറാണ് നത്തിങ് ഫോൺ (1) -ൽ ഉണ്ടായിരുന്നത്. പുതിയ കരുത്തുറ്റ പ്രോസസറിന്റെ വരവ് സ്ഥിരീകരിക്കപ്പെട്ടതോടെ ഫോണിന്റെ പ്രകടനം ഏറെ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

പുതിയ നത്തിങ് 2വിനെക്കുറിച്ച് കമ്പനി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഡിസൈന്റെ കാര്യത്തിൽ മുൻഗാമിയായ നത്തിങ് ഫോൺ 1 നെ പിന്തുടർന്ന് തന്നെയാകും നത്തിങ് ഫോൺ (2) എത്തുക എന്നാണ് വിശ്വസിക്കപ്പെടുന്നത്. ലളിതമായി പറഞ്ഞാൽ നത്തിങ് ഫോൺ(2) ലും ഗ്ലിഫ് ഡിസൈൻ പ്രതീക്ഷിക്കാം.
എന്നാൽ പുതിയ നത്തിങ് ഫോണിന്റെ സ്പെസിഫിക്കേഷനുകളിൽ കാര്യമായ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. മികച്ച ബിൽഡ് ക്വാളിറ്റിയും ഹാർഡ്‌വെയറുമുള്ള നത്തിങ് (1)നെക്കാൾ കൂടുതൽ പ്രീമിയം ആയിരിക്കും നത്തിങ് (2) എന്ന് കാൾ പേയ് മുമ്പ് സ്ഥിരീകരിച്ചിരുന്നു. അതിനാൽത്തന്നെ പുതിയ നത്തിങ് ഫോൺ (2)വിന് വിലയും അൽപ്പം കൂടാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.

നത്തിങ് ഫോൺ (1) ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിൽ ആണ് അവതരിപ്പിച്ചത്. 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 32,999 രൂപയായിരുന്നു വില. 8 ജിബി റാം+ 256 ജിബി സ്റ്റോറേജ് 35,999 രൂപയ്ക്കും 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് 38999 രൂപയ്ക്കും ലഭിക്കും.
ഇപ്പോൾ, നത്തിങ് ഫോൺ(2) ലോഞ്ച് അടുക്കുമ്പോൾ, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ നത്തിങ്ങിന്റെ ജനപ്രിയ ഇയർഫോൺ ആയ നത്തിങ് ഇയർ 1ന്റെ പിൻഗാമിയായി നത്തിങ് ഇയർ 2 ഈ മാസം അവസാനത്തോടെ എത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
മാർച്ച് 22 ന് നത്തിങ് ഇയർ-2 പുറത്തിറക്കുമെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നത്തിങ് അറിയിച്ചിരിക്കുന്നത്. വൺ പ്ലസിന്റെ സഹസ്ഥാപകനായ കാൾ പെയ് 2020 ൽ ആണ് നത്തിങ് ആരംഭിക്കുന്നത്. നത്തിങ് ഇയർ-1, നത്തിങ് ഫോൺ (1 )എന്നീ രണ്ട് ഉല്പന്നങ്ങൾ മാത്രമാണ് നത്തിങ്ങിന്റേതായി ഇപ്പോൾ വിപണിയിലുള്ളത്.


Click it and Unblock the Notifications








