എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍
ഏത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരും ഒരു തവണയെങ്കിലും എയര്‍പ്ലെയ്ന്‍ മോഡ് പ്രയോജനപ്പെടുത്തിയിട്ടുണ്ടാകും. വിമാനയാത്രയ്ക്കിടയിലും കോളുകള്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലുമാണ് പലപ്പോഴും ആളുകള്‍ ഇത് ഉപയോഗിക്കുന്നത്. എയര്‍പ്ലെയ്ന്‍ മോഡിന് ഈ ഉപയോഗം മാത്രമേ ഉള്ളൂവെന്നാണ് പലരുടെയും വിചാരം. എന്നാല്‍ സത്യം അതല്ല. എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ അറിയേണ്ട മറ്റ് പല കാര്യങ്ങളുമുണ്ട്. അതേക്കുറിച്ച് വായിച്ചാലോ?

ഫോണ്‍ എയര്‍പ്ലെയ്ന്‍ മോഡിലേക്ക് മാറ്റുമ്പോള്‍, മൊബൈല്‍ കണക്ഷന്‍, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവ നിര്‍ജ്ജീവമാകും.

എങ്ങനെയാണ് എയര്‍പ്ലെയ്ന്‍ മോഡ് ഉപയോഗിക്കേണ്ടത്?
ക്വിക്ക് സെറ്റിംഗ്‌സില്‍ നിന്ന് എയര്‍പ്ലെയ്ന്‍ മോഡ് തിരഞ്ഞെടുക്കുക. അതില്‍ ലഭ്യമല്ലെങ്കില്‍ സെറ്റിംഗ്‌സിലേക്ക് പോയി നെറ്റ്‌വര്‍ക്ക് അന്റ് ഇന്റര്‍നെറ്റ് സെലക്ട് ചെയ്ത് അവിടെ നിന്ന് എയര്‍പ്ലെയ്ന്‍ മോഡ് തിരഞ്ഞെടുക്കണം.

എയര്‍പ്ലെയ്ന്‍ മോഡിലൂടെ ബാറ്ററി ചാര്‍ജ് സംരക്ഷിക്കാനാകുമോ?
എയര്‍പ്ലെയ്ന്‍ മോഡ് തീര്‍ച്ചയായും ബാറ്ററി ചാര്‍ജ് സംരക്ഷിക്കും. ഫോണിന്റെ ബന്ധങ്ങളെല്ലാം നിര്‍ജ്ജീവമാകുന്നതിനാല്‍ വളരെ കുറച്ച് ചാര്‍ജ്ജ് മാത്രമേ ഫോണ്‍ ഉപയോഗിക്കൂ. വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടിയും ഈ മോഡ് തിരഞ്ഞെടുക്കാം.

എയര്‍പ്ലെയ്ന്‍ മോഡില്‍ വൈ-ഫൈ ഉപയോഗിക്കാനാകുമോ?
ഇന്ന് പ്രചാരത്തിലുള്ള എല്ലാ ഫോണുകളിലും എയര്‍പ്ലെയ്ന്‍ മോഡിലും വൈ-ഫൈ ഉപയോഗിക്കാന്‍ കഴിയും. അതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, എയര്‍പ്ലെയ്ന്‍ മോഡ് ഓണ്‍ ആക്കിയതിന് ശേഷം വൈ-ഫൈ കൂടി ഓണ്‍ ആക്കുക.

എയര്‍പ്ലെയ്ന്‍ മോഡില്‍ അലാറം കേള്‍ക്കുമോ?
അലാറവും എയര്‍പ്ലെയ്ന്‍ മോഡും തമ്മില്‍ ഒരു ബന്ധവുമില്ല. അലാറം അടിക്കും.

കോള്‍ എടുക്കാന്‍ കഴിയുമോ?
എയര്‍പ്ലെയ്ന്‍ മോഡില്‍ നിങ്ങള്‍ക്ക് കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയില്ല. മൊബൈല്‍ കണക്ഷന്‍ നിര്‍ജ്ജീവമാകുന്നതിനാലാണിത്. എന്നാല്‍ വോയ്‌സ് മെയിലുകള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല.

പാട്ട് കേള്‍ക്കാനാകുമോ?
ഇന്റര്‍നെറ്റിന്റെ സഹായത്തോടെയല്ല പാട്ട് കേള്‍ക്കുന്നതെങ്കില്‍ എയര്‍പ്ലെയ്ന്‍ മോഡ് നിങ്ങളിലെ സംഗീതാസ്വാദകനെ ഒരു തരത്തിലും നിരാശപ്പെടുത്തുകയില്ല. ഗൂഗിള്‍ പ്ലേ മ്യൂസിക് നെറ്റ് ഉണ്ടെങ്കിലേ ഉപയോഗിക്കാന്‍ കഴിയൂ.
അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം എയര്‍പ്ലെയ്ന്‍ മോഡ് പ്രവര്‍ത്തനസജ്ജമാക്കുന്നതാണ് ഉത്തമം. അപ്പോള്‍ മൊബൈല്‍ കണക്ഷന്‍, ഇന്റര്‍നെറ്റ് എന്നിവ ആവശ്യമില്ലാത്ത ആപ്പുകള്‍ ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കും.


Click it and Unblock the Notifications