അഗ്നി പടർത്താൻ ലാവ! പുത്തൻ അഗ്നി 2 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കി
ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ലാവ തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ 'അഗ്നി 2' പുറത്തിറക്കി. 120 Hz റിഫ്രഷ് റേറ്റുള്ള കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ അടക്കം നിരവധി മികച്ച ഫീച്ചറുകളുമായാണ് ലാവയുടെ ഈ പുത്തൻ 5ജി ഫോൺ വിപണിയിലേക്ക് എത്തിയിരിക്കുന്നത്.
ഈ വർഷം ലാവയിൽ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാർട്ട്‌ഫോണാണ് അഗ്നി 2 5ജി. ലാവ ബ്ലേസ് 1X 5ജി ആണ് ആദ്യം പുറത്തിറങ്ങിയത്. മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ മികവോടെയാണ് അഗ്നി 2വിന്റെ വരവ്. മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡൈമൻസിറ്റി 7050 പ്രോസസറാണ് അഗ്നി 2വിന്റെ കരുത്ത്.

5ജി ഫോണുകൾക്ക് ഇപ്പോൾ വൻ ഡിമാൻഡുള്ള ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായി മാറാൻ ഇന്ത്യക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഏറെ ശ്രദ്ധയോടെയാണ് ലാവ തങ്ങളുടെ അഗ്നി 2വിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. വേഗതയേറിയ ഗെയിമിംഗും ആപ്പ് അനുഭവങ്ങളും ലാവ അഗ്നി 2 ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
ഡിസ്‌പ്ലേ, ചിപ്‌സെറ്റ്, ചാർജിംഗ്, ക്യാമറ ഡിപ്പാർട്ട്‌മെന്റുകളിൽ ലാവ അഗ്നി 2 5ജി അതിന്റെ മുൻഗാമിയേക്കാൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 120 Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് FHD+ സ്‌ക്രീനാണ് അഗ്നി 2വിൽ ഉള്ളത്. ഡബിൾ റൈൻഫോഴ്‌സ്ഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, HDR10+ പിന്തുണ എന്നിവയുമുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും ലാവ 2വിൽ കാണാം.

1.0-മൈക്രോൺ (1um) പിക്‌സൽ സൈസ് സെൻസറുള്ള 50 എംപി ക്യാമറയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് അഗ്നി 2വിൽ ഉള്ളത്. മറ്റ് മൂന്ന് ക്യാമറകളെക്കുറിച്ച് ലാവ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല, പക്ഷേ അവയിൽ അൾട്രാവൈഡ് യൂണിറ്റ്, മാക്രോ ലെൻസ്, ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഫ്രണ്ടിൽ 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
സ്‌റ്റോറേജിന്റെയും മെമ്മറിയുടെയും കാര്യമെടുത്താൽ, 256 ജിബി സ്‌റ്റോറേജിനൊപ്പം 8 ജിബി റാമും വാഗ്ദാനം അഗ്നി 2 ചെയ്യുന്നു, ഫ്രീ സ്റ്റോറേജ് ഉപയോഗിച്ച് 8GB വരെ വെർച്വൽ റാം ആയി ഉപയോഗിക്കാം. മെച്ചപ്പെട്ട കൂളിംഗ്, ഗെയിമിംഗിനായി ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോർ അഗ്നി 2 5ജി ഫീച്ചർ ചെയ്യുന്നു.
66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സ്റ്റോക്ക് ആൻഡ്രോയിഡ് 13-ലാണ് അഗ്നി 2 5ജി പ്രവർത്തിക്കുന്നത്. 16 മിനിറ്റിനുള്ളിൽ ചാർജറിന് ബാറ്ററി 50 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് ലാവ അവകാശപ്പെടുന്നു, ഇത് യാത്രയ്ക്കിടെ ഉപയോക്താക്കൾക്ക് അതിവേഗ ചാർജിംഗ് കഴിവുകൾ നൽകുന്നു.

ആൻഡ്രോയിഡ് 15 വരെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാഗ്ദാനം ചെയ്യുന്നു. 13 5ജി ബാൻഡുകൾക്കുള്ള പിന്തുണയും ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ വാറന്റി കാലയളവിൽ അഗ്നി 2 5G-ന് സൗജന്യമായി റീപ്ലേസ് ചെയ്യാമെന്നും ലാവ പറയുന്നു.
ലാവ അഗ്നി 2-ന്റെ 8ജിബി/ 256ജിബി മോഡലിന് 21,999 രൂപയാണ് ഇന്ത്യയിൽ വില. എങ്കിലും വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച്, ഏതെങ്കിലും 'മേജർ' ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി അഗ്നി 2 5ജി വാങ്ങുമ്പോൾ 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകും. മേയ് 24ന് രാവിലെ 10 ന് ആണ് വിൽപ്പന ആരംഭിക്കുക.
ആമസോൺ വഴിയാണ് അഗ്നി 2 വിൽപ്പനയ്‌ക്കെത്തുന്നത്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് അഗ്നി 2വിന്റെ വരവ്. റിയൽമി 10 പ്രോ, റെഡ്മി നോട്ട് 12 പ്രോ, ഓപ്പോ എഫ് 23 5 ജി, മോട്ടോ ജി 82 5 ജി എന്നിവയാകും അഗ്നി 2വിന്റെ എതിരാളികൾ.


Click it and Unblock the Notifications








