മറ്റുള്ളവർ ഇവിടുന്നങ്ങനെ കാശും വാരി പോകേണ്ട! 50MP ക്യാമറയുമായി ലാവയുടെ കൊമ്പൻ അഗ്നി 3 5G
ഇന്ത്യയിൽ സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുകയാണ്. ഷവോമി, ഓപ്പോ, വിവോ, റെഡ്മി, ഐക്യൂ, വൺപ്ലസ്, പോക്കോ, ഹോണർ, തുടങ്ങി പല പേരുകളിലുള്ള ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളും ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങും അമേരിക്കൻ കമ്പനിയായ ആപ്പിളുമൊക്കെ തങ്ങളുടെ സ്മാർട്ട്ഫോൺ വിൽപ്പനയിലൂടെ ഇപ്പോൾ ഇന്ത്യയിൽ നിന്ന് കോടികൾ കൊയ്തുകൊണ്ടിരിക്കുകയാണ്. കാരണം ദീപാവലി ഫെസ്റ്റിവൽ സെയിലിനോട് അനുബന്ധിച്ച് ഇന്ത്യയിൽ ഷോപ്പിങ് മികച്ച രീതിയിൽ നടക്കുന്നുണ്ട്. ബാങ്ക് ഡിസ്കൗണ്ടുകളും ഓഫർ ഡിസ്കൗണ്ടുകളുമൊക്കെയായി ആമസോണും ഫ്ലിപ്പ്കാർട്ടുമൊക്കെ ആളുകളെ ആകർഷിക്കുകയും വിവിധ ഡിവൈസുകൾ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദീപാവലി സെയിൽ കണക്കിലെടുത്ത് നിരവധി സ്മാർട്ട്ഫോണുകൾ തന്നെ ലോഞ്ച് ചെയ്യപ്പെടുകയുണ്ടായി.
അനുകൂല സാഹചര്യം മുതലെടുത്ത് പ്രമുഖ ബ്രാൻഡുകളെല്ലാം വൻ കച്ചവടം കൊയ്യുമ്പോൾ ഇന്ത്യൻ കമ്പനിയായ ലാവ വിട്ടുകൊടുക്കാൻ ഒട്ടും തയാറല്ല. മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ലാവ (LAVA) തങ്ങളുടെ പ്രശസ്ത സ്മാർട്ട്ഫോൺ സീരീസായ അഗ്നി സീരീസിൽ പുത്തൻ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ പോകുന്നു.

കഴിഞ്ഞ വർഷം പുറത്തിറക്കിയ ലാവ അഗ്നി 2 5ജിയുടെ പിൻഗാമിയായി പുതിയ ലാവ അഗ്നി 3 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. ഒക്ടോബർ 4ന് ഉച്ചയ്ക്ക് 12:00 IST ന് പുതിയ ലാവ അഗ്നി 3 5ജി (Lava Agni 3 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
വരാനിരിക്കുന്ന ഈ 5G ഫോണിൻ്റെ ടീസറുകളും ലാവ ഔദ്യോഗികമായി പുറത്തുവിട്ടു. ഈ ടീസറുകൾ ലാവ അഗ്നി 3 5ജിയുടെ റിയർ ഡിസൈനുകളും ചില ക്യാമറ ഡീറ്റെയിൽസും വെളിപ്പെടുത്തുന്നു. ആമസോൺ വഴിയാണ് ലാവ് അഗ്നി 3 5ജി വിൽപ്പനയ്‌ക്ക് എത്തുക എന്നും ഇതോടൊപ്പം സ്ഥിരീകരിച്ചിട്ടുണ്ട്.

ലാവയുടെ വരാനിരിക്കുന്ന 5ജി സ്മാർട്ട്‌ഫോണായ അഗ്നി 3-യിൽ 50 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്. കൂടാതെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുമെന്ന് ടീസർ വ്യക്തമാക്കുന്നു. ഈ ഫോണിന്റെ ചിപ്സെറ്റ് അടക്കമുള്ള മറ്റ് പ്രധാന ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് തിയതി പ്രഖ്യാപിച്ചതിനാൽ വരും ദിവസങ്ങളിൽ ഡീറ്റെയിൽസ് പ്രതീക്ഷിക്കാം.
ലാവ അഗ്നി 3 5G-യുടെ ക്യാമറ ഐലൻഡിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള മെയിൻ ക്യാമറ ഉണ്ടാകും. ഇതിന്റെ സൂചനയായി '50MP OIS' എന്ന് റിയർ പാനലിൽ നൽകിയിട്ടുണ്ട്. ഇതീ ടീസറിൽ കാണാനാകും. 6.78 ഇഞ്ച് ഫുൾ-എച്ച്‌ഡി ഡിസ്‌പ്ലേയിൽ 120Hz റിഫ്രഷ് റേറ്റോടെയാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത് എന്നാണ് വിവരം.
ലാവ ഷെയർ ചെയ്ത ടീസർ വീഡിയോ പ്രകാരം പിൻ പാനലിൻ്റെ മുകളിൽ ഇടത് മൂലയിൽ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് നൽകിയിരിക്കുന്നത്. കൂടാതെ ഈ ഫോണിന്റെ ഇടതുവശത്ത് ഒരു വോളിയം റോക്കർ അവതരിപ്പിക്കും എന്നും ടീസർ സൂചന നൽകുന്നുണ്ട്. വലതുവശത്ത് പവർ ബട്ടണിന് പുറമെ ഒരു അധിക ബട്ടൺ ഉണ്ടെന്ന് സൂചനയുണ്ട്, ഇത് ഐഫോണുകളിലെ ആക്ഷൻ ബട്ടണുമായി സാമ്യം പുലർത്തുന്നു.

മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ് കരുത്താക്കിയാണ ലാവ അഗ്നി 3 5ജി എത്തുക എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നത്. 8ജിബി റാം 256ജിബി വരെ സ്റ്റോറേജ് എന്നിവയും പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം 21,999 രൂപ വിലയിലാണ് ലാവ അഗ്നി 2 5ജി എത്തിയത്. പുതിയ ലാവ അഗ്നി 3 5ജിയും ഇതിനോട് അടുത്ത വിലയിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








