വാങ്ങാൻ 10000 രൂപ തികച്ച് വേണ്ട! ലാവ ബ്ലേസ് 2 5ജി എത്തി
ആഭ്യന്തര സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ലാവ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി 5ജി സ്മാർട്ട്ഫോൺ ലാവ ബ്ലേസ് 2 5ജി ( Lava Blaze 2 5G) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ബ്ലേസ് 5ജിയുടെ പിൻഗാമിയായാണ് ബ്ലേസ് 2 5G എത്തുന്നത്.
മൂന്ന് ഗ്ലാസ് ബാക്ക് കളർ ഓപ്ഷനുകളിലാണ് ബ്ലേസ് 2 5ജി എത്തുന്നത്. 6.56 ഇഞ്ച് 2.5 ഡി കർവ്ഡ് ഡിസ്‌പ്ലേ, 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 6GB വരെ റാമും 128GB ഓൺബോർഡ് സ്റ്റോറേജ് 5,000mAh ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകൾ ഈ ഫോണിലുണ്ട്.

ലാവ ബ്ലേസ് 2 5ജിയുടെ സവിശേഷതകൾ: ഏറ്റവും കുറഞ്ഞ വിലയിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ ബ്ലേസ് 2 5ജിയിൽ നൽകാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.56-ഇഞ്ച് HD+ (720x1,600 പിക്സലുകൾ ) ഡിസ്പ്ലേയാണ് ബ്ലേസ് 2 5ജിയിലുള്ളത്.
2.5D കർവ്ഡ് സ്‌ക്രീനിൽ സെൽഫി ഷൂട്ടർ ഹോൾ പഞ്ച് കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്നു. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. ഒപ്പം 6GB വരെ റാമും ഉണ്ട്. വെർച്വൽ റാം ഫീച്ചർ വഴി, ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് റാം 12 ജിബി വരെ വികസിപ്പിക്കാം.

ആൻഡ്രോയിഡ് 13-ൽ ആണ് ലാവ ബ്ലേസ് 2 5ജി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 14-ലേക്ക് അപ്‌ഗ്രേഡും രണ്ട് വർഷത്തെ ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും. ഡ്യുവൽ സിം (നാനോ), 5G, 4G, ബ്ലൂടൂത്ത്, FM റേഡിയോ, Wi-Fi 802.11 b/g/n/ac, OTG, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ലാവ ബ്ലേസ് 2 5ജിയിൽ എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് കാണാം. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 0.08 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, സ്‌ക്രീൻ ഫ്ലാഷോടുകൂടിയ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുണ്ട്.
സുരക്ഷയ്ക്കായി സൈഡ്-മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. കൂടാതെ, ഫേസ് അൺലോക്ക് ഫീച്ചറിനെയും പിന്തുണയ്ക്കുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്ന സെൻസറുകൾ ലാവ ബ്ലേസ് 2 5ജിയുടെ ഓൺബോർഡിൽ ഉൾപ്പെടുന്നു. 18W ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

128GB ഇന്റേണൽ സ്റ്റോറേജാണ് ബ്ലേസ് 2 5ജിയിൽ വരുന്നത്. എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സാധിക്കും. 164.2x76x8.45 എംഎം വലിപ്പവും 203 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ഈ ഫീച്ചറുകളെല്ലാമായി എത്തുന്ന ഈ 5ജി ഫോണിന്റെ പ്രാരംഭ മോഡലിന് 10000 രൂപയിൽ താഴെയാണ് വില.
ലാവ ബ്ലേസ് 2 5ജിയുടെ വിലയും ലഭ്യതയും: ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ലാവെൻഡർ കളർ ഓപ്ഷനുകളിൽ ലാവ ബ്ലേസ് 2 5ജി എത്തുന്നു. ഇന്ത്യയിൽ ലാവ ബ്ലേസ് 2 5ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് അടങ്ങുന്ന അടിസ്ഥാന മോഡലിന് 9,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ലാവ ബ്ലേസ് 2 5ജിയുടെ 6GB RAM + 128GB സ്റ്റോറേജ് മോഡലിന്റെ വില ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. നവംബർ 9 മുതൽ ലാവ ഇ-സ്റ്റോർ, ആമസോൺ ഇന്ത്യ എന്നിവയിലൂടെ ബ്ലേസ് 2 5ജി വിൽപ്പനയ്ക്ക് എത്തും. ആസമയത്ത് 6ജിബി വേരിയന്റിന്റെ വില അറിയാൻ കഴിയും. ലഭ്യമാകുന്ന ലോഞ്ച് ഓഫറുകളുടെ വിവരവും ഈ ഘട്ടത്തിൽ അറിയാം.


Click it and Unblock the Notifications








