ആഡംബരമില്ലെങ്കിലും ആവശ്യം നടക്കും! 10000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ
സ്മാർട്ട്ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഘടകങ്ങളിൽ ഒന്നാണ്. വിപുലമായ സാങ്കേതിക ജ്ഞാനമുള്ള ഉപയോക്തൃ അടിത്തറയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നു. ഇന്ത്യൻ ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകൾ വിവിധ മാറ്റങ്ങളുമായി പുത്തൻ സ്മാർട്ട്ഫോണുകൾ തുടരെ തുടരെ പുറത്തിറക്കുന്നു.
ബജറ്റ്-സൗഹൃദ ഓപ്‌ഷനുകൾ മുതൽ മുൻനിര സവിശേഷതകളുള്ള പ്രീമിയം ഉപകരണങ്ങൾ വരെ അണിനിരത്തി, ഇ-കൊമേഴ്‌സ് പോർട്ടലുകൾ സ്‌മാർട്ട്‌ഫോണുകളാൽ നിറഞ്ഞിരിക്കുന്നു. എന്നാൽ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 320 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ഫീച്ചർ ഫോണുകളോ കുറഞ്ഞ പ്രവർത്തനക്ഷമത നൽകുന്ന ഫോണുകളോ ഉപയോഗിക്കുന്നു.

ഇപ്പോൾ എത്തുന്ന ഏതാണ്ട് എല്ലാ സ്മാർട്ട്ഫോണുകളും മികച്ച ഫീച്ചറുകളുമായാണ് പുറത്തിറങ്ങുന്നതെങ്കിലും പലതിനും ഉയർന്ന വില നൽകേണ്ടിവരുന്നു. എന്നാൽ അത്രയും തുക മുടക്കാൻ ഇല്ലാത്ത സാധാരണക്കാർക്കും അവരുടെ മൊബൈൽ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഫീച്ചറുകളോടെ 10000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ഫോണുകൾ നിരവധിയുണ്ട്.
ഇന്ത്യയിലെ വിപണി സാധ്യതകൾ തിരിച്ചറിയുന്ന മൊബൈൽ നിർമാണ കമ്പനികളും മികച്ച പ്രവർത്തനക്ഷമത, ഏറ്റവും പുതിയ ഫീച്ചറുകൾ, താങ്ങാനാകുന്ന വില എന്നിവ സംയോജിപ്പിച്ച് സാധാരണക്കാർക്ക് തെരഞ്ഞെടുക്കാൻ പാകത്തിൽ നിരവധി ഓപ്ഷനുകൾ നൽകി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ അത്യാവശ്യം എല്ലാ കാര്യങ്ങളും നന്നായി നിറവേറ്റാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ചില മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

നോക്കിയ സി32: അടുത്തിടെ നോക്കിയ പുറത്തിറക്കിയ സി32 വിന്റെ അടിസ്ഥാന മോഡലിന് 8,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. മികച്ച ഡിസൈനും അതിലും മികച്ച ഫീച്ചറുകളും ഇതിലുണ്ട്. IP52 റേറ്റിങ്ങും 3 ദിവസം വരെ ബാറ്ററി ലൈഫും ഈ സ്മാർട്ട്ഫോൺ നൽകുന്നുണ്ട്.
ലാവ ബ്ലേസ് 2: ഇന്ത്യൻ ബ്രാൻഡിൽനിന്ന് 10,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണിനായി തിരയുന്നവർക്ക് ലാവ ബ്ലേസ് 2 നല്ലൊരു ഓപ്ഷനാണ്. യൂണിസോക് T616 പ്രോസസർ, 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ്, 6.5-ഇഞ്ച് HD+ റെസല്യൂഷൻ 90Hz ഡിസ്‌പ്ലേ, 5,000എംഎഎച്ച് ബാറ്ററി തുടങ്ങി ഈ വിലയിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ബ്ലേസ് 2 എത്തുന്നത്.
റെഡ്മി എ2: വെറും 6,299 രൂപ വിലയിലെത്തുന്ന ഫോൺ ആണ് റെഡ്മി എ2. കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും 6.52 ഇഞ്ച് HD+ റെസല്യൂഷൻ ഡിസ്‌പ്ലേ, ഹീലിയോ G36 ഒക്ടാകോർ പ്രൊസസർ, 5,000എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഈ ഫോണിലുണ്ട്. മൊത്തത്തിൽ, ഇതൊരു മികച്ച എൻട്രിലെവൽ ഫോണും ആദ്യമായി സ്‌മാർട്ട്‌ഫോൺ വാങ്ങുന്നവർക്കുള്ള മികച്ച ഓപ്ഷനുമാണ്.

മോട്ടറോള E13: സ്റ്റോക്ക് ആൻഡ്രോയിഡ് UI വാഗ്ദാനം ചെയ്യുന്ന, 10,000 രൂപയിൽ താഴെ വിലയുള്ള മറ്റൊരു മികച്ച സ്മാർട്ട്ഫോൺ ആണ് മോട്ടറോള ഇ13. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 10W ചാർജിംഗിനുള്ള പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്‌പ്ലേ എന്നീ കരുത്തുകളോടെയാണ് ഈ ഫോൺ എത്തുന്നത്.
സാംസങ് ഗാലക്സി M04: 8,499 രൂപ വിലയുള്ള ഗാലക്‌സി എം4 ഫീച്ചറുകൾക്കും പ്രകടനത്തിനും ഒരു കുറവുമില്ലാത്ത സ്മാർട്ട്ഫോണാണ്. HD+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേ, അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററി, ഡ്യുവൽ-ക്യാമറ എന്നിങ്ങനെ മികച്ച ഫീച്ചറുകളുമായാണ് എം4 എത്തുന്നത്. പ്രശസ്ത ബ്രാൻഡിൽനിന്ന് ഒരു നല്ല ബജറ്റ് സ്മാർട്ട്‌ഫോൺ തേടുന്നവർക്ക് നല്ലൊരു ഓപ്ഷനാണിത്.


Click it and Unblock the Notifications








