ലാവ ആരാധകരേ കാത്തിരിക്കൂ... ഇതാ സ്ലിം ബ്യൂട്ടിയായി ബ്ലേസ് AMOLED 2 5G വരുന്നു
പ്രമുഖ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ബ്ലേസ് സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട ബ്ലേസ് അമോലെഡിന്റെ പിൻഗാമിയായ ലാവ ബ്ലേസ് അമോലെഡ് 2 5G (Lava Blaze AMOLED 2 5G) എന്ന ഫോൺ ആണ് അവതരിപ്പിക്കുന്നത്. ഇതിന്റെ വരവ് സ്ഥിരീകരിച്ചുകൊണ്ട് ടീസർ ലാവ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. "ലീനിയർ" എന്നതിനുള്ള ലാറ്റിൻ പദത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത് എന്നാണ് ലാവ പറയുന്നത്. പ്രവർത്തനക്ഷമത, ഗുണനിലവാരം, ഭംഗി, ഇന്നൊവേഷൻ എന്നീ നാല് ഘടകങ്ങളിലൂന്നിയാണ് ഈ ഫോൺ ഒരുക്കിയിരിക്കുന്നതെന്ന് ലാവ വ്യക്തമാക്കി.
സ്ലിം ഡിസൈനാണ് ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ പ്രധാന ആകർഷണമായി കമ്പനി എടുത്തുപറയുന്നത്. ഇത് 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും സ്ലിം സ്മാർട്ട്ഫോൺ ആണ് എന്ന് ലാവ പറയുന്നു. 7.55 മില്ലീമീറ്റർ കനവും 174 ഗ്രാം ഭാരവും ഇതിന് ഉണ്ട്.

സ്ലിം ഫോൺ ആണെങ്കിലും പ്രീമിയം ഗ്രേഡ് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ബ്ലേസ് അമോലെഡ് 2 5ജി നിർമ്മിച്ചിരിക്കുന്നത്. അതിനാൽ മികച്ച ഈട് ഇതിൽ ലഭ്യമാകും. കൂടാതെ, പൊടി- ജലം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP64 റേറ്റിങ്ങും ലാവ ബ്ലേസ് അമോലെഡ് 2 5ജിയിൽ ഉണ്ടായിരിക്കും.
6.74 ഇഞ്ച് എഡ്ജ്- ടു- എഡ്ജ് AMOLED ഡിസ്‌പ്ലേയാണ് ഈ 5ജി സ്മാർട്ട്ഫോണിൽ ലാവ നൽകിയിരിക്കുന്നത്. ഇത് 120Hz റിഫ്രഷ് റേറ്റ് സഹിതം എത്തും. എർഗണോമിക്‌സിന്റെ കാര്യത്തിൽ, മികച്ച വെയ്റ്റ് ബാലൻസിങ്ങിലൂടെയും ശ്രദ്ധാപൂർവ്വം സ്ഥാപിച്ച ബട്ടണുകളിലൂടെയും ഒറ്റ കൈകൊണ്ട് ഉപയോഗിക്കാവുന്ന വിധത്തിൽ ഈ ഫോൺ ഒരുക്കിയിരിക്കുന്നതായി ലാവ പറയുന്നു.

ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ നിലവിൽ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഡൈമെൻസിറ്റി 7060 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക എന്നാണ്. LPDDR5 റാം, UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ടാകും.
50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ, IR ബ്ലാസ്റ്റർ, 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mah ബാറ്ററി എന്നിവയും ഇതിൽ ഉണ്ടാകും. വില കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 15000 രൂപയിൽ താഴെയായിരിക്കും എന്ന് കമ്പനി നൽകിയ സൂചനയിൽ നിന്ന് മനസിലാക്കാനാകും.
ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ കൃത്യമായ ലോഞ്ച് തിയതി കമ്പനി വരുംദിവസങ്ങളിൽ പുറത്തുവിടും. ഏറ്റവുമൊടുവിൽ ലാവ ഇന്ത്യയിൽ അവതരിപ്പിച്ച 5ജിഫോൺ ലാവ ബ്ലേസ് ഡ്രാഗൺ 5G ആണ്. ബജറ്റ് 5ജി ഫോൺ തേടുന്നവർക്കായാണ് ഡ്രാഗൺ 5ജി എത്തിയത്. ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9999 രൂപയായിരുന്നു വില.

എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമായിരുന്നതിനാൽ ഇത് 8999 രൂപ വിലയിൽ വാങ്ങാൻ സാധിച്ചു. ഇപ്പോൾ ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നടക്കുകയാണ്. ഈ ഓഫർ സെയിലിലും ഇതേ ഡിസ്കൗണ്ട് വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും. ഗോൾഡൻ മിസ്റ്റ്, മിഡ്‌നൈറ്റ് മിസ്റ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ ബ്ലേസ് ഡ്രാഗൺ 5ജി വാങ്ങാൻ ലഭ്യമാകുക.


Click it and Unblock the Notifications








