മുന്നിലും പിന്നിലും ഡിസ്പ്ലേ! മിഡ്-റേഞ്ചിലെ ഹീറോയാകാൻ ഡൈമെൻസിറ്റി 7060 കരുത്തിൽ ലാവ ബ്ലേസ് ഡ്യുവോ 3
ലാവ തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോൺ മോഡലായ ബ്ലേസ് ഡ്യുവോ 5ജിയുടെ പുതിയ മോഡൽ പുറത്തിറക്കാൻ പോകുന്നു. ലാവ ബ്ലേസ് ഡ്യുവോ 3 (Lava Blaze Duo 3) എന്നാണ് പുതിയതായി വരാൻ പോകുന്ന ഈ ലാവ 5ജി ഫോണിന്റെ പേര്. മുന്നിലും പിന്നിലും സ്ക്രീനുള്ള -ഡ്യുവൽ സ്ക്രീൻ- ലാവ സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് വരുന്ന പുതിയ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഡ്യുവോ 3 മോഡലിന് ഉണ്ട്. നേരത്തെ ലാവ അഗ്നി സീരീസിലെയും ബ്ലേസ് സീരീസിലെയും ചില സ്മാർട്ട്ഫോണുകൾ റിയർ പാനലിൽ ഒരു മിനി സ്ക്രീൻ (ഇൻസ്റ്റാസ്ക്രീൻ) സഹിതം എത്തിയിരുന്നു.
ഇപ്പോൾ ലാവ ബ്ലേസ് ഡ്യുവോ 3 മോഡൽ പുറത്തിറക്കുന്നതിന് മുന്നോടിയായി ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് ടീസറുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഈ മോഡലിന്റെ കൃത്യമായ ലോഞ്ച് തിയതി നിലവിൽ പുറത്തുവിട്ടിട്ടില്ല. റിയർ പാനലിൽ ഇൻസ്റ്റാ സ്ക്രീൻ സഹിതമാണ് ഈ ഫോൺ എത്തുന്നത് എന്ന് ടീസർ വ്യക്തമാക്കുന്നു.

മുൻഗാമിയായ ലാവ ബ്ലേസ് ഡ്യുവോ മോഡലും ഇൻസ്റ്റാ സ്ക്രീൻ സഹിതമാണ് എത്തിയത്. മുൻ മോഡലിന്റെ അടിത്തറയിൽ നിർമ്മിച്ച ബ്ലേസ് ഡ്യുവോ 3 യുടെ റിയർ പാനലിൽ 1.6 ഇഞ്ച് സെക്കൻഡറി അമോലെഡ് ഡിസ്‌പ്ലേ നൽകിയതിലൂടെ മിഡ്-റേഞ്ച് സെഗ്‌മെന്റിലെ ഹീറോയായി മാറാനാണ് ലാവയുടെ നീക്കം. ഇത്തരമൊരു ഫീച്ചർ ഈ സെഗ്മെന്റിലെ മറ്റൊരു ഫോണിലും ഇല്ല.
ക്വിക്ക് നോട്ടിഫിക്കേഷനുകൾ, മ്യൂസിക് പ്ലെയർ, സ്റ്റെപ്‌സ് & കലോറി ട്രാക്കർ, വോയ്‌സ് റെക്കോർഡർ, ടൈമർ, സ്റ്റോപ്പ്‌വാച്ച് & വെതർ തുടങ്ങിയ നിരവധി ദൈനംദിന ആപ്പുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഈ ഇൻസ്റ്റാസ്ക്രീൻ ഉപയോഗിക്കാം. കൂടാതെ റിയർ പാനലിലെ പ്രൈമറി ക്യാമറ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള സെൽഫികൾ എടുക്കാനും ഈ മിനി സ്ക്രീൻ ഉപയോക്താക്കളെ സഹായിക്കും.
ലാവ ബ്ലേസ് ഡ്യുവോ 3 മോഡലിന്റെ മറ്റു ഫീച്ചറുകളുടെ കാര്യമെടുത്താൽ, മുൻ മോഡലിൽ ഉണ്ടായിരുന്ന ഡൈമെൻസിറ്റി 7025 ചിപ്സെറ്റിന് പകരം മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ കരുത്തിലാണ് ഈ പുതിയ മോഡൽ എത്തുക. ഇതിലൂടെ പെർഫോമൻസിൽ കാര്യമായ അപ്ഗ്രേഡ് ലഭിക്കുന്നു. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും സുഗമമായ മൾട്ടിടാസ്കിംഗിനുമായി ഈ 6nm-ക്ലാസ് ചിപ്‌സെറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ, ഫോട്ടോഗ്രാഫി പ്രേമികൾക്കായി ഡ്യുവൽ- ക്യാമറ സജ്ജീകരണമാണ് ലാവ ബ്ലേസ് ഡ്യുവോ 3 വാഗ്ദാനം ചെയ്യുക. അതിൽ 50MP മെയിൻ ക്യാമറ പ്രതീക്ഷിക്കാം. 120Hz വളഞ്ഞ അമോലെഡ് മെയിൻ ഡിസ്‌പ്ലേ, ക്ലീൻ ആൻഡ്രോയിഡ് 15 അനുഭവം തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഈ മോഡലിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിൽ 20,000 രൂപയിൽ താഴെ വിലയിലാകും ബ്ലേസ് ഡ്യുവോ 3 എത്തുക എന്നാണ് സൂചന. മുൻഗാമിയായ ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ 6GB + 128GB വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും ആയിരുന്നു ലോഞ്ച് വില.

ചിപ്പുകളുടെ വില വർധനവിനെ തുടർന്ന് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇപ്പോൾ മുൻ മോഡലുകളുടെ വിലയെക്കാൾ കൂടിയ വിലയിലാണ് പുതിയ മോഡലുകൾ അവതരിപ്പിക്കാറുള്ളത്. എന്തിനേറെ പറയുന്നു, ഇതിനകം ലോഞ്ച് ചെയ്ത പല മോഡലുകളുടെയും വില വരെ ഇപ്പോൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻ മോഡലിനെക്കാൾ കൂടിയ വിലയിൽ തന്നെയാകും പുതിയ ലാവ ബ്ലേസ് ഡ്യുവോ 3 എത്തുക.


Click it and Unblock the Notifications








