നല്ല സെറ്റപ്പ് 5ജി ഫോൺ! ഫ്രണ്ടിലും പുറകിലും ഡിസ്പ്ലേയുള്ള ഫോണുമായി വീണ്ടും ലാവ, വില തീരെ കുറവ്
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ ആവേശത്തിലാഴ്ത്താൻ ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ പുത്തൻ സ്മാർട്ട്ഫോണുമായി രംഗത്ത്. ഈ വർഷം ഒക്ടോബറിൽ റിയർ പാനലിലും മിനി ഡിസ്പ്ലേയുള്ള അഗ്നി 3 ലാവ അവതരിപ്പിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ഡ്യുവൽ ഡിസ്പ്ലേയുമായി ലാവ ബ്ലേസ് ഡ്യുവോ 5ജി (Lava Blaze Duo 5G) എന്ന സ്മാർട്ട്ഫോൺ ആണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബ്ലേസ് സീരീസിലെ ലാവയുടെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ഫോണാണ് ഇത്. ഡ്യുവൽ ഡിസ്പ്ലേ തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം.
ലാവ ബ്ലേസ് ഡ്യുവോ 5ജി റിയർ പാനലിലും മിനി അമോലെഡ് സ്ക്രീൻ സഹിതം എത്തുന്നു. ഇൻസ്റ്റാസ്ക്രീൻ (Instascreen) എന്നാണ് ഈ റിയർ പാനൽ മിനി സ്ക്രീനിന് ലാവ നൽകിയിരിക്കുന്ന പേര്. കോളുകൾ സ്വീകരിക്കാനും നോട്ടിഫിക്കേഷനുകൾ കാണാനും റിയർ ക്യാമറ ഉപയോഗിച്ച് സെൽഫികൾ ഷൂട്ട് ചെയ്യാനും ഈ മിനി ഡിസ്പ്ലേ ഉപയോഗിക്കാനാകും.

കൂടാതെ മ്യൂസിക് പ്ലെയർ, സ്റ്റെപ്‌സ് & കലോറി ട്രാക്കർ, വോയ്‌സ് റെക്കോർഡർ, ടൈമർ, സ്റ്റോപ്പ്‌വാച്ച് & വെതർ തുടങ്ങിയ നിരവധി ദൈനംദിന ആപ്പുകൾ ഫലപ്രദമായി ഉപയോഗിക്കാനും ഈ ഇൻസ്റ്റാസ്ക്രീൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ലാവ ബ്ലേസ് ഡ്യുവോ 5ജി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വേരിയന്റുകൾ 15000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാനാകും.
ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1080 x 2400 പിക്സലുകൾ) FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1.58 ഇഞ്ച് (228x 460 പിക്സലുകൾ) സെക്കൻഡറി അമോലെഡ് സ്ക്രീൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU) മീഡിയടെക് ഡൈമൻസിറ്റി 7025 6nm പ്രൊസസർ ആണ് ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ കരുത്ത്. ഇതോടൊപ്പം IMG BXM-8-256 ജിപിയു, 6GB / 8GB LPDDR5 റാം, 128GB UFS 3.1 സ്റ്റോറേജ് ഫീച്ചറുകളും എത്തുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ ബ്ലേസ് ഡ്യുവോ 5ജിയിൽ ഉള്ളത്. അതിൽ സോണി സെൻസറുള്ള 64എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി സെക്കൻഡറി മാക്രോ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 16എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. എന്നാൽ ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ഉടൻ ലഭ്യമാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, പൊടി, ജല പ്രതിരോധം (IP64) എന്നിവയും ലാവ ബ്ലേസ് ഡ്യുവോ 5ജി വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n7/n8/n20/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ബീഡോ, ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, QZSS, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് ലാവ ബ്ലേസ് ഡ്യുവോ 5Gയുടെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി സഹിതമാണ് ഈ ഫോൺ എത്തുന്നത്.
ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ 6GB + 128GB വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും ആണ് വില. സെലസ്റ്റിയൽ ബ്ലൂ, ആർട്ടിക് വൈറ്റ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. ഡിസംബർ 20 മുതൽ ആമസോൺ വഴിയാണ് വിൽപ്പന ആരംഭിക്കുക.
ലോഞ്ച് ഓഫർ എന്ന നിലയിൽ ആകർഷകമായ ഡിസ്കൗണ്ടുകളും ലാവ ബ്ലേസ് ഡ്യുവോ 5ജിക്ക് ലഭ്യമാണ്. 2024 ഡിസംബർ 20 മുതൽ 22 വരെ HDFC ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് ചെയ്യുന്നവർക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ യഥാക്രമം 14,999 രൂപ, 15999 രൂപ വിലകളിൽ ഇത് സ്വന്തമാക്കാം.


Click it and Unblock the Notifications








