ഗ്ലാമർ കാ ദോസ്ത്! ലാവ ബ്ലേസ് X 5G വരുന്നു, ആമസോൺ വഴി വാങ്ങാം
സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ ഇന്ത്യൻ അടയാളമായ ലാവ പുത്തൻ 5ജി സ്മാർട്ട്ഫോണുമായി കളത്തിലേക്ക് എത്താൻ ഒരുങ്ങിയിരിക്കുന്നു. ലാവയുടെ പ്രശസ്തമായ ബ്ലേസ് സീരീസിലെ അടുത്ത സ്മാർട്ട്‌ഫോണായി ലാവ ബ്ലേസ് എക്സ് 5ജി (Lava Blaze X 5G) യുടെ ലോഞ്ച് ജൂലൈ 10 ന് നടക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 64എംപി മെയിൻ ക്യാമറ, ഗ്ലോസി ഫ്രെയിം, കർവ്ഡ് സ്‌ക്രീൻ, ഡ്യുവൽ റിയർ ക്യാമറ എന്നിവയെല്ലാം സഹിതമാണ് ഈ 5ജി ഫോൺ എത്തുകയെന്ന് ടീസർ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. 4GB, 6GB, 8GB എന്നീ റാം ഓപ്ഷനുകളിൽ ബ്ലേസ് എക്സ് ലഭ്യമാകും.
ആമസോൺ വഴിയും ലാവ ബ്ലേസ് എക്സ് 5ജി വാങ്ങാൻ ലഭ്യമാകും. ഇതിനകം തന്നെ ഇതിന്റെ സൂചനകൾ ആമസോണിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏകദേശം 15,000 രൂപ വിലയിലാകും ഈ പുത്തൻ ബ്ലേസ് സീരീസ് ഫോൺ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും ഈ വർഷം ആദ്യം ലോഞ്ച് ചെയ്യപ്പെട്ട ബ്ലേസ് കർവ് 5G-യേക്കാൾ വില കുറവായിരിക്കും.

ലാവ ബ്ലേസ് എക്സ് 5ജിയുടേതായി പുറത്തുവന്ന ചിത്രങ്ങൾ ഇതിനകം ആരാധകരെ ആകർഷിച്ചുകഴിഞ്ഞു. ബീജ്, സിൽവർ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് ചിത്രങ്ങൾ ഉറപ്പിക്കുന്നു. ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച അധികം വിവരങ്ങൾ കമ്പനി അധികം പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആയിരിക്കും ഈ സ്മാർട്ട്ഫോണിന്റെ കരുത്ത് എന്നാണ്.
ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ലാവ ബ്ലേസ് കർവിലും ഇതേ ചിപ്സെറ്റ് തന്നെയാണ് ഉണ്ടായിരുന്നത്. സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ ദൈനംദിന ആവശ്യങ്ങൾ അനായാസം നിറവേറ്റാനുള്ള ശേഷി ഇതിന് ഉണ്ടെന്നും ചൂടോ, എന്തെങ്കിലും വിധത്തിലുള്ള കാലതാമസമോ ഉണ്ടാകില്ല എന്നും പറയപ്പെടുന്നു. ഈ ചിപ്സെറ്റ് ഗീക്ക്ബെഞ്ചിൻ്റെ സിംഗിൾ-കോറിൽ 945, മൾട്ടി-കോറിൽ 2,356 പോയിന്റുകൾ സ്കോർ ചെയ്തു.

AnTuTu ബെഞ്ച്മാർക്കിൽ, ആകെ സ്കോർ 6,11,860 ആയിരുന്നു, ഇത് ഒരു മിഡ് റേഞ്ച് ഫോണിന് ആവശ്യമായ കരുത്ത് ഈ ചിപ്സെറ്റിന് ഉണ്ട് എന്ന് ഈ പോയിന്റുകൾ ഉറപ്പിക്കുന്നു. റിയൽമി നാർസോ 70 പ്രോ 5ജിയും സമാന ചിപ്സെറ്റ് കരുത്താക്കിയാണ് എത്തിയിട്ടുള്ളത്. ലാവ ബ്ലേസ് എക്സിലെ ചിപ്സെറ്റിന് കരുത്തുപകരാൻ 12GB വരെ റാമും 256GB വരെ സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ടാകും.
കർവ്ഡ് എഡ്ജുകളുള്ള FHD+ ഡിസ്‌പ്ലേയുമായി ലാവ ബ്ലേസ് എക്സ് 5ജി എത്താൻ സാധ്യതയുണ്ട്. ഇതിന്റെ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ 64എംപി പ്രൈമറി ക്യാമറയാണ് നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡ്യുവർ ക്യാമറ യൂണിറ്റിലെ രണ്ടാമത്തെ സെൻസറിനെക്കുറിച്ചും ഫ്രണ്ട് ക്യാമറയെക്കുറിച്ചുമുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
ഓൺലൈനിലെ ചില റിപ്പോർട്ടുകൾ പറയുന്നത് ഇതിലെ സെക്കൻഡറി റിയർ ക്യാമറ 8 എംപി സെക്കൻഡറി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ആയിരിക്കും എന്നാണ്. കൂടാതെ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി ഫ്രണ്ടിൽ 32MP ക്യാമറയും ഇടം പിടിച്ചേക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയായിരിക്കും ഈ ഫോണിന്റെ പ്രവർത്തനം.

33W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയാണ് ലാവ ബ്ലേസ് എക്സിൽ നൽകിയിട്ടുള്ളത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇവയെല്ലാം സംബന്ധിച്ച സ്ഥിരീകരണം ലോഞ്ചിനോട് അടുത്തുള്ള ദിവസങ്ങളിൽ ലഭ്യമായേക്കും. 15000 രൂപ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർ ജൂലൈ 10 വരെ കാത്തിരിക്കുന്നത് നല്ലതാണ്.


Click it and Unblock the Notifications








