ഡിസ്കൗണ്ട് സെയിൽ നോക്കി നിൽക്കേണ്ട; ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്ന 5G ഫോൺ ഇതാ വിൽപ്പന തുടങ്ങി
സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് സൈറ്റുകളിൽ ആരംഭിക്കുന്ന ഓഫർ സെയിലിനായി കാത്തിരിക്കുന്നവർ നിരവധിയുണ്ട്. മികച്ച നിരവധി ഓഫറുകൾ സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്നിവയിൽ ലഭ്യവുമാണ്. എന്നാൽ ഒരു ഫെസ്റ്റിവൽ സെയിലിനായും കാത്തിരിക്കാതെ, സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഒരു 5ജി ഫോൺ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. വെറും 6749 രൂപ വിലയിൽ വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇനി ഏത് ഫെസ്റ്റിവൽ സെയിൽ വന്നാലും ഇതിനെക്കാൾ കുറഞ്ഞ വിലയിലൊരു 5ജി ഫോൺ കിട്ടിയേക്കില്ല.
കഴിഞ്ഞ ആഴ്ചയാണ് ലാവ തങ്ങളുടെ ബജറ്റ് 5ജി സ്മാർട്ട്ഫോൺ എന്ന നിലയിൽ ബോൾഡ് സീരീസിൽ ലാവ ബോൾഡ് എൻ1 5ജി (Lava Bold N1 5G) എന്ന സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഇത് ഇപ്പോൾ ആമസോൺ വഴി ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. കുറഞ്ഞ വിലയിൽ, പ്രത്യേകിച്ച് 4ജി ഫോണുകളെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന 5ജി ഫോൺ എന്നതാണ് ഇതിന്റെ പ്രത്യേകത.

വില
ലാവ ബോൾഡ് N1 5ജിയുടെ 4GB + 64GB മോഡലിന് 7,499 രൂപയും 4GB + 128GB മോഡലിന് 7999 രൂപയുമാണ് യഥാർഥ വില. ഈ വിലയിലാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ 6749 രൂപ വിലയിൽ ഇത് വാങ്ങാനാകും. ഷാമ്പെയ്ൻ ഗോൾഡ്, റോയൽ ബ്ലൂ നിറങ്ങളിൽ ആണ് ലഭ്യമാകുക.
പ്രധാന ഫീച്ചറുകൾ
ഒക്ടാ-കോർ 6nm യൂണിസോക് T765 (2 x കോർടെക്സ് A76 2.3GHz ഉം 6 x കോർടെക്സ് A55 2.1GHz വരെ ക്ലോക്ക് ചെയ്തതും) പ്രോസസ്സർ ആണ് ഈ ബജറ്റ് ഫോണിന്റെ കരുത്ത്. 6.75-ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവ സഹിതമാണ് ഇത് എത്തിയിട്ടുള്ളത്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിൽ ഒരുക്കിയിരിക്കുന്നു. അതിൽ 13MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP54 റേറ്റിങ്ങും ഉണ്ട്.
4GB LPDDR4x റാം, 64GB / 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ഗ്രാഫിക്സിനായി മാലി-G57 MC2 ജിപിയു ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1 ആൻഡ്രോയിഡ് അപ്ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി, 18W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് ലാവ ബോൾഡ് എൻ1 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

എല്ലാവരും 5ജി ഫോണുകളിലേക്ക് മാറുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാർക്കും പുതിയ 5ജി വിപ്ലവത്തിന്റെ ഭാഗമാകാൻ വഴിയൊരുക്കുന്നു എന്നതാണ് ഈ ലാവ ബജറ്റ് 5ജി ഫോണിന്റെ പ്രത്യേകത. പുതിയതായി ചില 4ജി ഫോണുകൾ ഒക്കെ ഇറങ്ങുമ്പോൾ അവയുടെ വില പലപ്പോഴും ചുരുങ്ങിയത് 7000 രൂപയ്ക്ക് മുകളിൽപ്പോലും ആയിരിക്കും. എന്നാലിവിടെ 7000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ ലാവ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.


Click it and Unblock the Notifications