ഷാർക്ക്, പേരിൽത്തന്നെയുണ്ട് ആ പവർ! ലാവ ഷാർക്ക് എത്തി; 6999 രൂപ വില, 120Hz ഡിസ്പ്ലേ, 50MP ക്യാമറ...
ഫീച്ചർ ഫോണുകളിൽ നിന്ന് സ്മാർട്ട്ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഇന്ത്യൻ ബ്രാൻഡായ ലാവ രംഗത്ത്. മികച്ച ഈട്, ആകർഷകമായ ഡിസൈൻ, മുടക്കുന്ന തുകയ്ക്ക് തക്കതായ ഫീച്ചറുകൾ എന്നിവയുമായി പുതിയ ഷാർക്ക് (Lava Shark) സീരീസിനാണ് ലാവ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഫോണിന്റെ വിലയും അതിൽ ലഭിക്കുന്ന ഫീച്ചറുകളും തന്നെയാണ് ഈ ലാവ ഷാർക്കിന്റെ വരവിനെ ശ്രദ്ധേയമാക്കുന്നത്. യൂണിസോക് T606 ഒക്ടാ കോർ പ്രോസസറാണ് ഈ ലാവ ഷാർക്കിന്റെ കരുത്ത്.
"ഡിസൈൻ, പ്രകടനം, ബിൽഡ് ക്വാളിറ്റി" എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് "മികച്ച പ്രോഡക്ട് എക്സ്പീരിയൻസ് അനുഭവം" നൽകുന്നതിന്റെ ഭാഗമായാണ് ഈ ലാവ ഷാർക്ക് സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത് എന്ന് കമ്പനി പറഞ്ഞു. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് HD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് ലാവ ഷാർക്കിനുള്ളത്.

0.68 സെക്കൻഡിനുള്ളിൽ ഫേസ് അൺലോക്കും 0.28 സെക്കൻഡിനുള്ളിൽ ഫിംഗർപ്രിന്റ് അൺലോക്കും ഈ ഫോണിൽ സാധ്യമാകും. ഇത് വേഗത്തിലും സുരക്ഷിതമായും ആക്‌സസ് ഉറപ്പാക്കുന്നുവെന്ന് കമ്പനി എടുത്തുപറയുന്നുണ്ട്. ഫോണിന്റെ സുരക്ഷ ഉറപ്പിക്കുന്നതിനായി വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP54 റേറ്റിങ്ങും ഇതിലുണ്ട്. 50MP AI റിയർ ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങളും ലാവ ഈ ബജറ്റ് ഫോണിൽ നൽകുന്നുണ്ട്.
ലാവ ഷാർക്കിന്റെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് HD+ പഞ്ച് ഹോൾ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 720 x 1612 റെസല്യൂഷൻ, 269 PPI എന്നിവയും ഇതോടൊപ്പം എത്തുന്നു. UNISOC T606 ഒക്ടാ-കോർ പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

പ്രോസസറിന് ശക്തമായ പിന്തുണ നൽകുന്നതിനായി 4GB റാമിന് പുറമേ 4GB വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. 64GB സ്റ്റോറേജാണ് ഈ ലാവ ഫോൺ വാഗ്ദാനം ചെയ്യുന്നത്. ഇത് 256GB വരെ വർധിപ്പിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ് ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്കും ഇതിൽ ഉണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ ഈ ബജറ്റ് സ്മാർട്ട്ഫോണിൽ ഫോട്ടോഗ്രാഫിക്കായി LED ഫ്ലാഷുള്ള 50MP AI റിയർ ക്യാമറ സിസ്റ്റവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറമും ആണ് ഉള്ളത്. ക്യാമറ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി AI മോഡ്, പോർട്രെയ്റ്റ്, പ്രോ മോഡ്, HDR തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. 10W ചാർജറും ഇതോടൊപ്പം ലഭിക്കും. ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.0, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എന്നിവയും ഇതിലുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നതാണ്.

5ജി- 4ജി എന്ന വ്യത്യാസമില്ലാതെ ഏതെങ്കിലും ഒരു സ്മാർട്ട്ഫോൺ ലഭിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഇതുമായി മുന്നോട്ട് പോകാം. മികച്ച സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് നൽകാൻ ഈ ലാവ ഫോണിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഭാവികൂടി കണക്കിലെടുത്ത് ഫോൺ വാങ്ങുന്നവർ 5ജി ഫോണുകൾ പരിഗണിക്കുന്നതാണ് ഉത്തമം.
ലാവയുടെ തന്നെ 5ജി ഫോണുകൾ കുറഞ്ഞ വിലയിൽ ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഫീച്ചർ ഫോണുകളിൽ നിന്ന് സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു മികച്ച ഓപ്ഷനായി ലാവ ഷാർക്കിനെ പരിഗണിക്കാനാകും. ലാവ ഷാർക്കിന്റെ വില 6,999 രൂപയാണ്. ടൈറ്റാനിയം ഗോൾഡ്, സ്റ്റെൽത്ത് ബ്ലാക്ക് നിറങ്ങളിൽ ഇത് ലഭ്യമാണ്. ലാവയുടെ റീട്ടെയിൽ സ്റ്റോറുകൾ വഴിയാണ് വിൽപ്പന. 1 വർഷത്തെ വാറണ്ടിയും സൗജന്യ ഹോം സർവീസും ഈ ഫോണിന് ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








