ബജറ്റ് വിലയിൽ ഫോൺ വാങ്ങണോ! ലാവ സ്റ്റോം പ്ലേ, സ്റ്റോം ലൈറ്റ് 5ജി സ്മാർട്ട്ഫോണുകളുമായി ലാവ വരുന്നു
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ സ്റ്റോം സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. 2023-ൽ ലാവ സ്റ്റോം 5G പുറത്തിറക്കിയിരുന്നു, ഇപ്പോൾ ഈ സീരീസിലേക്ക് ലാവ സ്റ്റോം പ്ലേ (Lava Storm Play), ലാവ സ്റ്റോം ലൈറ്റ് 5ജി (Lava Storm Lite 5G) എന്നിങ്ങനെ രണ്ട് ഫോണുകളാണ് അവതരിപ്പിക്കാൻ പോകുന്നത്. ബജറ്റ് വിലയിൽ ആണ് ഈ ഫോണുകൾ എത്തുക എന്നതാണ് ഏറെ ശ്രദ്ധേയം. 5G ശേഷി, ബോൾഡ് ഡിസൈൻ, വിശ്വസനീയമായ പ്രകടനം എന്നിവയാണ് ഈ ഹാൻഡ്‌സെറ്റുകളുടെ പ്രധാന സവിശേഷതകൾ എന്നാണ് ലാവ അവകാശപ്പെടുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 7060 SoC ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും ലാവ സ്റ്റോം പ്ലേ. 2023ൽ അവതരിപ്പിച്ച ലാവ സ്റ്റോം 5G-യിൽ കാണുന്ന ഡൈമെൻസിറ്റി 6080 നേക്കാൾ കരുത്തുറ്റതാണ് ഡൈമെൻസിറ്റി 7060 ചിപ്സെറ്റ്. അതിനാൽത്തന്നെ മുൻഗാമിയെക്കാൾ കരുത്തും പെർഫോമൻസും ഈ പുതിയ ഫോണിൽ പ്രതീക്ഷിക്കാം.

യുവ ഗെയിമിംഗ് പ്രേമികൾക്ക് അനുയോജ്യമായ പ്രകടനം നൽകുന്നതിനാണ് മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ ലാവ സ്റ്റോം പ്ലേയിൽ നൽകിയിരിക്കുന്നത് എന്ന് കമ്പനി പറഞ്ഞു. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എക്സ്പീരിയൻസ് എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, LPDDR5 റാമും UFS 3.1 സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും.
യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ മീഡിയടെക് ഇതുവരെ ഈ പ്രോസസർ പുറത്തിറക്കിയിട്ടില്ല. അതിനാൽത്തന്നെ മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്സെറ്റുമായി ലാവ സ്റ്റേം പ്ലേ ഇന്ത്യയിൽ എത്തുമ്പോൾ അത് കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. ഡൈമെൻസിറ്റി 7060 ചിപ്സെറ്റ് 2.6GHz ക്ലോക്ക് സ്പീഡുള്ള ഒരു ഒക്ടാ-കോർ ചിപ്പാണെന്നും 6nm പ്രോസസ്സിൽ നിർമ്മിച്ചതാണെന്നും ആണ് ലഭ്യമായിട്ടുള്ള വിവരം.
റിയൽമി P1, റിയൽമി നാർസോ 70 പ്രോ, ഓപ്പോ F27 പ്രോ+ തുടങ്ങി കഴിഞ്ഞ വർഷം ഇറങ്ങിയ വിവിധ സ്മാർട്ട്ഫോണുകളില്‍ കണ്ട മീഡിയടെക് 7050 ചിപ്സെറ്റിന്റെ പിന്‍ഗാമിയാണ് വരാൻ പോകുന്ന ലാവ സ്റ്റോം പ്ലേ 5ജിയിൽ ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസര്‍ എന്ന് കരുതപ്പെടുന്നു.
ഇനി ലാവ സ്റ്റോം ലൈറ്റ് 5ജിയുടെ കാര്യമെടുത്താൽ, ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്റ്റോം പ്ലേയുടെ ഒരു ലൈറ്റ് വേർഷൻ ആയിരിക്കാം ഇന് എത്താണ് കരുതപ്പെടുന്നത്. 5G പിന്തുണയും ഒരു ബോള്‍ഡ് ഡിസൈനും നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്തമായ ഒരു പ്രോസസര്‍ കരുത്തിലാകും ഇത് എത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ലാവ സ്റ്റോം ലൈറ്റിന് 6.78 ഇഞ്ച് 120Hz HD+ LCD സ്‌ക്രീൻ, 6GB റാം, 128GB സ്റ്റോറേജ് എന്നിവ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം അവസാനത്തോടെ ഇരുമോഡലുകളും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലോഞ്ചിന് ശേഷം ലാവ സ്റ്റോം പ്ലേ, സ്റ്റോം ലൈറ്റ് 5ജി എന്നിവ ആമസോൺ, ലാവ ഇ-സ്റ്റോർ എന്നിവ വഴി വിൽക്കും. ലാവ സ്റ്റോം 5G 13,499 രൂപ വിലയിൽ ആണ് മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുള്ളത്. അതിനാൽത്തന്നെ പുതിയ ലാവ സ്റ്റോം പ്ലേ, ലാവ സ്റ്റോം ലൈറ്റ് 5ജി സ്മാർട്ട്‌ഫോണുകളും 15,000 രൂപയിൽ താഴെ വിലയിൽ ഉള്ള സ്മാർട്ട്ഫോണുകളാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








