ദേ പുതിയ ഫോൺ! 7499 രൂപ വിലയിൽ ലാവ യുവ സ്റ്റാർ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്നായ ലാവ തങ്ങളുടെ യുവ സ്മാർട്ട്ഫോൺ സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അതരിപ്പിച്ചിരിക്കുന്നു. ലാവ യുവ സ്റ്റാർ 3 (Lava Yuva Star 3) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. 8000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു 4ജി സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സ്മാർട്ട്ഫോണിലൂടെ കവി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പല സ്മാർട്ട്ഫോൺ ആരാധകർക്കും സംശയം ഉയർന്നേക്കാം. കാരണം ഇന്ത്യയിൽ ഇപ്പോൾ പൊതുവിൽ 5ജി തരംഗമാണ്. ഇതിനിടയിൽ ഒരു 4ജി സ്മാർട്ട്ഫോണിന് പ്രസക്തി എത്രമാത്രം ഉണ്ട് എന്നത് തന്നെയാണ് ഈ സംശയത്തിന് കാരണം.
7500 രൂപയിൽ താഴെ വിലയിൽ പോലും 5ജി ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിലുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും ഒരു 4ജി ഫോൺ ഇറക്കുമ്പോൾ ലാവ ലക്ഷ്യം വയ്ക്കുന്നത് എന്താണ് എന്ന് വ്യക്തമല്ല. കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഒരു മികച്ച ഓപ്ഷൻ എന്നതാകാം ലാവ യുവ സ്റ്റാർ 3 യുടെ വരവിന്റെ ഉദ്ദേശം.

ബജറ്റ് വിലയിൽ മറ്റ് ബ്രാൻഡുകളും ഇപ്പോഴും 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കുന്നുണ്ട് എന്നത് വേറെ കാര്യം. എന്തായാലും കുറഞ്ഞ വിലയിൽ വിശ്വസനീയമായ പെർഫോമൻസും ദീർഘകാല ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. യൂണിസോക് SC9863A പ്രോസസർ ആണ് ഈ ലാവ ഫോണിന്റെ കരുത്ത്.
90Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD സ്‌ക്രീൻ, 4GB റാമും 4GB വെർച്വൽ റാമും പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി IP64 റേറ്റിംഗുകളും 13MP മെയിൻ ക്യാമറയും 5000mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകളും ലാവ യുവ സ്റ്റാർ 3 മോഡലിലുണ്ട്.

പ്രധാന ഫീച്ചറുകൾ
6.75 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 1.6GHz ഒക്ട കോർ യൂണിസോക്ക് SC9863A പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതിനൊപ്പം IMG8322 ജിപിയുവും ഉണ്ട്.
4GB റാം + 4GB വെർച്വൽ റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ലാവ യുവ സ്റ്റാർ 3- ൽ ഉണ്ട്. ആൻഡ്രോയിഡ് 15 Go എഡിഷൻ അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം.
13MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ എന്നിവയും ലാവ യുവ സ്റ്റാർ 3 മോഡലിൽ ഉണ്ട്.

IP64 ഡസ്റ്റ് & സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB ടൈപ്പ്-സി, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഈ ലാവ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
വിലയും ലഭ്യതയും
ലാവ യുവ സ്റ്റാർ 3 മോഡലിന്റെ സിംഗിൾ 4GB + 64GB വേരിയന്റിന് 7,499 രൂപയാണ് വില. ഇൻഡസ് ബ്ലാക്ക്, സിയാച്ചിൻ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. 164.96×76.1×8.5mm വലിപ്പവും 193.7 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. 1 വർഷത്തെ വാറണ്ടിയും ഫ്രീ സർവീസ് അറ്റ് ഹോം സൗകര്യവും ലഭിക്കും. 2026 മാർച്ച് മുതൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








