സ്മാർട്ട്ഫോൺ ഇല്ലെന്ന ദുഃഖം മാറ്റാൻ ഇത് മതിയാകും! 6499 രൂപ വിലയിൽ ലാവ യുവ സ്റ്റാർ ഇന്ത്യയിൽ
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ അടങ്ങുന്ന സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ലാവ. വിവിധ വിലകളിൽ ലഭ്യമാകുന്ന ലാവയുടെ സ്മാർട്ട്ഫോണുകൾ നൽകുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ചു നൽകാറുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇപ്പോൾ തങ്ങളുടെ പ്രശസ്തമായ യുവ സീരീസിലേക്ക് ലാവ ഒരു പുതിയ ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരുടെ ആഗ്രഹം കുറഞ്ഞ ചെലവിൽ നിറവേറ്റാൻ കഴിയും വിധത്തിൽ ലാവ യുവ സ്റ്റാർ 4ജി (Lava Yuva Star 4G) എന്ന സ്മാർട്ട്ഫോൺ ആണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
മെച്ചപ്പെട്ട പ്രകടനവും ആകർഷകമായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്ന ഈ ലാവ ഫോൺ ലക്ഷ്യമിടുന്നത് അടിസ്ഥാന ടെലിക്കോം ആവശ്യങ്ങൾക്കായി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരെയാണ്. പതിനായിരം രൂപയിൽ താഴെ വിലയിൽ പോലും ഇപ്പോൾ ഇന്ത്യയിൽ 5ജി ഫോണുകൾ ലഭ്യമാണ്. എന്നാൽ അത്രയും തുക പോലും എടുക്കാൻ കഴിയാത്ത ആളുകൾ ഉണ്ട്.

എത്രയും വില കുറച്ച് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുമോ അത്രയും നല്ലത് എന്ന ചിന്തയിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യം വച്ച് വെറും 6500 രൂപയിൽ താഴെ വിലയിലാണ് ലാവ യുവ സ്റ്റാർ 4ജി എത്തുന്നത്. എൻട്രി ലെവൽ സ്മാർട്ട്‌ഫോണായി എത്തുന്ന ഈ ലാവ ഫോണിൽ 5,000mAh ബാറ്ററിയടക്കമുള്ള ഫീച്ചറുകൾ ഉണ്ട്.
ലാവ യുവ സ്റ്റാർ 4ജിയുടെ പ്രധാന ഫീച്ചറുകൾ: 6.74-ഇഞ്ച് HD+ ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന POCO C65-ന് സമാനമായി 6.75-ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ ലാവ ഫോണിലും ഉള്ളത്. തിളങ്ങുന്ന ബാക്ക് ഡിസൈൻ ആണ് ലാവ ഈ ഫോണിന് നൽകിയിരിക്കുന്നത്. ഇത് പ്രത്യേക ആകർഷണവും മികച്ച ലുക്കും ഈ ഫോണിന് നൽകുന്നു.

ഒക്ടാകോർ UNISOC 9863A ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം. ഐടെലിന്റെ A05s സ്മാർട്ട്‌ഫോണിനും ഇതേ ചിപ്സെറ്റ് തന്നെയാണ് ഉള്ളത്. 4 ജിബി റാം + 4 ജിബി വെർച്വൽ റാം, 64 ജിബി സ്റ്റോറേജ് ഫീച്ചറുകളോടെയാണ് ലാവ യുവ സ്റ്റാർ 4ജി എത്തുന്നത്.
ആൻഡ്രോയിഡ് 14 ഗോ ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ക്യാമറ സജ്ജീകരണത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. അതിൽ 13MP AI മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ, 5MP സെൽഫി ക്യാമറയും ഉണ്ട്.
സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സ്കാനർ, ഫെയ്സ് അൺലോക്ക്, ഡ്യുവൽ 4G VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് 5.1, GPS + GLONASS, യുഎസ്ബി ടൈപ്പ് സി, 10W ചാർജിങ് പിന്തുണയോടെ 5,000mAh ബാറ്ററി എന്നിവയും ഈ ലാവ യുവ സ്റ്റാർ 4ജി ഫോണിലുണ്ട്.

വെള്ള, കറുപ്പ്, ലാവെൻഡർ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ലാവ യുവ സ്റ്റാർ 4ജിയുടെ 4GB റാം (+ 4 ജിബി വെർച്വൽ റാം) +64 GB ഇന്റേണൽ സ്റ്റോറേജ് വേരിയൻ്റിന് 6,499 രൂപയാണ് വില. രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








