അവസാനം ലെനോവോ ചതിച്ചു! 4 ടിബി മെമ്മറി, 45 ദിവസം ബാറ്ററി, ഒരു ലക്ഷം രൂപ വില.. എല്ലാം വെറുതെ..
4 ടിബി മെമ്മറി, 45 ദിവസം ബാറ്ററി, ഒരു ലക്ഷം രൂപ വില.. ലെനോവോ Z 5 വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കുറിച്ചായിരുന്നു. ഇന്ന് രാവിലെ കൂടെ ഒരു ലക്ഷത്തിന് അടുത്ത് വിലയുണ്ടെന്ന രീതിയിൽ ചൈനീസ് ഓൺലൈൻ വ്യാപാര കമ്പനികൾ വഴി ഇ മോഡലിനെ കുറിച്ച് വന്നിരുന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും ലെനോവോ തെറ്റിച്ചിരിക്കുകയാണ്.

വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങൾ മാത്രമായി ഒതുങ്ങി
4 ടിബി മെമ്മറി ഇല്ല, 45 ദിവസം ബാറ്ററി ഇല്ല, ഒരു ലക്ഷം രൂപ വിലയുമില്ല. എല്ലാം വെറും ആളെ ആകർഷിക്കുന്ന, ശ്രദ്ധ തിരിക്കുന്ന വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാക്കിയിരിക്കുന്നു ലെനോവോ. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇല്ലെങ്കിൽ പോലും ഒരു സാധാരണ ഫോൺ എന്ന രീതിയിൽ ഇറക്കാമായിരുന്ന കമ്പനി ഇല്ലാത്ത സവിശേഷതകൾ നിരത്തി ആളുകളെ വലിയ തോതിൽ പ്രതീക്ഷിപ്പിക്കുകയും അവസാനം വിളിച്ചിരുത്തി ഊണില്ല എന്ന് പറഞ്ഞ പോലെ ഒരു മിഡ് റേഞ്ച് ഫോൺ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.

കമ്പനിയുടെ പ്രതിച്ഛായക്ക് തന്നെ വിള്ളൽ
ഇവിടെ ലെനോവോയുടെ പ്രതിച്ഛായക്ക് തന്നെ വിള്ളൽ ഏൽക്കാൻ സാധ്യതയുള്ള സംഭവങ്ങളാണ് സംഭവിച്ചത്. കാരണം ഇന്ന് ലോകത്ത് ഒരു ഫോണിന് പോലും അവകാശപ്പെടാൻ സാധിക്കാത്ത സവിശേഷതകൾ അവകാശപ്പെടുക, ശേഷം അതെല്ലാം തന്നെ പാടെ തെറ്റിക്കുന്ന ഒരു ഫോൺ ഇറക്കുകയും ചെയ്യുക. അതാണ് ലെനോവോ ചെയ്തത്. കമ്പനി അവകാശപ്പെട്ടത് പോലെ നോച്ച് ഇല്ലാത്ത, 95 ശതമാനം ബോഡിയോട് ചേർന്ന് നിൽക്കുന്ന സിസ്പ്ലെ എന്ന വാദത്തെ പാടെ തള്ളിക്കൊണ്ട് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് നോച്ഛ് ഉൾപ്പെടുന്ന ഒരു ഡിസ്പ്ളേ ആണ്. കൂടാതെ താഴെയും കുറച്ചു ഡിസ്പ്ളേ അല്ലാത്ത സ്ഥലമുണ്ട്. അതോടെ കമ്പനിയുടെ ഏറ്റവും വലിയ വാഗ്ദാനമായ പൂർണ്ണമായും മുൻവശം ഡിസ്പ്ളേ എന്ന, അല്ലെങ്കിൽ 95 ശതാമാനം ഡിസ്പ്ളേ എന്ന വാദം പൊളിഞ്ഞിരിക്കുകയാണ്.

കമ്പനി പറഞ്ഞതും ഫോണിൽ ഉള്ളതും..
മറ്റൊരു കാര്യം 4 ടിബി മെമ്മറി എന്നതാണ്. എന്നാൽ ഫോണിൽ ഉള്ളത് 64 ജിബി അല്ലെങ്കിൽ 128 ജിബി മെമ്മറി മാത്രമാണ്. ഇത് 256 ജിബി ആയി അധികരിപ്പിക്കാനും സാധിക്കും. 4 ടിബി എന്നത് ഫോണിലേക്ക് ബന്ധിപ്പിക്കാവുന്ന മറ്റൊരു ഉപകരണത്തിന്റെ രൂപത്തിൽ ആണെന്ന് മാത്രം. മറ്റൊന്ന് ഫോണിലെ ബാറ്ററി ആയിരുന്നു. 45 ദിവസം സ്റ്റാൻഡ്‌ബൈ എന്ന വാദമായിരുന്നു കമ്പനി പറഞ്ഞത്. പക്ഷെ ഇപ്പോൾ നമുക്ക് കാണാൻ പറ്റുന്നത് 3300 mAh ബാറ്ററി മാത്രമാണ്.

എങ്കിലും ഫോൺ അതിമനോഹരം തന്നെ
എന്തായാലും ഫോണിന്റെ ഡിസൈൻ അല്പം ആകർഷണീയമാണ് എന്നത് ശ്രദ്ധേയമാണ്. അതുപോലെ വിലയിലേക്ക് വരുമ്പോൾ 1299 യുവാൻ മുതൽ അതായത് ഏകദേശം 13000 രൂപ മുതൽ ലഭിക്കും എന്നതിനാൽ ആ വിലയിൽ ലഭിക്കുന്ന ഒരു ശരാശരി ഫോൺ എന്ന നിലയിൽ തൃപ്ത്തി തരുന്നുണ്ട്. എങ്കിലും ഇത്രയും വലിയ അവകാശവാദങ്ങൾ മുഴക്കി ഒരു ഫോൺ ഇറക്കുമ്പോൾ അതിനോട് അല്പമെങ്കിലും ലെനോവോക്ക് നീതി പുലർത്താമായിരുന്നു.

മറ്റു സവിശേഷതകൾ
6.2 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ളേ, 2246 x 1080 പിക്സൽസ് റെസല്യൂഷൻ, Qualcomm Snapdragon 636 ഒക്ട കോർ പ്രൊസസർ, Adreno 509 GPU, 16MP + 8MP ബാക്ക് ക്യാമറ, 8 എംപി മുൻക്യാമറ എന്നിവയാണ് ഫോണിലെ മറ്റു പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications