ലോകം ഐസ്‌ക്രീമില്‍, എല്‍ജി ബ്രഡിലും

Posted By: Super

ലോകം ഐസ്‌ക്രീമില്‍, എല്‍ജി ബ്രഡിലും

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ് എല്‍ജി മൊബൈല്‍ വിപണിയില്‍ കൈവെച്ചു തുടങ്ങിയത്. സാധാരണക്കാരെയും, ഹൈ എന്റ് ഫോണ്‍ ലവേഴ്‌സിനെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ എല്‍ജി ആദ്യം മുതല്‍ ശ്രദ്ധിച്ചിരുന്നു. സ്്മാര്‍ട്ട്‌ഫോണ്‍ തരംഗം തുടങ്ങിയപ്പോള്‍ അവിടെയും പിന്നിലാവാതെ ശ്രദ്ധിച്ചു എല്‍ജി.

എല്‍ജി ഒപ്റ്റിമസ് ഹാന്‍ഡ്‌സെറ്റുകളിലൂടെ മൊബൈല്‍ വിപണിയില്‍ ശ്രദധാകേന്ദ്രമായി എന്നു സമ്മതിക്കാതെ വയ്യ. എല്‍ജി ഒപ്റ്റിമസ് മുതല്‍ക്കാണ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. അതിനു ശേഷം നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ എല്‍ജി പുറത്തിറക്കി. പക്ഷേ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ സംഭവിക്കുന്ന അപ്‌ഡേറ്റുകള്‍ വളരെ വൈകി മാത്രം തങ്ങളുടെ ഹാന്‍ഡ്‌സെറ്റിലെത്തിക്കുന്നുള്ളൂ എന്നൊരു വിമര്‍ശനം എല്‍ജിക്കു നേരെയുണ്ട് എന്നതും വാസ്തവം.

വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ആന്‍ഡ്രോയിഡിന്റെ ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമില്‍ എല്‍ജി ഒപ്റ്റിമസ് ഫോണ്‍ ഇറങ്ങാന്‍ പോകുന്നു. ഒപ്റ്റിമസ് ബ്ലാക്ക്, എല്‍ജി ഒപ്റ്റിമസ് 3ഡി, എല്‍ജി ഒപ്റ്റിമസ് 2എക്‌സ് എന്നീ ഹാന്‍ഡ്‌സെറ്റുകളാണ് ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമില്‍ രംഗപ്രവേശം നടത്താനൊരുങ്ങുന്നത്.

ഇതിലെ തമാശ എന്താണെന്നു വെച്ചാല്‍, മറ്റെല്ലാ മൊബൈല്‍ നിര്‍മ്മാതാക്കളും ഗൂഗിളിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് 4.0 എന്നറിയപ്പെടുന്ന ഐസ് ക്രീം സാന്റ് വിച്ച് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് എല്‍ജി ജിഞ്ചര്‍ബ്രെഡ് നുണയാനൊരുങ്ങുന്നത്.

ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രത്യേകതയാണ് ഓണ്‍-സ്‌ക്രീന്‍ കീബോര്‍ഡ്. കോപ്പി, പേസ്റ്റിംഗ് എന്നിവ എളുപ്പത്തില്‍ നടക്കുന്നു, മികച്ച പവര്‍ മാനേജ്‌മെന്റ്, ഡൗണ്‍ലോഡ് മാനേജര്‍, തുടങ്ങിയവയെല്ലാം ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളുടെ സവിശേഷതകളാണ്.

ഈ മാസം ആദ്യത്തില്‍ തന്നെ ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്ന എല്‍ജി ഒപ്റ്റിമസ് 2എക്‌സ് ആയിരിക്കും ആദ്യമായി ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന എല്‍ജി ഹാന്‍ഡ്‌സെറ്റ്.

പിന്നാലെ, നവംബര്‍ 21ന് എല്‍ജി ഒപ്റ്റിമസ് 3ഡിയും, 28ന് എല്‍ജി ഒപ്റ്റിമസ് ബ്ലാക്കും ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. എന്നാല്‍ മേല്‍ പറഞ്ഞ തിയ്യതികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മാത്രമാണ് ബാധകം. മറ്റു രാജ്യങ്ങളില്‍ പിറകെ മാത്രമേ എല്‍ജി ജിഞ്ചര്‍ബ്രെഡ് ഹാന്‍ഡ്‌സെറ്റുകള്‍ ഇറങ്ങൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot