ഉള്ളം കൈയിലൊതുങ്ങുന്ന സ്മാർട്ട് ഫോണുകളാണോ വാങ്ങാൻ ഉദ്ദേശിക്കുന്നത്: ഇതാ അഞ്ച് കോംപാക്ട് സ്മാർട്ട് ഫോണുകൾ
സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യമാണ് കൈയിൽ ഒതുങ്ങുന്ന ഫോൺ ആവുക എന്നത്. സ്മാർട്ട്‌ഫോൺ നിർമാതാക്കൾ വലിയ ഫോണുകൾ പുറത്തിറക്കാനാണ് ഇപ്പോഴും മത്സരിക്കുന്നത്. അതിനാൽ തന്നെ വിപണിയിൽ കൈയിൽ ഒതുങ്ങൂന്ന കോംപാക്ട് ഫോണുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. എന്നാൽ പെർഫോമൻസും ക്യാമറ ക്വാളിറ്റിയും സ്‌റ്റോറേജ് കപ്പാസിറ്റിയും എല്ലാം നോക്കുമ്പോഴും ഫോണിന്റെ വലിപ്പവും ഭംഗിയും ഉപയോക്താക്കൾ ശ്രദ്ധിക്കാറുണ്ട്. കൈയിൽ ഒതുങ്ങുന്നതും പോക്കറ്റിലിട്ടാൽ മുഴച്ചുനിൽക്കാത്തതുമായ ഫോണുകൾ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. വലിപ്പം കുറയുമ്പോൾ പെർഫോമൻസ് കുറയുമെന്ന തോന്നലുകൾ തെറ്റിച്ചുകൊണ്ട് വിപണി കീഴടക്കുകയാണ് ഇത്തരത്തിലുള്ള ഫോണുകൾ. നിങ്ങൾ ഒരു കോംപാക്ട് ഫോണാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത്തരത്തിലുള്ള അഞ്ച് സ്മാർട്ട് ഫോണുകളെ ഇവിടെ പരിചയപ്പെടാം.
അവയിൽ ഒന്നാണ് ഓപോ പുറത്തിറക്കുന്ന ഓപോ ഫൈൻഡ് X8 (Oppo Find X8 ). നിലവിലുള്ള മികച്ച കോംപാക്ട് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Oppo Find X8. വലുപ്പത്തിന്റെ കാര്യത്തിൽ മറ്റുള്ള കോംപാക്ട് ഫോണുകളേക്കാൾ കൂടുതൽ വലുപ്പമുണ്ടെങ്കിലും ഒരു ഫ്‌ലാഗ്ഷിപ്പ് ഫോണിലെ എല്ലാ ഗുണങ്ങളും Find X8ൽ ലഭ്യമാണ്.

ഡൈമെൻസിറ്റി 9400 ചിപ്സെറ്റാണ് Oppo Find X8ൽ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ പോലെ 9400 ചിപ്സെറ്റ് പ്രവർത്തിക്കും. കൂടാതെ മികച്ച ബാറ്ററി ബാക്കപ്പും നൽകിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ 100 ശതമാനം ചാർജിൽ എത്തുന്ന 5,630mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 6.5 ഇഞ്ച് സ്‌ക്രീനും നൽകിയിട്ടുണ്ട്. മാത്രമല്ല ട്രിപ്പിൾ ക്യാമറ നൽകാനും ഓപോ മടി കാണിച്ചിട്ടില്ല. 69,999 രൂപയ്ക്ക് Oppo Find X8 സ്വന്തമാക്കാൻ കഴിയും.

അടുത്തതായി പരിചയപ്പെടാൻ പോകുന്ന കോംപാക്ട് ഫോണാണ് സാംസങ് ഗ്യാലക്‌സി s25. ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേഷനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതായത് ആൻഡ്രോയിഡ് 22 ലേക്ക് വരെ അപ്‌ഡേഷൻ സാധ്യമാകും. മികച്ച ക്യാമറ ഫോണല്ലെങ്കിലും പെർഫോമൻസ് മോശമാകില്ലെന്ന് ഉറപ്പിക്കാം. 80,999 രൂപ കൈയിലുണ്ടെങ്കിൽ ഗ്യാലക്‌സി s25 സ്വന്തമാക്കാവുന്നതാണ്.

ആപ്പിൾ ആരാധകരാണെങ്കിൽ ഐഫോൺ 16 പ്രോയും മികച്ച കോംപാക്ട് ഫോണിന്റെ പട്ടികയിലുണ്ട്. ഐഫോൺ 16 പ്രോ മാക്‌സിനെപ്പോലെ തന്നെ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകൾ, മികച്ച മൈക്രോഫോണുകൾ, ടെലിഫോട്ടോ സെൻസർ തുടങ്ങിയ എല്ലാ സവിശേഷതകളും ഇതിലുമുണ്ട്. 1,09,500 രൂപയിൽ നിന്നാണ് ഇതിന്റെ അടിസ്ഥാന വില ആരംഭിക്കുന്നത്.

മോട്ടറോള എഡ്ജ് 50 നിയോ (Motorola Edge 50 Neo)യും കോംപാക്ട് ഫോണിന്റെ ലിസ്റ്റിലുണ്ട്. പക്ഷെ 6.4 ഇഞ്ച് സ്‌ക്രീനാണ് ഇതിന് നൽകിയിരിക്കുന്നത്. മീഡിയടെക് ചിപ്സെറ്റും സ്റ്റോക്ക് ആൻഡ്രോയിഡും ഇതിലുണ്ട്. ടെലിഫോട്ടോ ഷൂട്ടറും വയർലെസ് ചാർജിംഗും Motorola Edge 50 Neo വാഗ്ദാനം ചെയ്യുന്നു. മോട്ടറോള ഫോണിന് 5 ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ലഭിക്കുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. കൂടാതെ 4,310mAh ബാറ്ററിയും നൽകിയിട്ടുണ്ട്. പോക്കറ്റ് കീറാതെ 20,999 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാം.

ഗൂഗിൾ പുറത്തിറക്കുന്ന പിക്‌സൽ 9 പ്രോ (Pixel 9 Pro)യും മികച്ച കോംപാക്ട് ഫോണുകളിൽ പെട്ടതാണ്. സ്‌ക്രീൻ വലുപ്പം 0.4 ഇഞ്ച് കുറച്ചുകൊണ്ട് Pixel 9 Proയുടെ മാസ്സ് എൻഡ്രി. 6.3 ഇഞ്ച് OLED സ്‌ക്രീനുള്ള പിക്സൽ 9 പ്രോ പോക്കറ്റിൽ സിമ്പിളായി കൊള്ളും.
ഗൂഗിളിന്റെ എല്ലാ AI സവിശേഷതകളും പിക്‌സൽ 9 പ്രോയിലുണ്ട്, കൂടാതെ വളരെ വേഗതയേറിയ ടെൻസർ G4 ചിപ്സെറ്റും (Tensor G4 chipset) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 1,09,999 രൂപയാണ് വില.


Click it and Unblock the Notifications








