മായാവിയുടെ മാന്ത്രികവടി കിട്ടിയപോലെയുണ്ട്! ലോകത്തെ ഞെട്ടിച്ച് പിക്സൽ 9, 9പ്രോ മോഡലുകൾ എത്തി
പറയുന്നതെല്ലാം അനുസരിക്കുന്ന അലാവുദ്ദീന്റെ അദ്ഭുതവിളക്ക്, രാജുവും രാധയും അപകടത്തിൽപ്പെടുമ്പോൾ പറന്നെത്തുന്ന മായാവിയുടെ കൈയിലെ മാന്ത്രികവടി എന്നിവയൊക്കെ നമ്മെ കഥകളിലൂടെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ എന്തെങ്കിലും മാന്ത്രിക ശക്തികൾ കിട്ടിയിരുന്നു എങ്കിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമായിരുന്നു എന്ന് നമ്മളിൽ പലരും ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ കെട്ടുകഥകളെ തോൽപ്പിക്കുന്ന വിധത്തിൽ ടെക്നോളജി വികസിച്ചിരിക്കുന്നു. മനുഷ്യന് വേണ്ടി ചിന്തിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും കഴിയുന്ന വിധത്തിലേക്ക് സ്മാർട്ട്ഫോൺ ലോകം മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ പിക്സൽ 9 സീരീസ് (Google Pixel 9 series) ഗൂഗിൾ ലോഞ്ച് ചെയ്തു.
പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ് എന്നിങ്ങനെ നാല് ഫോണുകളാണ് പിക്സൽ 9 സീരീസിൽ ഗൂഗിൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ക്യാമറ, പെർഫോമൻസ്, എന്നിവയിൽ വിസ്മയിപ്പിക്കാൻ പിക്സൽ 9, പിക്സൽ 9 പ്രോ എന്നിവയ്ക്ക് സാധിക്കും.

പുതിയ ജെമിനി എഐ ഫീച്ചറുകൾ ആണ് പിക്സൽ 9 സീരീസിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. അടിയന്തര ഘട്ടങ്ങളിൽ ഉൾപ്പെടെ തുണയാകുന്ന സാറ്റലൈറ്റ് എസ്ഒഎസ് ഫീച്ചറും ഗൂഗിൾ പുതിയ പിക്സൽ 9 സീരീസ് ഫോണുകളിൽ നൽകിയിരിക്കുന്നു. ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി4 ചിപ്പ് ആണ് പിക്സൽ 9 സീരീസ് ഫോണുകളുടെ കരുത്ത്.
പിക്സൽ 9 സീരീസിൽ എഐ ഫീച്ചറുകളുടെ വിളയാട്ടമാണ് എന്ന് പറയാം. ചിന്തിക്കാൻ കൂടി കഴിയാത്ത വിധത്തിലുള്ള കാര്യങ്ങൾ നിർവഹിക്കാൻ പിക്സൽ 9 സീരീസ് ഫോണുകൾക്ക് സാധിക്കും. ആരെയും ഒരു മികച്ച ഫോട്ടോഗ്രാഫറാക്കാൻ കഴിയും വിധത്തിൽ എഐ ഫീച്ചറുകളുടെ പിന്തുണയാൽ കരുത്തുറ്റതാണ് ഇതിലെ ക്യാമറ യൂണിറ്റ്.

പിക്സൽ 9 സീരീസിലെ ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ആണ് പിക്സൽ 9, ക്യാമറ അടക്കമുള്ള കാര്യങ്ങളിൽ കുറച്ചുകൂടി മികച്ച ഫീച്ചറുകളാൽ സമ്പന്നമായി പിക്സൽ 9 പ്രോ സീരീസ് എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോണുകൾ എത്തുന്നത്. 7 വർഷത്തെ OS, സുരക്ഷ, Pixel Drop അപ്‌ഡേറ്റുകൾ ഇവയ്ക്കുണ്ട്.
പിക്സൽ 9ന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, 1,800 nits HDR ബ്രൈറ്റ്നസ്, 2,700 nits പീക്ക് ബ്രൈറ്റ്നസുള്ള 6.3-ഇഞ്ച് OLED സൂപ്പർ ആക്ച്വ ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറുള്ള ഗൂഗിൾ ടെൻസർ ജി4 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
50എംപി പ്രൈമറി ക്യാമറ, 48എംപി അൾട്രാ വൈഡ് ക്യാമറ, 10.5എംപി സെൽഫി ക്യാമറ എന്നിവ പിക്സൽ 9 വാഗ്ദാനം ചെയ്യുന്നു. 4,700mAh ബാറ്ററി, 45W ഫാസ്റ്റ് വയർഡ് ചാർജിംഗ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ്, ബാറ്ററി ഷെയർ ഫീച്ചറുകളും പിക്സൽ 9 ഫോണിലുണ്ട്.

പിക്സൽ 9 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.3-ഇഞ്ച് (പിക്‌സൽ 9 പ്രോ) LTPO OLED സൂപ്പർ ആക്ച്വ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2, 2,000 nits HDR ബ്രൈറ്റ്നസ്, 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറുള്ള ഗൂഗിൾ ടെൻസർ ജി4 ചിപ്സെറ്റ് തന്നെയാണ് ഇതിലും ഉള്ളത്.
50എംപി പ്രൈമറി സെൻസർ, 48എംപി അൾട്രാ വൈഡ് സെൻസർ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 48എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളും 42എംപി സെൽഫി ക്യാമറയും അടങ്ങുന്നതാണ് പിക്സൽ 9 പ്രോയുടെ ക്യാമറ സജ്ജീകരണം. 4,700mAh ബാറ്ററി, 45W ഫാസ്റ്റ് വയർഡ് ചാർജിംഗ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ്, ബാറ്ററി ഷെയർ ഫീച്ചറുകൾ ഇതിലുമുണ്ട്.
പിക്സൽ 9 സീരീസിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും: 12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്സൽ 9 ൻ്റെ ഇന്ത്യയിലെ വില 79,999 രൂപയാണ്. പിക്‌സൽ 9 പ്രോ 16ജിബി റാം പിന്തുണയോടെ എത്തുന്നു. ഇതിന്റെ പ്രാരംഭ വില 1,09,999 രൂപയാണ്.
ഒബ്സിഡിയൻ, പോർസലൈൻ, വിൻ്റർഗ്രീൻ, പിയോണി നിറങ്ങളിൽ നിങ്ങൾക്ക് പിക്സൽ 9 ലഭിക്കും. പിക്സൽ 9ന്റ പ്രീ ഓഡർ ഇന്ത്യയിൽ നാളെ (ഓഗസ്റ്റ് 14) ആരംഭിക്കും. പിക്സൽ 9 പ്രോ സെപ് റ്റംബറിൽ ആണ് വിൽപ്പനയ്ക്ക് എത്തുക. ഫ്ലിപ്പ്കാർട്ട് വഴിയും റിലയൻസ് ഡിജിറ്റൽ, ക്രോമ ഫിസിക്കൽ സ്റ്റോറുകൾ വഴിയും പിക്സൽ 9 സീരീസ് ഫോണുകൾ ഓൺലൈനായി വാങ്ങാം.


Click it and Unblock the Notifications








