ആപ്പിൾ ഐഫോണിനെ വെല്ലുവിളിച്ച് ഗൂഗിൾ; ആവേശമാകാൻ പിക്സൽ 9 സീരീസ്! മെയ്ഡ് ബൈ ഗൂഗിൾ ഇവന്റ് വിശേഷങ്ങൾ
ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇന്ന് ആവേശത്തിന്റെ ദിനമാണ്. കാരണം സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ തങ്ങളുടെ പിക്സൽ 9 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പോകുകയാണ്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുള്ള ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന മെയ്ഡ് ബൈ ഗൂഗിൾ (Made by Google) ഇവന്റിൽ ഗൂഗിൾ പുതിയ പിക്സൽ സീരീസ് ഫോണുകളും (Google Pixel 9 series) അതോടനുബന്ധിച്ച് പിക്സൽ വാച്ച് 3 (Pixel Watch 3), പിക്സൽ ബഡ്സ് പ്രോ 2 (Pixel Buds Pro 2) പുതിയ ജെമിനി ഫീച്ചറുകൾ എന്നിവയും പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആപ്പിളിന്റെ ഐഫോൺ, സാംസങ്ങിന്റെ പ്രീമിയം എസ്24 സീരീസ് എന്നിവയ്ക്ക് ബദലായി ഗൂഗിൾ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ സീരീസ് ആണ് പിക്സൽ 9 സീരീസ്. ആപ്പിൾ തങ്ങളുടെ അടുത്ത ഐഫോൺ സീരീസ് സെപ്റ്റംബർ രണ്ടാം വാരം പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനും മുൻപ് തങ്ങളുടെ പുതിയ പിക്സൽ സീരീസ് അവതരിപ്പിച്ചുകൊണ്ട് വിപണിയിൽ മേൽക്കൈ നേടാൻ കൂടിയാണ് ഗൂഗിളിന്റെ നീക്കം.

പിക്സൽ 9 സീരീസിൽ ഇത്തവണ നാല് ഫോണുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ് എന്നിവയാണ് മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന പിക്സൽ 9 സീരീസ് ഫോണുകൾ.
പിക്‌സൽ 9 സീരീസിൻ്റെ നാല് മോഡലുകളും ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി4 പ്രൊസസർ കരുത്താക്കിയാണ് എത്തുക എന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിൽ എക്‌സിനോസ് 2400 അടിസ്ഥാനമാക്കിയുള്ള പിക്സൽ 9 സീരീസ് ഫോണുകളാകും എത്തുകയെന്ന് ചില റിപ്പോർട്ടുകളുണ്ട്. സാംസങ് ഗാലക്‌സി എസ് 24 മോഡലിൽ നൽകിയിരിക്കുന്നത് ഇതേ ചിപ്സെറ്റ് ആണ്.

മെയ്ഡ് ബൈ ഗൂഗിൾ ഇവൻ്റ് ഓഗസ്റ്റ് 13 ന് രാത്രി 10:30 PM (IST) ന് ആരംഭിക്കും. സ്മാർട്ട്ഫോൺ ആരാധകർക്ക് ഗൂഗിളിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും വെബ്‌സൈറ്റിലൂടെയും ഇത് തത്സമയ കാണാൻ സാധിക്കും. ഒരേ ചിപ്‌സെറ്റ് ആണെങ്കിലും, പിക്‌സൽ 9, പിക്സൽ 9 പ്രോ എക്‌സ്എൽ എന്നിവയുടെ ബെഞ്ച്മാർക്ക് സ്‌കോറുകളിലെ വ്യത്യാസം പ്രോ മോഡലുകൾ കൂടുതൽ ശക്തമായിരിക്കാമെന്ന് സൂചിപ്പിക്കുന്നു.
പിക്സൽ 9 സീരീസിലെ ഏറ്റവും താങ്ങാനാകുന്ന അടിസ്ഥാന മോഡലായിരിക്കും പിക്സൽ 9. ഇത് 6.3 ഇഞ്ച് സ്ക്രീനും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സഹിതമാകും എത്തുക. അതുപോലെ, പിക്സൽ 9 പ്രോയിലും 6.3 ഇഞ്ച് സ്ക്രീൻ തന്നെ പ്രതീക്ഷിക്കുന്നു, എന്നാൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും കൂടുതൽ റാമും സ്റ്റോറേജും ഈ മോഡലിന് ഉണ്ടായിരിക്കും.
ഗൂഗിളിൽ നിന്നുള്ള ഏറ്റവും വലിയ നോൺ-ഫോൾഡിംഗ് സ്‌മാർട്ട്‌ഫോൺ ആയിരിക്കും പിക്സൽ 9XL. ഇതിന് 6.8 ഇഞ്ച് ഡിസ്പ്ലേയും വലിയ ബാറ്ററിയും പ്രതീക്ഷിക്കുന്നു. മറ്റ് ഫീച്ചറുകൾ പിക്സൽ 9 പ്രോയ്ക്ക് സമാനമായിരിക്കും. ഗൂഗിളിന്റെ ഏറ്റവും പുത്തൻ ഫോൾഡ് ഫോൺ ആയി എത്തുന്ന പിക്സൽ 9 പ്രോ 8 ഇഞ്ച് പ്രൈമറി സ്‌ക്രീനും 6.3 ഇഞ്ച് കവർ ഡിസ്‌പ്ലേയും സഹിതമെത്തും.

സ്മാർട്ട്ഫോണുകൾ കഴിഞ്ഞാൽ മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിന്റെ മുഖ്യ ആകർഷണം പിക്സൽ വാച്ച് 3, പിക്സൽ ബഡ്സ് പ്രോ 2 എന്നിവയാണ്. പിക്സൽ സ്മാർട്ട് വാച്ച് 3 മോഡൽ 41 എംഎം, 45 എംഎം എന്നിങ്ങനെ രണ്ട് വലുപ്പങ്ങളിൽ വരാം. അവരുടെ AMOLED ഡിസ്‌പ്ലേകൾക്ക് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് വരെ എത്താൻ കഴിയും.
പിക്‌സൽ വാച്ച് 3 ഒരു മോണിങ് ബ്രീഫ് ഫീച്ചർ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അത് ദിവസത്തിൻ്റെ തുടക്കത്തിൽ ആരോഗ്യവും ഫിറ്റ്‌നസും സംഗ്രഹിക്കുന്നു, കൂടാതെ ആ ദിവസം നിങ്ങളുടെ ശരീരത്തിന് എത്രത്തോളം ശാരീരിക പ്രവർത്തനങ്ങൾ നടത്താമെന്ന് കണക്കാക്കുന്ന റെഡിനസ് സ്‌കോർ ഫീച്ചറും ഇതിലുണ്ട്. ഈ ഡിവൈസുകൾക്ക് പുറമേ ഗൂഗിൾ ജെമിനിയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില പ്രഖ്യാപനങ്ങളും മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications








