സ്മാർട്ട്ഫോൺ കൊതിയൻ മമ്മൂക്ക! വിൽപ്പന തുടങ്ങും മുമ്പേ ഗാലക്സി എസ്24 അൾട്ര പോക്കറ്റിലാക്കി മെഗാസ്റ്റാർ
മലയാള സിനിമയുടെ ഒരേയൊരു മെഗാസ്റ്റാറായ മമ്മൂട്ടിയ്ക്ക് സ്മാർട്ട്ഫോണുകളോടും പുതിയ ഗാഡ്ജറ്റ്സിനോടുമുള്ള ഇഷ്ടം വളരെ പ്രശസ്തമാണ്. ഏത് മുന്തിയ സ്മാർട്ട്ഫോൺ എത്തിയാലും മമ്മൂട്ടി അത് സ്വന്തമാക്കിയിരിക്കും. സ്മാർട്ട്ഫോൺ മാത്രമല്ല ക്യാമറ ഉൾപ്പെടെയുള്ള ഡിവൈസുകളുടെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെയാണ്. ഇപ്പോൾ അത് ഒരിക്കൽകൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
ഒട്ടേറെ എഐ ഫീച്ചറുകളുമായി എത്തിയിരിക്കുന്ന സാംസങ്ങിന്റെ ഗാലക്സി എസ്24 അൾട്ര കേരളത്തിൽ ആദ്യമായി സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ജനുവരി-31 മുതലാണ് ഇന്ത്യയടക്കമുള്ള വിപണികളിൽ ഗാലക്സി എസ്24 സീരീസിന്റെ വിൽപ്പന ഔദ്യോഗികമായി ആരംഭിക്കുക. എന്നാൽ അതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നു.

കൊച്ചിയിലെ പ്രമുഖ സ്മാർട്ട്ഫോൺ വിൽപ്പനക്കാരായ മൊബൈൽ കിങ്ങിന്റെ എംഡി ടി.എം ഫയാസ് മമ്മൂട്ടിക്ക് സാംസങ് ഗാലക്സി എസ്24 അൾട്ര നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. പ്രീമിയം സ്മാർട്ട്ഫോണുകൾ മമ്മൂട്ടി ആദ്യം തന്നെ സ്വന്തമാക്കുന്നത് ഇതാദ്യമല്ല. ഐഫോണിന്റെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഐഫോണ്‍ 15 പ്രോ മാക്സും ആദ്യം തന്നെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
സ്മാർട്ട്ഫോൺ രംഗത്തെ വമ്പന്മാരായ ആപ്പിളിന്റെയും സാംസങ്ങിന്റെയും പ്രീമിയം സ്മാർട്ട്ഫോണുകൾ ആദ്യം തന്നെ സ്വന്തമാക്കുക എന്നത് മമ്മൂട്ടിയുടെ ഇഷ്ടവിനോദമായി മാറിയിരിക്കുന്നു. ഐഫോൺ 14 പ്രോ മാക്സ് ഇറങ്ങിയപ്പോഴും കേരളത്തിൽ ആദ്യം സ്വന്തമാക്കിയവരിൽ ഒരാൾ മമ്മൂക്ക ആയിരുന്നു. കാറുകളോട് എന്നപോലെ തന്നെ സ്മാർട്ട്ഫോണുകളോടും ഏറെ കമ്പം അദ്ദേഹത്തിനുണ്ട്.
ലോകത്തെ പുതിയ ടെക്നോളജികളെ ആദ്യം മനസിലാക്കുകയും അത്തരം ഡിവൈസുകളെ സ്വന്തമാക്കുകയും ചെയ്യുന്ന മലയാള സിനിമാലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രേമിയാണ് മമ്മൂക്ക. ഇപ്പോൾ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്ന ഗാലക്സി എസ്24 അൾട്ര അത്തരത്തിൽ ഒരുപാട് പുതിയ ടെക്നോളജികളുമായാണ് അവതരിച്ചിരിക്കുന്നത്. എസ്24 അൾട്രയിലെ ഗാലക്സി എഐ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ ഇതിനകം വൻ ചർച്ചയായിക്കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ ഗാലക്സി എസ്23 അൾട്രയിൽ നിന്ന് പുതിയ എസ്24 അൾട്രയിലേക്ക് എത്തുമ്പോൾ ഇക്കാലത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ള ടെക്നോളജി മുന്നേറ്റങ്ങളും പുതിയ ഫോണിലേക്ക് എത്തിയിട്ടുണ്ട്. നിലവിലുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ പ്രോസസറായ ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് എസ്24 അൾട്രയിൽ നൽകിയിരിക്കുന്നത്.
എസ്24 അൾട്രയുടെ പ്രധാന ആകർഷണം എഐ ഫീച്ചറുകളാണ്. സ്മാർട്ട്ഫോണുകളിൽ എഐ ആധിപത്യത്തിന് തുടക്കം കുറിച്ച സ്മാർട്ട്ഫോൺ എന്നാകും ഭാവിയിൽ എസ്24 അൾട്ര അറിയപ്പെടുക. അത്തരത്തിൽ ഒട്ടേറെ പുതിയ എഐ ഫീച്ചറുകൾ എസ്24 അൾട്രയിൽ സാംസങ് കൊണ്ടുവന്നിരിക്കുന്നു. കോളുകൾക്കിടയിൽ പോലും ലൈവ് ട്രാൻസിലേഷൻ സാധ്യമാക്കാൻ എസ്24 അൾട്രയ്ക്ക് സാധിക്കുന്നു.

ഒരു പഴ്സണൽ സഹായി എന്ന നിലയിലേക്ക് വളരാൻ സ്മാർട്ട്ഫോണുകളെ ശക്തരാക്കുന്ന എഐ ഫീച്ചറുകൾ എസ്24 അൾട്രയെ ശക്തമാക്കുന്നു. എഐ ലൈവ് ട്രാൻസ്ലേറ്റ്, നോട്സ് അസിസ്റ്റന്റ്, സെർക്കിൾ ടു സേർച്ച് എന്നിവയെല്ലാം പുതിയ ഗാലക്സി എസ്24 അൾട്രയിലെ എഐ ഫീച്ചറുകളിൽ ചിലത് മാത്രമാണ്. ഫോട്ടോ എടുക്കുന്നതിലും എഡിറ്റ് ചെയ്യുന്നതിലും എസ്24 അൾട്രയിലെ എഐ ഫീച്ചറുകൾക്ക് പങ്കുണ്ട്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എസ്24 അൾട്രയുടെ പ്രവർത്തനം. 7 പ്രധാന ഒഎസ് അപ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും എസ്24 അൾട്രയ്ക്ക് ലഭിക്കും. 6.8 ഇഞ്ച് ക്വാഡ്എച്ച്ഡി+ അമോലെഡ് സ്‌ക്രീനാണ് ഇതിലുള്ളത്. ക്വാഡ് ക്യാമറ സജ്ജീകരണമാണ് എസ്24 അൾട്രയിൽ നൽകിയിരിക്കുന്നത്.

200 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ, 5എക്‌സ് ഒപ്റ്റിക്കൽ സൂം ഉള്ള 50 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി ക്യാമറ എന്നിവ അടങ്ങുന്നതാണ് എസ്24 അൾട്രയിലെ ക്യാമറ സജ്ജീകരണം. സെൽഫിയ്ക്കായി 12 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.
ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ എസ്24 അൾട്ര ലഭ്യമാകും. സാംസങ് ഗാലക്സി എസ്24 അൾട്രയുടെ 12GB+ 256 ജിബി അടിസ്ഥാന മോഡലിന് 129,999 രൂപ ആണ് വില. 12GB+ 512GBവേരിയന്റിന് 139,999 രൂപയും 12GB+ 1TB വേരിയന്റിന് 159,999 രൂപയും ആണ് ഇന്ത്യയിലെ വില.
Image credit: Mobile King


Click it and Unblock the Notifications








