ആ കാഴ്ചകണ്ട് തകർന്നുപോയി, അനുഭവിക്കുമ്പോൾ പഠിക്കും; മുന്നറിയിപ്പുമായി മൊബൈലിന്റെ പിതാവ്
മൊബൈൽ ഇല്ലാത്തൊരു ജീവിതം ഇന്ന് പലർക്കും ചിന്തിക്കാൻകൂടി സാധിക്കില്ല. മനുഷ്യന്റെ ജീവിതത്തോട് അത്രമേൽ ഇഴുകിച്ചേർന്ന കണ്ടുപിടുത്തങ്ങളിലൊന്നാണ് മൊബൈൽ. എവിടേക്ക് നോക്കിയാലും അവിടെയെല്ലാം മൊബൈൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിരവധി ആളുകളെ കാണാൻ സാധിക്കും. ഫോണിൽ തൊടാതെ ഒരു ദിവസം കഴിച്ചുകൂട്ടുക എന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.
എന്നാൽ മനുഷ്യന്റെ ഈ നിലയിലുള്ള മൊബൈൽ ഉപയോഗം അത്ര നല്ലതല്ല എന്നാണ് മൊബൈലിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർട്ടിൻ കൂപ്പർ പറയുന്നത്. പരിസരവും സ്വബോധം മറന്നുള്ള ആളുകളുടെ മൊബൈൽ ഉപയോഗം കാണുമ്പോൾ ദുഖം തോന്നാറുണ്ട് എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

ആദ്യ പോർട്ടബിൾ സെല്ലുലാർ ഫോൺ രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിൽ നേതൃത്വം നൽകിയ ആളാണ് മാർട്ടിൻ കൂപ്പർ. 1973 ലാണ് കൂപ്പറിന്റെ നേതൃത്വത്തിൽ മോട്ടോറോള ഡൈന ടിഎസി 8000എക്‌സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോൾ കാലിഫോർണിയയിലെ ഡെൽ മാറിലെ ഡൈന എൽഎൽസിയുടെ സഹസ്ഥാപകനും നിലവിലെ ചെയർമാനുമാണ് കൂപ്പർ.
മൊബൈലിന് ഏതാണ്ട് അൻപത് വയസിനോടടുത്ത് പ്രായമായിരിക്കുകയാണ്. ഈ ഘട്ടത്തിൽ അൽപ്പം അതൃപ്തിയോടെയാണ് മൊബൈലിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂപ്പർ ആളുകളുടെ മൊബൈൽ ഉപയോഗത്തെ വിലയിരുത്തുന്നത്. റോഡ് മുറിച്ച് കടക്കുമ്പോൾ പോലും ആളുകൾ മൊബൈൽ സ്ക്രീനിൽ നോക്കി നടക്കുന്നത് കണ്ട് തകർന്നുപോയി എന്ന് അദ്ദേഹം പറഞ്ഞു.
''യാതൊരു സ്ഥലകാലബോധവുമില്ലാതെയാണ് ആളുകൾ മൊബൈൽ ഉപയോഗിക്കുന്നത്. അവർക്ക് അവരുടെ മനസ് നഷ്ടമായി. റോഡ് ക്രോസ് ചെയ്യുമ്പോൾ പോലും മൊബൈലിൽ നോക്കുന്ന പെരുമാറ്റം അശ്രദ്ധവും അപകടകരവുമാണ്. കുറച്ചുപേരെ കാറിടിച്ച് കഴിയുമ്പോൾ അവർ കാര്യങ്ങൾ മനസിലാക്കിക്കൊള്ളു''മെന്നും പാതി തമാശയായും പാതി കാര്യമായും കൂപ്പർ വ്യക്തമാക്കി.

അടുത്തിടെ നടത്തിയ മറ്റൊരു അഭിമുഖത്തിലും കൂപ്പർ ഇതേ കാര്യങ്ങൾ തന്നെ മൊബൈൽ ഉപയോഗത്തെപ്പറ്റി വ്യക്തമാക്കിയിരുന്നു. ആളുകളുടെ ഉപയോഗ രീതി സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കിലും മൊബൈലിന്റെ ഭാവി സംബന്ധിച്ച് ഏറെ ശുഭപ്രതീക്ഷകളാണ് കൂപ്പർ പങ്കുവയ്ക്കുന്നത്. സമൂഹത്തെ ക്രിയാത്മകമായി മാറ്റാൻ മൊബൈൽ ഫോണിന് വളരെയധികം കഴിവുണ്ടെന്ന് കൂപ്പർ വിശ്വസിക്കുന്നു.
വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും വിപ്ലവം സൃഷ്ടിക്കാൻ മൊബൈലിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ രോഗങ്ങൾ കണ്ടെത്താൻ കഴിയുന്ന നിലയിലേക്ക് മൊബൈൽ എത്തിച്ചേരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''അത് അതിശയോക്തിയാണെന്ന് എനിക്കറിയാം, പക്ഷേ ഒന്നോ രണ്ടോ തലമുറകൾക്കുള്ളിൽ മൊബൈൽ രോഗത്തെ കീഴടക്കുമെന്ന് നിങ്ങൾ അറിയണം'' എന്ന് കൂപ്പർ പറഞ്ഞു.
94 വയസ് ആയെങ്കിലും പുത്തൻ ഡിവൈസുകളുമായും ടെക്നോളജിയുമായുമൊക്കെ കൂപ്പർ ബന്ധം പുലർത്തുന്നു. ആപ്പിൾ വാച്ച് ധരിക്കുകയും ടോപ്പ് എൻഡ് ഐഫോൺ ഉപയോഗിക്കുകയും ചെയ്യുന്നു. മിക്കവാറും എല്ലാ പുതിയ ഫോൺമോഡലുകളും അദ്ദേഹം പരിശോധിക്കാറുണ്ട്. എങ്കിലും കൊച്ചുമക്കളും അവരുടെ മക്കളും ഉപയോഗിക്കുന്നതു പോലെ, എങ്ങനെ സെൽഫോൺ ഉപയോഗിക്കണമെന്ന് മനസ്സിലാക്കാൻ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

മൊബൈലിനെപ്പറ്റി വിലയിരുത്തുമ്പോഴെല്ലാം അദ്ദേഹം ആളുകൾ അത് ഉപയോഗപ്പെടുത്തുന്ന രീതിയെ വിമർശിക്കാറുണ്ട്. ആളുകൾ അവരുടെ വിലപ്പെട്ട സമയം മൊബൈൽ ഫോൺ ഉപയോഗിച്ച് പാഴാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുൻപും പലവട്ടം അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ മാറ്റിവച്ച് ജീവിക്കാൻ ശ്രമിക്കൂ എന്നാണ് കൂപ്പർ ആളുകളെ ഉപദേശിക്കാറുള്ളത്.
തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ താൻ മൊബൈൽഫോൺ ഉപയോഗിക്കാറുള്ളൂ എന്നും നേരത്തെ നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫോണുകളിൽ അധികസമയം ചെലവിടുന്നവർ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്നാണ് കൂപ്പറുടെ അഭിപ്രായം. അതുകൊണ്ടാണ് മണിക്കൂറുകളോളം ഫോണിൽ ചെലവിടുന്ന തലമുറയോട്, ''മൊബൈൽ മാറ്റിവച്ച് ജീവിക്കാൻ നോക്കാൻ'' അദ്ദേഹം ഉപദേശിക്കുന്നത്.


Click it and Unblock the Notifications







