മണ്ണപ്പം ചുട്ടുതള്ളുന്നതുപോലെ ഐഫോൺ 15 നിർമാണം; ഇക്കൊല്ലം ഇന്ത്യയിൽ എല്ലാം വ്യത്യസ്തമാണ്!
ഐഫോൺ 15 സീരീസിലെ സ്മാർട്ട്ഫോണുകളെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ലോകം. സെപ്റ്റംബർ 12 ന് ആപ്പിൾ ആസ്ഥാനമായ കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന ലോഞ്ച് ചടങ്ങിലേക്ക് ആളുകളെ ക്ഷണിക്കുന്ന തിരക്കിലാണ് ആപ്പിൾ. ലോഞ്ച് ഇവന്റിന്റെ മുഖ്യ ആകർഷണം ഐഫോൺ 15 സീരീസ് ഫോണുകൾ തന്നെയാണ്.
എന്നാൽ, ഐഫോൺ 15 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ഒപ്പം തന്നെ, പുതിയ ആപ്പിൾ വാച്ച് സീരീസും പുതിയ മാക്ബുക്കും എയർപോഡുകളും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്തെ മറ്റ് രാജ്യങ്ങൾ കാത്തിരിക്കുന്ന പോലെ തന്നെ ഇന്ത്യയും ഏറെ ആകാംക്ഷയോടെ ആപ്പിൾ ഇവന്റിലേക്ക് ഉറ്റുനോക്കുന്നു.

എന്ത് അദ്ഭുതമാണ് ആപ്പിൾ ഇത്തവണ പുതിയ ഐഫോൺ സീരീസിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നതാണ് ഏവരുടെയും ആകാംക്ഷ. ലോഞ്ചിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ ഐഫോൺ 15 സീരീസിലെ ഫോണുകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. വമ്പൻ അപ്ഗ്രേഡ് തന്നെ ഇത്തവണ ആപ്പിൾ ഒരുക്കിയിട്ടുണ്ട് എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ആപ്പിൾ ഇവന്റ് ഏറെ പ്രധാനപ്പെട്ടതാണ്. പതിവ് രീതികളിൽനിന്ന് വ്യത്യസ്തമായി ആപ്പിൾ ഐഫോൺ ലോഞ്ചിനെ വ്യത്യസ്തമാക്കുന്ന ചില മാറ്റങ്ങൾ ഇന്ത്യയിൽ ഉണ്ടായിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഏറ്റവും പുതിയ ഐഫോണുകളുടെ നിർമാണം ഇന്ത്യയിൽ നടക്കുന്നു എന്നതാണ്.
ഇന്ത്യയിലെ ഐഫോൺ വിൽപ്പന മുമ്പെങ്ങുമില്ലാത്തവിധം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പുതിയ ഐഫോൺ 15 സീരീസ് എത്തുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ഇന്തയിൽ ആരംഭിച്ച ശേഷം ആദ്യമായി നടക്കുന്ന ഐഫോൺ ലോഞ്ച് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഏറ്റവും പുതിയ ഐഫോൺ ഇന്ത്യയിൽനിന്ന് കയറ്റി അയയ്ക്കപ്പെടും എന്നത് ഏറെ അഭിമാനകരമായ ഒരു നാഴികക്കല്ലാണ്.
ഐഫോണുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമ്പോൾ പോലും ഇന്ത്യയിൽ അവ ലഭ്യമാകാൻ വൈകുമായിരുന്നു. എന്നാൽ ഇത്തവണ ആ കാലതാമസം അധികം ഉണ്ടാകില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. അതിന് നന്ദി പറയേണ്ടത് ഫോക്സ്കോണിനോടും ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഐഫോൺ പ്ലാനിനോടുമാണ്. കാരണം ഫോക്സ്കോണിന്റെ ചെന്നൈ പ്ലാന്റിൽ ഐഫോൺ 15 നിർമാണം ഇതിനകംതന്നെ ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം.
ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ അളവ് കൂട്ടാനാണ് ആപ്പിൾ ശ്രമിക്കുന്നത് എന്ന് ആപ്പിളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായാണ് ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ ഒരു ഐഫോൺ മോഡൽ ഇന്ത്യയിൽ നിർമിക്കപ്പെടുന്നത്. അതിനാൽത്തന്നെ ഇതാദ്യമായി ആപ്പിൾ ലോഞ്ച് ഇവന്റിൽ ഇന്ത്യയിൽ നിർമിച്ച ഐഫോൺ ഇടംപിടിക്കുന്നു.
ആപ്പിൾ ഐഫോണുകളുടെ ഇന്ത്യയിലെ ചരിത്രം പരിശോധിച്ചാൽ, ഐഫോണിന്റെ പത്താം വാർഷികത്തിൽ ആണ് ഒരു ഐഫോൺ മോഡൽ ഇന്ത്യയിൽ എത്തുന്നത്. ഐഫോൺ എക്‌സ് ആയിരുന്നു ആ മോഡൽ. തുടർന്നിങ്ങോട്ടുള്ള വർഷങ്ങളിൽ ഐഫോണുകൾ ഇന്ത്യയിലും എത്തി. എന്നാൽ മറ്റ് സ്മാർട്ട്ഫോൺ വിപണികളിൽ എത്തിയശേഷമാണ് പുതിയ ഐഫോണുകൾ ഇന്ത്യക്കാർക്ക് ലഭിച്ചിരുന്നത്.
അതായത്, യുഎസ്, യൂറോപ്പ്, യുകെ വിപണികളിലെ ആളുകൾക്ക് ആഗോള ലോഞ്ചിനൊപ്പം ഏറ്റവും പുതിയ ഐഫോണുകളിലേക്ക് ആക്‌സസ് ലഭിക്കുമ്പോൾ, പുതിയ ഐഫോൺ കൈയിൽ കിട്ടാൻ ഇന്ത്യക്കാർ ഒരു മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടി വരാറുണ്ട്. ഇത്തവണ ആ കാലതാമസം ഉണ്ടാകില്ല. ഇന്ത്യയിൽ ഐഫോൺ എത്തുന്ന ഗ്യാപ്പ് കുറയ്ക്കാൻ ആപ്പിൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സെപ്തംബർ പകുതിയോടെ ഫോക്‌സ്‌കോണിന്റെ ചെന്നൈ യൂണിറ്റിൽ നിർമ്മിച്ച ഐഫോൺ 15 വിപണികളിൽ എത്തും എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫോക്സ്കോണിന് പുറമേ, ആപ്പിളിന്റെ കരാർ കമ്പനികളായ പെഗാട്രോൺ കോർപ്പറേഷനും ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിസ്‌ട്രോൺ കോർപ്പറേഷൻ ഫാക്ടറിയും ഉടൻ തന്നെ ഇന്ത്യയിൽ ഐഫോൺ 15 ന്റെ നിർമാണം ആരംഭിക്കും.

ഐഫോൺ 15 ന്റെ വൻ തോതിലുള്ള പ്രൊഡക്ഷനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഐഫോൺ 15ന്റെ ട്രയൽ പ്രൊഡക്ഷൻ ജൂണിൽ തന്നെ ഫോക്‌സ്‌കോണിന്റെ ചൈനയിലെ ഷെങ്‌ഷൗ ഫാക്ടറിയിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് ഇതേ സമയത്താണ് ഫോക്‌സ്‌കോൺ ഇന്ത്യയിലെ പ്ലാന്റിൽ ഐഫോൺ 15 നിർമാണം ആരംഭിക്കാൻ നടപടി തുടങ്ങിയത്.
ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. കൂടാതെ ഇന്ത്യയിൽ ഉത്സവസീസൺ വരാൻ പോകുകയാണ്. സ്മാർട്ട്ഫോണുകളുടെ വൻ വിൽപ്പന നടക്കുന്ന സമയമാണിത്. ഈ ഘട്ടത്തിൽ ഇന്ത്യയിൽ ഐഫോൺ ഡിമാൻഡ് ഉയരുമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു. അതിനാൽ, ഇന്ത്യയിൽ നിർമിക്കുന്ന ഐഫോൺ 15 ആദ്യപരിഗണന നൽകുക പ്രാദേശിക വിപണിക്കാണ്.
തുടർന്ന്, ഡിസംബറിന് ശേഷമാകും ഇന്ത്യയിൽ നിർമിക്കുന്ന ഐഫോൺ 15 യൂറോപ്പിലേക്കും യുഎസിലേക്കും ഉൾപ്പെടെ കയറ്റുമതി ചെയ്യുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഐഫോൺ നിർമാണത്തിലും കയറ്റുമതിയിലും വിൽപ്പനയിലും ഇന്ത്യ റെക്കോഡ് തിരുത്തിക്കുറിച്ച സാമ്പത്തിക വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത്. എന്തായാലും ഇത്തവണത്തെ ഐഫോൺ 15 വിൽപ്പന ഇന്ത്യയിൽ പതിവ് രീതിയിലായിരിക്കില്ല എന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications







