താണനിലത്തേ നീരോടൂ...! കളമറിഞ്ഞ് കളിക്കാൻ മോട്ടറോള; G45 5G ഇന്ത്യയിൽ ഒരു വിലസ് വിലസും
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള ഇന്ത്യയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. തങ്ങളുടെ G സീരീസിലേക്കുള്ള പുതിയ സ്മാർട്ട്ഫോണായി മോട്ടോ ജി45 5ജി (moto g45 5G) ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 12ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചു. ഇത് കൂടാതെ വരാൻ പോകുന്ന ഈ 5ജി ഫോണിന്റെ ചില ഫീച്ചറുകളും കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. ലഭിക്കുന്ന വിവരങ്ങൾ മൊത്തത്തിൽ വിലയിരുത്തിയാൽ 15000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ ആയിരിക്കും മോട്ടോ ജി45 5ജി.
താണനിലത്തേ നീരോടൂ എന്നാണ് പഴമക്കാർ പറയാറുള്ളത്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം വിൽപ്പന നടക്കുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റുകളിലൊന്ന് 15000 രൂപയിൽ താഴെ വില വിഭാഗമാണ്. ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. അതിനാൽത്തന്നെ ഇന്ത്യയിലെ ഈ പ്രത്യേക സാഹചര്യം മനസിലാക്കിക്കൂടിയാണ് മികച്ച ഫീച്ചറുകളോടെ മോട്ടറോള ജി45 5ജി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

മോട്ടോറോള സ്മാർട്ട്ഫോണുകളിൽ ഏറ്റവും വേഗതയേറിയ 5G എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കും മോട്ടോ ജി45 5ജി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്നാപ്ഡ്രാഗൺ 695-ൻ്റെ പിൻഗാമിയായ സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തി. 13 5G ബാൻഡുകളെ ഈ ഫോൺ പിന്തുണയ്ക്കുമെന്ന് കമ്പനി പറയുന്നു.
6.5-ഇഞ്ച് 120Hz സ്‌ക്രീൻ, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, ഡോർബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ എന്നിവ ഈ ഫോണിന് ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 50എംപി ക്വാഡ് പിക്സൽ ക്യാമറ, 8ജിബി റാം+ 128ജിബി സ്റ്റോറേജ് കൂട്ടുകെട്ട് എന്നിവയും മോട്ടോ ജി45 5ജിയിൽ ഉറപ്പിക്കാം.

മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലൂടെയും മോട്ടോ ജി45 5ജി ഓൺലൈനായും റീട്ടെയിൽ സ്റ്റോറുകൾ വഴിയും വാങ്ങാനാകും. ലോഞ്ചിന് മുന്നോടിയായി മോട്ടോ ജി45 5ജിയുടെ മൈക്രോസൈറ്റ് ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഫോണിന്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ എന്നിവയടക്കമുള്ള വിവരങ്ങൾ ഈ പേജ് സൂചിപ്പിക്കുന്നുണ്ട്.
ബ്രില്ല്യൻ്റ് ഗ്രീൻ, വിവ മജന്ത, ബ്രില്ല്യൻ്റ് ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ മോട്ടോ ജി45 5ജി എത്തുമെന്ന് ഫ്ലിപ്പ്കാർട്ട് പേജ് സൂചിപ്പിക്കുന്നു. വീഗൻ ലെതർ ഫിനിഷാണ് റിയർ പാനലിൽ നൽകിയിരിക്കുന്നത്. ഇതിലെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് റിയർ പാനലിൽ നിന്ന് അൽപ്പം ഉയർത്തിയാണ് നൽകിയിരിക്കുന്നത്.
മോട്ടോ ജി45 5ജിയുടെ ഇടതു വശത്ത് വോളിയം റോക്കറുകളും പവർ ബട്ടണുകളും നൽകിയിരിക്കുന്നു. വലതുവശത്ത് ഒരു സിം കാർഡ് ട്രേ മാത്രമേയുള്ളൂ. USB- C പോർട്ട്, സ്പീക്കർ സ്ലിറ്റ്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ഒരു മൈക്ക് ഹോൾ എന്നിവ താഴെയായി നൽകിയിരിക്കുന്നു.

ടിപ്സ്റ്റർ മിസ്റ്ററി ലുപിൻ ട്വിറ്ററിലൂടെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മോട്ടോ ജി45 5ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടാകുക. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് റീഡർ, ഫേസ് അൺലോക്ക്, വാട്ടർ റെസിസ്റ്റൻസ്, ബോക്‌സിന് പുറത്ത് ടെമ്പർഡ് ഗ്ലാസ്, ബിൽറ്റ്-ഇൻ സെക്യൂരിറ്റി സ്കാൻ ഫീച്ചർ എന്നിവയും ഇതിൽ ഉണ്ടാകുമെന്ന് ലുപിൻ പങ്കുവച്ച ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
15000 രൂപയിൽ താഴെ വിലയിലാകും മോട്ടോ ജി45 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക എന്നാണ് വിവിധ റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. സ്നാപ്ഡ്രാഗൺ 695ചിപ്സെറ്റിൽ എത്തിയ മോട്ടോ ജി34 ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിക്കപ്പെട്ടപ്പോൾ അടിസ്ഥാന മോഡൽ 10999 രൂപയായിരുന്നു. അതിനെക്കാൾ കൂടുതൽ കരുത്തുള്ള സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്സെറ്റ് അവതരിപ്പിക്കുന്ന ജി45 5ജിക്ക് വില അൽപ്പം കൂടിയേക്കാമെങ്കിലും 15000 കവിയില്ലെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








