മോട്ടോ ജി സീരീസിൽ ലോഞ്ചോട് ലോഞ്ച്! മോട്ടോ G57, G57 പവർ 5G മോഡലുകൾ ലോഞ്ച് ചെയ്തു
മോട്ടറോള തങ്ങളുടെ ജി സീരീസ് പുതിയ സ്മാർട്ട്ഫോണുകളാൽ സമ്പന്നമാക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ മോട്ടോ G67 പവർ 5ജി കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ മോട്ടോ ജി 5ജി, മോട്ടോ ജി പ്ലേ 5ജി 2026 മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു. ജി സീരീസിന് പുറമേ എഡ്ജ് സീരീസിൽ മോട്ടറോള എഡ്ജ് 70 മോഡലും കമ്പനി ഇതേദിവസം തന്നെ ലോഞ്ച് ചെയ്തു. എന്നാൽ അവിടംകൊണ്ടൊന്നും പുതിയ മോട്ടറോള സ്മാർട്ട്ഫോണുകളുടെ വരവ് നിന്നില്ല. ഇവയ്ക്ക് പുറമേ മോട്ടോ g57 (moto g57), g57 പവർ (moto g57 Power) മോഡലുകളും ലോഞ്ച് ചെയ്തിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഏതാണ്ട് ആറ് സ്മാർട്ട്ഫോണുകളാണ് കഴിഞ്ഞ ദിവസം മാത്രം വിവിധ വിപണികളിലായി മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ട മോട്ടോ ജി57, ജി57 പവർ 5ജി മോഡലുകളുടെ ഫീച്ചറുകളും വിലയും ഇവിടെ പരിചയപ്പെടാം. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 മൊബൈൽ പ്ലാറ്റ്‌ഫോം കരുത്തിൽ അവതരിപ്പിക്കപ്പെടുന്ന ആദ്യ സ്മാർട്ട്ഫോണുകളിൽപ്പെടുന്നതാണ് ഇവ.

മോട്ടോ ജി57, മോട്ടോ ജി57 പവർ 5ജി എന്നിവ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത് ബാറ്ററി ശേഷിയുടെ കാര്യത്തിലാണ്. മറ്റ് ഫീച്ചറുകളെല്ലാം ഇരുമോഡലുകളിലും സമാനമാണ്. മോട്ടോ g57 ന് 5200mAh ബാറ്ററിയും g57 പവറിന് 7000mAh സിലിക്കൺ-കാർബൺ ബാറ്ററിയുമാണ് ഉള്ളത്. 30W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇരുഫോണുകളും എത്തിയിരിക്കുന്നത്.
മോട്ടോ g57, g57 പവർ മോഡലുകളുടെ ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇവയിലുള്ളത്. ഇത് 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു. ഒക്ട കോർ (2.4GHz+4x A55 at 1.8GHz ക്രയോ സിപിയുകൾ) സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഇവയുടെ കരുത്ത്.

അഡ്രിനോ ജിപിയു, 8GB LPDDR4x റാം, 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇവയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ- വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഇരുമോഡലുകളിലും ഉള്ളത്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ജി57, ജി57 പവർ 5ജി മോഡലുകളിൽ ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP64 റേറ്റിങ്സ്, MIL-STD 810H സർട്ടിഫിക്കേഷൻ എന്നിവയും ഇവയിലുണ്ട്.
ഡ്യുവൽ സിം (1 നാനോ സിം + 1 eSIM), 5G, 4G VoLTE, Wi-Fi 6 802.11 ac, ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഇവയിലുണ്ട്. ബാറ്ററികളുടെ കാര്യമെടുത്താൽ മോട്ടോ ജി57 5ജിയിൽ 30W ടർബോ ചാർജിംഗുള്ള 5200mAh ബാറ്ററിയും ജി57 പവർ 5ജിയിൽ അതേ ഫാസ്റ്റ് ചാർജിങ് സഹിതം 7000mAh ബാറ്ററിയുമാണ് ഉള്ളത്.

വില
മോട്ടോ g57 5ജിയുടെ വില 249 യൂറോ (ഏകദേശം 25,345 രൂപ) ആണ്. ഇത് ഇപ്പോൾ മിഡിൽ ഈസ്റ്റിൽ വാങ്ങാൻ ലഭ്യമാണ്. മോട്ടോ ജി57 പവറിന് 279 യൂറോ (ഏകദേശം 28,395 രൂപ) ആണ് വില. ഇത് ഇപ്പോൾ യൂറോപ്പിൽ ലഭ്യമാണ്.


Click it and Unblock the Notifications








