ഒന്നാം തീയതി ശുഭാരംഭം! വമ്പൻ 'പടക്കോപ്പുമായി' മോട്ടോ ജി84 5ജി ഇന്ത്യയിലേക്ക്!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ 5ജി സ്മാർട്ട്ഫോണുമായി ശുഭാരംഭം കുറിക്കാനൊരുങ്ങി മോട്ടോറോള. തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണായ മോട്ടോ ജി84 5ജി സെപ്റ്റംബർ 1 ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിന് മുന്നോടിയായി G84 5Gയുടെ ചില ഫീച്ചറുകളും സ്ഥിരീകരിച്ചു.
മിഡ്‌നൈറ്റ് ബ്ലൂ, വിവ മജന്ത, മാർഷ്മാലോ ബ്ലൂ എന്നിവയുൾപ്പെടെ മൂന്ന് കളർ വേരിയന്റുകളിലാണ് ഈ 5ജി ഫോൺ മോട്ടറോള അവതരിപ്പിക്കുക. പിൻ പാനലിൽ രണ്ട് വലിയ കട്ട്ഔട്ടുകൾക്കുള്ളിൽ ഡ്യുവൽ ക്യാമറ സജ്ജീകരണവും ഹോൾ-പഞ്ച് കട്ട്ഔട്ടിൽ സെൽഫി ക്യാമറയും പായ്ക്ക് ചെയ്തുകൊണ്ടാണ് മോട്ടോ ജി84 5ജിയുടെ വരവ്.

മോട്ടോ ജി84 5ജിയുടെ പ്രധാന സവിശേഷതകൾ: ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് മോട്ടറോള ഈ സ്മാർട്ട്ഫോൺ തയാറാക്കിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിലെ ഫീച്ചറുകളെല്ലാം ഏറെ മികച്ചതുമാണ്. 120Hz 6.5 ഇഞ്ച് pOLE ഡിസ്‌പ്ലേയാണ് ഇതിലുണ്ടാകുകയെന്ന് സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളുടെ കൂട്ടത്തിലുണ്ട്. ഏറ്റവും പുതിയ ഫ്ലിപ്പ് ഫോണിൽ ഉൾപ്പെടെ തങ്ങളുടെ ഒന്നിലധികം സ്മാർട്ട്‌ഫോണുകളിൽ മോട്ടോ pOLE പാനലുകൾ ഉപയോഗിച്ചിട്ടുണ്ട്.
ഇപ്പോൾ പല സ്മാർട്ട്ഫോണുകളിലും കാണുന്ന അമോലെഡ് ഡിസ്പ്ലേയ്ക്ക് സമാനമായി pOLE ഡിസ്‌പ്ലേയും മികച്ച കാഴ്ചാനുഭം സമ്മാനിക്കുമെങ്കിലും അടിസ്ഥാന ഘടകങ്ങളിൽ മാറ്റമുണ്ട്. മോട്ടോ ജി84 5ജി ഡിസ്പ്ലേ 1300 നിറ്റ് പീക്ക് ബ്രൈറ്റ്നസും HRD10 പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മെമ്മറി, സ്റ്റോറേജ് എന്നിവയുടെ കാര്യമെടുത്താൽ, 256GB വരെ ഇന്റേണൽ സ്റ്റോറേജും 12GB റാമും ഈമോഡലിൽ ലഭ്യമാണ്.
ക്വാൽക്കോം SM6375 സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റ് അടിസ്ഥാനമാക്കിയാകും ഈ മോട്ടോഫോൺ പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ മോട്ടോ G82 5G, ഈ വർഷമാദ്യം ലോഞ്ച് ചെയ്ത മോട്ടോ G73 5G എന്നിവയെക്കാളും അപ്‌ഗ്രേഡ് ചെയ്ത മോഡൽ ആയിരിക്കും ഈ ഹാൻഡ്‌സെറ്റ്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ മോട്ടോ 5ജി ഫോൺ എത്തുന്നത്. ഒഐഎസ് പിന്തുണ ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്നതാണ് ഇതിലെ ബായ്ക്ക് ക്യാമറ സജ്ജീകരണം. 16 എംപിയുടേത് ആണ് സെൽഫി ക്യാമറ.
ആൻഡ്രോയിഡ് 13-ൽ ആണ് ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 14 കൂടാതെ മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. മറ്റ് പല മോട്ടറോള ഫോണുകളിലും ഉള്ളതിന് സമാനമായി, ഈ മോഡലിലെ സ്പീക്കറുകൾക്കും ഡോൾബി അറ്റ്‌മോസ് പിന്തുണയുണ്ട്. കൂടാതെ "മോട്ടോ സ്പേഷ്യൽ സൗണ്ട്" പിന്തുണയും ഉണ്ട്.

മോട്ടോ കണക്ട് ഉൾപ്പെടെയുള്ള ചില സ്ഥിരം ആപ്പുകളും ഫീച്ചറുകളും ഫോൺ ബണ്ടിൽ ചെയ്യും. ഓൺലൈനിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ThinkShield പരിരക്ഷയുമുണ്ട്. 30W വയർഡ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000mAh ബാറ്ററിയാണ് മോട്ടോ ജി84 5ജിയിൽ ഉണ്ടാകുക. പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കുള്ള IP54 റേറ്റിങ്ങോടെയാണ് ഈ ഫോൺ എത്തുക.
പല ഫീച്ചറുകളും ഇതിനകം സ്ഥിരീകരിക്കപ്പെട്ടെങ്കിലും ഈ ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും സസ്പെൻസ് ആയി തുടരുകയാണ്. സാധാരണയായി, മോട്ടറോളയുടെ G-സീരീസ് ഇന്ത്യയിൽ 20,000 രൂപയിൽ താഴെ വിലയിലാണ് എത്താറുള്ളത്. മോട്ടോ G84 5ജിയും ആ പാരമ്പര്യം പിന്തുടരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എങ്കിലും, മോട്ടോ ജി84 5ജിയുടെ ഉയർന്ന വേരിയന്റിന്റെ വില 20,000 രൂപയ്ക്ക് അപ്പുറം പോയേക്കാം. ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ റെഡ്മി നോട്ട് 12 സീരീസ്, റിയൽമിയുടെ റിയൽമി 11 പ്രോ സീരീസ് എന്നിവയോടാകും മോട്ടോ ജി84 5ജി മത്സരിക്കുക. എന്തായാലും മാന്യമായ വിലയിലാകും ഈ 5ജി ഫോൺ എത്തുക എന്ന പ്രതീക്ഷയിലാണ് മോട്ടോ ആരാധകർ.


Click it and Unblock the Notifications








