ചൈനയെ കൊതിപ്പിച്ച സ്മാർട്ട്ഫോൺ ഇനി ഇന്ത്യക്കും സ്വന്തം! മോട്ടോ G85 5G ചില്ലറക്കാരനല്ല
മോട്ടറോള ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ജൂലൈ 10ന് മോട്ടോ ജി85 5ജി (moto g85 5G) എന്ന ജി സീരീസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു. ഇതിന്റെ ടീസർ ഫ്ലിപ്പ്കാർട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. അതിനാൽ മോട്ടറോളയുടെ വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും എന്ന കാര്യവും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. മിഡ് റേഞ്ച് സെഗ്മെന്റിൽ ആയിരിക്കും മോട്ടോ ജി85 5ജി ലോഞ്ച് ചെയ്യുക. കോബാൾട്ട് ബ്ലൂ, അർബൻ ഗ്രേ, ഒലിവ് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാകും.
ഇന്ത്യയിൽ എത്തുന്നതിന് മുൻപ് മറ്റൊരു പേരിൽ ചൈനയിൽ ലോഞ്ച് ചെയ്യപ്പെടുകയും ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ഒരു ചരിത്രവും മോട്ടോ ജി85 5ജിക്ക് ഉണ്ട്. ചൈനയിൽ മോട്ടോ S50 നിയോ എന്ന പേരിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിലേക്ക് ജി85 5ജി എന്ന പേരിൽ ജൂലൈ 10ന് എത്തുന്നത്.

ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട മോട്ടോ S50 നിയോ 4 വർഷ വാറന്റി വാഗ്ദാനം ചെയ്തിരുന്നു. ഇത്രയും ദൈർഘ്യമുള്ള വാറന്റി നൽകുന്ന ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ എന്ന നിലയ്ക്ക് മോട്ടോ S50 നിയോയുടെ പ്രശസ്തി ലോകമെമ്പാടുമുള്ള മൊബൈൽ വിപണികളിൽ എത്തി. Meizu ൻ്റെ 20, 21 സീരീസ് പ്രത്യേക പ്രമോഷനായി 3 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തതാണ് ഇതിന് മുൻപുണ്ടായിരുന്ന വാറന്റി റെക്കോഡ്.
മോട്ടോ S50 നിയോയിലെ അതേ ഫീച്ചറുകളുമായി മോട്ടോ ജി85 5ജി എന്ന പേരിൽ ഇന്ത്യ അടക്കമുള്ള മറ്റ് വിപണികളിലേക്ക് എത്തുമ്പോൾ വാറന്റിയുടെ കാര്യം മാത്രം ചൈനീസ് മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇന്ത്യയിൽ മോട്ടോ ജി85 5ജി 4 വർഷ വാറന്റി നൽകാൻ സാധ്യതയില്ല. എങ്കിലും മറ്റ് ഫീച്ചറുകളുടെ ബലത്തിൽ മിഡ് റേഞ്ച് സെഗ്മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഈ ഫോണിന് കഴിഞ്ഞേക്കും.

മോട്ടോ ജി85 5ജിയിലെ പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB + 128GB, 12GB + 256GB എന്നീ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP52 റേറ്റിങ്ങോടെയാണ് ഈ ഫോൺ എത്തുക.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് മോട്ടോ ജി85 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വീഗൻ ലെതർ ഫിനിഷ് പിന്തുണയോടെയാണ് ഈ മോട്ടറോള ഫോൺ ഇന്ത്യയിൽ എത്തുകയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
മോട്ടോ ജി85 5ജിയുടെ മറ്റ് ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇതിനകം ലോഞ്ച് ചെയ്ത മോഡൽ ആയതിനാൽ ഈ ഫോണിൽ ഉണ്ടാകാവുന്ന ഫീച്ചറുകൾ എന്തൊക്കെയാണ് എന്നത് വ്യക്തമാണ്. 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) ആണ് ഇതിലുള്ളത്. സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറും ഉണ്ട്.

LPDDR4x റാം, UFS 2.2 സ്റ്റോറേജ്, 13 5G ബാൻഡുകളുടെ പിന്തുണ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, ഉൾപ്പെടെയുള്ള കണ്ക്ടിവിറ്റി ഓപ്ഷനുകൾ, 30W ടർബോചാർജിംഗോടുകൂടിയ 5000mAh ബാറ്ററി എന്നിവയെല്ലാം ഇതിൽ ഉണ്ടാകും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി85 5ജിയിൽ നൽകിയിരിക്കുന്നത്. അതിൽ OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP 118° അൾട്രാ വൈഡ് /മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയും ഉണ്ട്.


Click it and Unblock the Notifications








