ഒരു മോട്ടറോള സംഭവം! 4 വർഷ വാറന്റിയോടെ എത്തുന്ന ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ റെഡി
സ്മാർട്ട്ഫോണുകളുടെ ആയുസിന്റെ പുസ്തകത്തിൽ പുതിയ ചരിത്ര അധ്യായം കുറിക്കാൻ മോട്ടറോള റെഡിയായിരിക്കുന്നു. 4 വർഷ വാറന്റി വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി മോട്ടോ S50 നിയോ (Moto S50 Neo) ജൂൺ 25ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. മോട്ടറോള റേസർ 50 (Motorola Razr 50), മോട്ടറോള റേസർ 50 അൾട്ര (Motorola Razr 50 Ultra), മോട്ടോ എസ്50 നിയോ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ജൂൺ 25ന് നടക്കുന്ന ഇവന്റിൽ ലെനോവോ അവതരിപ്പിക്കുക. അതിൽ എസ്50 നിയോ ആണ് ഈ പറഞ്ഞ പ്രത്യേകതയുമായി എത്തുന്നത്.
മോട്ടോ S50 നിയോയുടെ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട പ്രമോഷനിൽ 4 വർഷ വാറന്റിയുടെ കാര്യം മോട്ടറോള സ്ഥിരീകരിക്കുന്നുണ്ട്. ഒരു വർഷത്തെ നോർമൽ വാറന്റിയും മൂന്ന് വർഷത്തെ കോംപ്ലിമെന്ററി വാറന്റിയും അടങ്ങുന്നതാണ് ഈ 4 വർഷ വാറന്റി എന്ന് കമ്പനി പ്രമോഷൻ പോസ്റ്റിൽ വ്യക്തമാക്കുന്നു.

ചൈനയിൽ മോട്ടോ S50 നിയോ എന്ന പേരിൽ പുറത്തിറങ്ങുന്ന ഈ സ്മാർട്ട്ഫോൺ പിന്നീട് ഇന്ത്യ അടക്കമുള്ള ആഗോള വിപണികളിലേക്ക് മോട്ടോ ജി85 എന്ന പേരിലാണ് ലോഞ്ച് ചെയ്യുകയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഒരു സ്മാർട്ട്ഫോണിന് 4 വർഷത്തെ വാറന്റി ലഭിക്കുക എന്നത് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഏറെ സ്വാഗതാർഹമായ പ്രഖ്യാപനമാണ്.
ഇപ്പോൾ ലോഞ്ച് ചെയ്യപ്പെടുന്ന സ്മാർട്ട്ഫോണുകൾ പൊതുവേ ഒരു വർഷ വാറന്റിയിലാണ് എത്തുന്നത്. മുമ്പ്, ഷവോമി, വൺപ്ലസ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ ചില മോഡലുകളിൽ 2 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ Meizu ൻ്റെ 20, 21 സീരീസ് പ്രത്യേക പ്രമോഷനായി 3 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ ഒരു സ്മാർട്ട്ഫോണിന് 4 വർഷത്തെ വാറന്റി ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. അതിനാൽത്തന്നെ മോട്ടറോള പുതിയ മോട്ടോ എസ് 50 നിയോയിലൂടെ സ്മാർട്ട്ഫോണുകളുടെ ആയുസിന്റെ പുസ്തകത്തിൽ പുതിയ അധ്യായമാണ് എഴുതിച്ചേർക്കാൻ പോകുന്നത്. മോട്ടോ എസ് 50 നിയോയുടെ എക്സ്റ്റന്റഡ് വാറന്റി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.
അതേപോലെ ആഗോള തലത്തിൽ G85 എന്ന പേരിൽ എത്തുമ്പോൾ ഈ ഫോണിൽ 4 വർഷ വാറന്റി തുടരുമോ എന്നകാര്യം ഇപ്പോൾ വ്യക്തമല്ല. മോട്ടോ S50 നിയോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് OLED കർവ്ഡ് എഡ്ജ് സ്‌ക്രീൻ, FHD + റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ടാകും.
സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറാണ് മോട്ടോ എസ്50 നിയോ വാഗ്ദാനം ചെയ്യുക. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത് എന്നാണ് റിപ്പോർട്ട്. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ചിപ്സെറ്റിന് പിന്തുണയുമായി 8/ 12GB റാമും 1TB വരെ സ്‌റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യും.

50എംപി മെയിൻ ക്യാമറ, 8എംപി സെക്കൻഡറി ക്യാമറ, 32എംപി ഫ്രണ്ട് ക്യാമറ എന്നിവ ഇതിൽ ഉണ്ടാകും എന്ന് ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമായുള്ള ഒഎസിൽ ആയിരിക്കും പ്രവർത്തനം. 33W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി ഈ ഫോണിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








