'യൂറോപ്പിൽ' നിന്നൊരു കിടിലൻ 5ജി ഫോൺ ഇന്ത്യയിലേക്ക് വരുന്നു; പേര് കേട്ടാൽ അറിയും, വില എത്തിയിട്ടുണ്ട്
ജന്മംകൊണ്ട് അമേരിക്കൻ കമ്പനിയും കർമം കൊണ്ട് ചൈനീസ് കമ്പനിയുമാണ് മോട്ടറോള(Motorola) എന്ന് പറയാം. കാരണം അമേരിക്ക ആസ്ഥാനമായി പ്രവർത്തിച്ചുവന്ന മോട്ടറോളയുടെ മൊബൈൽ നിർമാണ വിഭാഗത്തെ 2014 ൽ ചൈനീസ് കമ്പനിയായ ലെനോവോ ഏറ്റെടുക്കുകയുണ്ടായി. ഇന്നും തനത് ബ്രാൻഡ് വാല്യൂ നിലനിർത്തി മുന്നോട്ട് പോകാൻ മോട്ടറോളയ്ക്ക് കഴിയുന്നുണ്ട്.
മികച്ച ഫീച്ചറുകളുമായി നിരവധി മോട്ടറോള സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ പുറത്തിറങ്ങിയ ഒരു കിടിലൻ 5ജി ഫോൺ ഇന്ത്യയിലേക്ക് എത്തുകയാണ്. ഏതാനും നാൾ മുൻപ് യൂറോപ്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുറത്തിറങ്ങിയ മോട്ടറോള എഡ്ജ് 40 നിയോ ആണ്, അവിടെനിന്ന് ഇപ്പോൾ ഇന്ത്യയിലേക്ക് എത്താനൊരുങ്ങി നിൽക്കുന്നത്.

ഇതിനകം യൂറോപ്പിൽ പുറത്തിറങ്ങിയ ഫോൺ ആയതിനാൽ മോട്ടറോള എഡ്ജ് 40 നിയോ 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം ലഭ്യമാണ്. ഇന്ത്യയിലേക്ക് എത്തുമ്പോൾ ഈ 5ജി ഫോണിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് വിലയിരുത്തൽ. വില മാത്രമാണ് മാറ്റമുണ്ടാകുന്ന ഒരു ഘടകം എന്നാണ് പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബർ 21 ന് മോട്ടറോള എഡ്ജ് 40 നിയോ 5ജി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ലോഞ്ച് ചെയ്യും എന്നകാര്യം ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഫീച്ചറുകൾ ഇതിനകം തന്നെ ലഭ്യമായതിനാൽ ഈ 5ജി ഫോൺ എന്ത് വിലയിലാകും ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നുനിന്നിരുന്നത്. എന്നാൽ ആ ചോദ്യത്തിനും ഇപ്പോൾ ഒരു ഉത്തരമായിരിക്കുകയാണ്.
കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല എങ്കിൽക്കൂടിയും മോട്ടറോള എഡ്ജ് 40 നിയോ 5ജിയുടെ വില ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ടിപ്സ്റ്റർ അഭിഷേക് യാദവ് ആണ് ട്വിറ്ററിലൂടെ ഈ മോട്ടറോള 5ജി ഫോണിന്റെ ഇന്ത്യയിലെ വില വെളിപ്പെടുത്തിയിരിക്കുന്നത്. മോട്ടറോള എഡ്ജ് 40 നിയോ 128 ജിബി സ്റ്റോറേജ് മോഡൽ ഇന്ത്യയിൽ 24,999 രൂപയ്ക്ക് ലോഞ്ച് ചെയ്യുമെന്നാണ് അഭിഷേകിന്റെ അവകാശവാദം.
ഫ്ലിപ്പ്കാർട്ട് വഴിയാണ് മോട്ടറോള എഡ്ജ് 40 നിയോ ഇന്ത്യയിൽ ലഭ്യമാകുക. ഇതിന്റെ ടീസറുകൾ ഇതിനകം ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉടൻ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഈ 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. 144Hz റിഫ്രഷ് റ്റേറും 409ppi പിക്‌സൽ സാന്ദ്രതയുമുള്ള 6.55-ഇഞ്ച് പോൾഇഡ് 10-ബിറ്റ് പോൾഇഡ് സ്‌ക്രീൻ ആണ് ഇതിലുള്ളത്.
ഡിസ്പ്ലേയുടെ മുകളിലെ മധ്യഭാഗത്ത് ഒരു പഞ്ച്-ഹോൾ കട്ട് ഔട്ടും ഒരു കർവ്ഡ് ഡിസ്പ്ലേ ഡിസൈനും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. പിൻ പാനലിന് ലെതർ ഫിനിഷുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7030 പ്രൊസസറാണ് മോട്ടോ എഡ്ജ് 40 നിയോയുടെ കരുത്ത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ആൻഡ്രോയിഡ് 13 ൽ ആണ് എത്തുന്നത് എങ്കിലും രണ്ട് ഒഎസ് അപ്ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ആൻഡ്രോയിഡ് 14, ആൻഡ്രോയിഡ് 15 എന്നിവയുടെ പിന്തുണയും ഭാവിയിൽ ഈ ഫോണിന് ലഭ്യമാകുമെന്ന് ഉറപ്പിക്കപ്പെട്ടിരിക്കുന്നു. മറ്റ് മോട്ടറോള സ്‌മാർട്ട്‌ഫോണുകൾ പോലെ തന്നെ സ്റ്റോക്ക് ആൻഡ്രോയിഡ് ഇന്റർഫേസുമായി ഈ ഹാൻഡ്‌സെറ്റ് എത്തുന്നു.
ക്യാമറയുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ എഡ്ജ് 40 നിയോയിൽ ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും ഡെപ്ത്, മാക്രോ മോഡുകൾ പിന്തുണയ്ക്കുന്ന 13-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസസുമാണ് ഇവ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
68W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ മോട്ടോഫോൺ വാഗ്ദാനം ചെയ്യുക. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിങ് കരുത്തിലാണ് ഈ ഫോണെത്തുന്നത്. ഡോൾബി അറ്റ്‌മോസ് ഓഡിയോ, മോട്ടോ സ്പേഷ്യൽ സൗണ്ട് എന്നിവയുള്ള സ്റ്റീരിയോ സ്പീക്കറുകളും പുതിയ മോട്ടോ ഫോണിലുണ്ട്.


Click it and Unblock the Notifications








