മോട്ടറോള എഡ്ജ് 40 നിയോ: 5ജി ഫോണുകളിലെ പുതിയ അവതാരം! ഫീച്ചറുകൾ ഉഗ്രൻ, പ്രത്യേക ഓഫർവില 20,999 രൂപ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റി മോട്ടറോളയുടെ പുതിയ 5ജി ഫോൺ വിപണിയിലെത്തി. 144Hz റിഫ്രഷ് റേറ്റും ഡിമെൻസിറ്റി 7030 പ്രോസസറും 12GB വരെ റാം, 256GB ഇന്റേണൽ സ്റ്റോറേജ് ഉൾപ്പെടെ കിടിലൻ ഫീച്ചറുകളുമായി പുതിയ മോട്ടറോള എഡ്ജ് 40 നിയോ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
25000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിലാണ് മോട്ടറോള എഡ്ജ് 40 നിയോ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ വർഷം മേയിൽ പുറത്തിറക്കിയ മോട്ടറോള എഡ്ജ് 40 ന്റെ ലൈറ്റ് വേർഷനാണിത്. സെപ്തംബർ 14 ന് മോട്ടറോള എഡ്ജ് 40 നിയോ യൂറോപ്പിൽ ലോഞ്ച് ചെയ്തിരുന്നു.

യൂറോപ്പിൽ ലോഞ്ച് ചെയ്തതു മുതൽ ഈ ഫോണിന്റെ ഇന്ത്യയിലേക്കുള്ള വരവിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ആ പ്രതീക്ഷകൾ നിറവേറ്റിക്കൊണ്ട് ആകർഷകമായ ഫീച്ചറുകളുള്ള മോട്ടോ എഡ്ജ് 40 നിയോ മാന്യമായ നിരക്കിലാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ എഡ്ജ് 40 നിയോയുടെ അടിസ്ഥാന വേരിയന്റിന് 23,999 രൂപയാണ് വില.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോട്ടോ എഡ്ജ് 40 നിയോയുടെ വില 25,999 രൂപയായി നിശ്ചയിച്ചിരിക്കുന്നു. എന്നാൽ വരാൻ പോകുന്ന ഉത്സവ സീസൺ കണക്കിലെടുത്തും ലോഞ്ചിനോട് അനുബന്ധിച്ചും പ്രത്യേക ഓഫർ വിലയിൽ ഈ ഫോൺ ലഭ്യമാകും. അതിനാൽ അടിസ്ഥാന വേരിയന്റ് 20,999 രൂപയ്ക്കും ഹൈവേരിയന്റ് 22,999 രൂപയ്ക്കും ഇപ്പോൾ വാങ്ങാൻ സാധിക്കും.
പരിമിത കാലത്തേക്ക് മാത്രമാണ് കമ്പനി ഈ വിലയിൽ മോട്ടോ എഡ്ജ് 40 നിയോ വിൽക്കുക. ഫ്ലിപ്പ്കാർട്ട്, Motorola.in, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സെപ്റ്റംബർ 28 ന് വൈകുന്നേരം 7 മണി മുതൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് 1000 രൂപ വരെ പ്രത്യേക ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകും.
മോട്ടോ എഡ്ജ് 40 നിയോ സ്പെസിഫിക്കേഷനുകൾ: 144Hz വരെ റിഫ്രഷ് റേറ്റും 10-ബിറ്റ് ബില്യൺ കളർ പിന്തുണയും ഉള്ള 6.55 ഇഞ്ച് pOLED കർവ്ഡ് ഡിസ്പ്ലേയാണ് മോട്ടറോള എഡ്ജ് 40 നിയോയിലുള്ളത്. 1,300 നിറ്റ് വരെ പീറ്റ് ബ്രൈറ്റ്നസ് ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7030 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മോട്ടോ എഡ്ജ് 40 നിയോ എത്തുന്നു. ആൻഡ്രോയിഡ് 13 ഔട്ട് ദി ബോക്‌സിൽ പ്രവർത്തിക്കുന്ന ഫോൺ 2 ഒഎസ് അപ്‌ഗ്രേഡുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ മോട്ടറോള 5ജി ഫോണിലുള്ളത്. ഒഐഎസ് പിന്തുണയുള്ള 50 എംപി അൾട്രാ പിക്സൽ നൈറ്റ് വിഷൻ പ്രൈമറി ക്യാമറയും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ ക്യാമറ സജ്ജീകരണം. സെൽഫിക്കായി ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു. 15 മിനിറ്റിനുള്ളിൽ ഇത് 50 ശതമാനം ചാർജിൽ എത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. 14 5G ബാൻഡുകളെ ഫോൺ പിന്തുണയ്ക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. IP68 പ്രൊട്ടക്ഷൻ റേറ്റിംഗുള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ 5G ഫോണാണിതെന്ന് മോട്ടറോള പറയുന്നു.

172 ഗ്രാം ഭാരവും 7.79 എംഎം കനവുമാണ് ഫോണിനുള്ളത്. കനീൽ ബേ, സോത്തിംഗ് സീ, ബ്ലാക്ക് ബ്യൂട്ടി എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. കനീൽ ബേയും സോത്തിംഗ് സീയും വെഗൻ ലെതർ ഫിനിഷിൽ ലഭ്യമാണ്, ബ്ലാക്ക് ബ്യൂട്ടി അക്രിലിക് ഗ്ലാസ് ഫിനിഷോടെയാണ് വരുന്നത്.
USB ടൈപ്പ്-സി പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, NFC, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, Wi-Fi 6E തുടങ്ങിയ ഫീച്ചറുകളും മോട്ടോ എഡ്ജ് 40 നിയോയിലുണ്ട്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഫോൺ 20,999 രൂപ, 22,999 രൂപ നിരക്കുകളിൽ ലഭ്യമാകുക എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കണം.


Click it and Unblock the Notifications