നിറം പ്രശ്നമുള്ളവർ വാങ്ങേണ്ട, മനുഷ്യന്മാർക്ക് വാങ്ങാൻ നല്ല കിടിലൻ എഡ്ജ് 50 പ്രോയുമായി മോട്ടറോള
വിഷചിന്തകൾ നിറഞ്ഞ ഒരു മനസിന്റെ ഉടമയിൽ നിന്ന് വന്ന വെറുപ്പുളവാക്കുന്ന വാക്കുകളെ അവജ്ഞയോടെ ചവറ്റുകുട്ടയിലേക്ക് തള്ളി മലയാളികൾ രംഗത്ത് വന്നിരിക്കുന്ന ഒരു സമയമാണിത്. നിറം സംബന്ധിച്ച ചർച്ചകളും ഐക്യദാർഢ്യപ്പെടലുകളും നിറത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ച് കാണുന്നതിനെതിരേയുള്ള ട്രോളുകളുമൊക്കെയായി സാമൂഹികമാധ്യമങ്ങളിൽ നിറം എന്നത് കത്തിനിൽക്കുകയാണ്.
ഈ ഘട്ടത്തിൽത്തന്നെ നിറത്തിന് ഏറെ പ്രാധാന്യവുമായി ഒരു മോട്ടറോള സ്മാർട്ട്ഫോൺ എത്താൻ പോകുന്നു എന്ന വാർത്തയും എത്തിയിരിക്കുന്നു. മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി എഡ്ജ് 50 പ്രോ (motorola edge 50 Pro) സ്മാർട്ട്‌ഫോൺ ഏപ്രിൽ 3 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മോട്ടോറോള സ്ഥിരീകരിച്ചു.

ഇൻ്റലിജൻസ് മീറ്റ്സ് ആർട്ട് എന്ന ടാഗ് ലൈനുമായാണ് മോട്ടറോള എഡ്ജ് 50 പ്രോ കമ്പനി അവതരിപ്പിക്കുന്നത്. യഥാർത്ഥ നിറങ്ങൾ നാം ഉദ്ദേശിച്ചത് പോലെ പകർത്തുന്ന ലോകത്തിലെ ആദ്യത്തെ പാൻ്റോൺ സാധുതയുള്ള ക്യാമറ യൂണിറ്റുമായാണ് മോട്ടോറോള എഡ്ജ് 50 പ്രോ എത്തുന്നത് എന്ന് കമ്പനി പറയുന്നു.
കൂടാതെ മൂന്ന് പാൻ്റോൺ ക്യൂറേറ്റഡ് നിറങ്ങളിൽ ആണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുകയെന്നും ചില ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. മോട്ടോറോള ഇന്ത്യ എഡ്ജ് 50 പ്രോ സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫോണിൻ്റെ ഡിസൈനും ചില ഫീച്ചറുകളും സ്ഥിരീകരിക്കുന്ന ടീസറും എത്തിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് മോട്ടറോള എഡ്ജ് 50 പ്രോ 5ജി എത്തുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുപാട് മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആയിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനറേറ്റീവ് AI തീമിംഗുമായി അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ടെന്ന് കമ്പനി പറയുന്നു.
മോട്ടോറോള എഡ്ജ് 50 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് 1.5K കർവ്ഡ് pOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയോടെയാകും ഈ മോട്ടറോള സ്മാർട്ട്ഫോൺ എത്തുക.
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ കിടിലൻ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള എഡ്ജ് 50 പ്രോയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ 50എംപി മെയിൻ ക്യാമറ, മാക്രോ ഓപ്‌ഷനോടുകൂടിയ 13എംപി അൾട്രാ വൈഡ് ക്യാമറ,
50x ഹൈബ്രിഡ് സൂം ഉള്ള 10എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു.

എഐ അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ഓട്ടോഫോക്കസ് ട്രാക്കിംഗ്, എഐ ഫോട്ടോ എൻഹാൻസ്‌മെൻ്റ് എഞ്ചിൻ, ടിൽറ്റ് മോഡ് തുടങ്ങിയ ക്യാമറ ഫീച്ചറുകൾ മോട്ടറോള എഡ്ജ് 50 പ്രോയുടെ റിയർ ക്യാമറ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു. 50 എംപി ഓട്ടോ ഫോക്കസ് സെൽഫി ഷൂട്ടറും ഇതിൽ ഉണ്ടാകുമെന്നാണ് സൂചന.
IP68 റേറ്റിങ്, 125W വയർഡ് ചാർജിംഗിനും 50W വയർലെസ് ചാർജിംഗിനും പിന്തുണയുള്ള 4,500 mAh ബാറ്ററി എന്നീ ഫീച്ചറുകളും ഈ മോട്ടറോള എഡ്ജ് 50 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് മുൻപ് പുറത്തുവന്ന ചില ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇവ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എഡ്ജ് 50 പ്രോയുടെ പ്രവർത്തനം. 3 ഒഎസ് അപ്‌ഡേറ്റുകൾ കമ്പനി ഉറപ്പുനൽകും. ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് പുറമേ ഫ്ലിപ്പ്കാർട്ടിലും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. കളർ പ്രശ്നമുള്ളവർ ഇത് വാങ്ങേണ്ടതില്ല. കളറേതായാലും ഫോൺ നന്നായാൽ മതി എന്നുള്ളവർക്ക് മോട്ടറോള എഡ്ജ് 50 പ്രോ കിടിലൻ സ്മാർട്ട്ഫോൺ ആയിരിക്കും.


Click it and Unblock the Notifications








